21 October Monday
പ്രളയബാധിത മേഖലകളിലെ ഭിന്നശേഷിക്കാര്‍ക്ക്‌ സഹായ ഉപകരണം

പുതുജീവിതത്തിലേക്കൊരു ചുവടുവയ്‌പ്പ്‌

സ്വന്തം ലേഖകൻUpdated: Tuesday Sep 3, 2019

ചക്രച്ചിറകുകൾ... പ്രളയബാധിത മേഖലകളിലെ ഭിന്നശേഷിക്കാര്‍ക്ക്‌ സഹായ ഉപകരണവിതരണം സംസ്ഥാന ഉദ്‌ഘാടനത്തിനുശേഷം കഞ്ഞിപ്പാടം മുട്ടുങ്കൽ തുരുത്തിച്ചിറ സാബുവിന്‌ മന്ത്രി കെ കെ ശൈലജ ഇലക്‌ട്രിക്‌ സ്‌കൂട്ടർ കൈമാറുന്നു

 
 
ആ​​ലപ്പുഴ
പഴയതുപോലെ തടിപ്പണിക്കുപോകണമെന്ന ചേർത്തല പള്ളിപ്പുറം ജട്ടി നികർത്തിൽ ജിനുവിന്റെ ആഗ്രഹത്തിന്‌ സർക്കാർ കരുതലിൽ സാക്ഷാത്‌കാരം. ഒരുവർഷംമുമ്പ്‌ വാഹനാപകടത്തിൽ നഷ്‌ടമായ വലതുകാലിനുപകരം മൂന്നര ലക്ഷത്തിന്റെ കൃത്രിമക്കാലാണ്‌ സാമൂഹ്യ സുരക്ഷാ മിഷനിലൂടെ സൗജന്യമായി നൽകിയത്‌. 136 കിലോവരെ ഭാരം താങ്ങാനാകുന്നതാണ്‌ കാർബൺ കോമ്പസിറ്റ്‌ മെറ്റീരിയലുകൊണ്ടുള്ള കനംകുറഞ്ഞ കാൽ. ജില്ലയിലെ 28 പേരുടെ ജീവിതത്തിലാണ്‌ പ്രളയബാധിത മേഖലയിലെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണ പദ്ധതിയിൽ പുതുതാളം തീർക്കുന്നത്‌. പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി കെ കെ ശൈലജ നിർവഹിച്ചു. പുതിയ കൃത്രിമ കൈകൾ ലഭിച്ച എസ്‌ ഹരിഹരൻ നായരും മന്ത്രിയ്‌ക്കൊപ്പം ദീപം തെളിയിച്ചു.
രണ്ടുകോടിയുടെ ഉപകരണം 
പ്രളയ ബാധിതരായ ഭിന്നശേഷിക്കാർക്ക്‌ രണ്ടുകോടി രൂപയുടെ ഉപകരണമാണ്‌ നൽകുന്നത്‌. ഇതിൽ 35 ലക്ഷം രൂപയുടെ സഹായ ഉപകരണം ആലപ്പുഴയിൽ വിതരണം ചെയ്‌തു. രോഗികളെ കിടക്കയിൽ നിന്ന്‌ വേഗത്തിൽ ഉയർത്താവുന്ന പേഷ്യന്റ്‌ ഹോയ്‌സ്‌റ്റർ,  ഇലക്‌ട്രിക്‌ സ്‌കൂട്ടർ, എട്ട്‌ പവേർഡ്‌ വീൽച്ചെയർ തുടങ്ങിയവ ഇതിലുൾപ്പെടും. ചലന ശേഷിയിൽ വെല്ലുവിളി നേരിടുന്ന ഒന്നിലധികം ആളുകളുള്ള നാല്‌ കുടുംബങ്ങൾക്ക്‌ പേഷ്യന്റ്‌ ഹോയിസ്റ്റർ നൽകി. ആലപ്പുഴ മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ വിദ്യാർഥി കൂട്ടായ്‌മയായ കാരുണ്യം പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെയാണ് ഉപകരണവിതരണം. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിസിക്കൽ മെഡിസിൻ ആൻഡ്‌ റീഹാബിലിറ്റേഷനാണ്‌ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്‌.
ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ അധ്യക്ഷനായി. സാമൂഹ്യ സുരക്ഷാ മിഷൻ ആൻഡ്‌ എൻഐപിഎംആർ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. ബി മുഹമ്മദ് അഷീൽ റിപ്പോർട്ട് അവതരിപ്പിച്ചു. മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പൽ ഡോ. എം പുഷ്‌പലത, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. എ റംല ബീവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ എം ജുനൈദ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എ അഫ്‌സത്ത്‌, ജില്ലാ പഞ്ചായത്ത് അംഗം എ ആർ കണ്ണൻ, യു എം കബീർ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ആർ വി രാംലാൽ, ഡോ. സന്തോഷ് രാഘവൻ, ഡോ. സൈറു ഫിലിപ്പ്, കോളേജ് യൂണിയൻ ചെയർമാൻ ജോസ് കുര്യൻ എന്നിവർ സംസാരിച്ചു.

 

പ്രധാന വാർത്തകൾ
 Top