25 September Friday

‘ഞങ്ങൾ മടങ്ങില്ല, കേരളം പ്രിയപ്പെട്ടത്’

എസ്‌ നന്ദകുമാർUpdated: Monday Aug 3, 2020

അംജദ്‌ തന്റെ കടയുടെ മുന്നിൽ

 
കഞ്ചിക്കോട്‌
‘ഇവിടം സ്വർഗമാണ്‌. ഞങ്ങൾ മടങ്ങിപ്പോകില്ല. കേരളം വിട്ടവരുടെ കഥ കേൾക്കുമ്പോൾ ദുരിതജീവിതത്തിലേക്കു പോകാൻ തീരെ താൽപ്പര്യമില്ല’ കഞ്ചിക്കോട്‌ വ്യവസായമേഖലയിലെ അതിഥിത്തൊഴിലാളി മഹാരാഷ്ട്ര ശിവജി നഗർ സ്വദേശി അംജദ്‌ പറയുന്നു. 
രാജ്യത്ത്‌ ലോക്ക്‌ ഡൗൺ ആരംഭിച്ചപ്പോൾ സർവ മേഖലയും നിശ്ചലമായി. എന്നാൽ അതിഥിത്തൊഴിലാളികൾക്ക്‌ സംരക്ഷണമൊരുക്കി ‌ മാതൃകയായത് സംസ്ഥാന സർക്കാരാണെന്ന്‌‌ അംജദ്‌ പറയുന്നു. കഞ്ചിക്കോട്‌ രണ്ട്‌ സ്ഥലത്താണ്‌ ക്യാമ്പൊരുക്കിയത്‌. ലോക്ക്‌ ഡൗണിൽ ഇളവ്‌ പ്രഖ്യാപിച്ചപ്പോൾ വ്യവസായ മേഖലയിൽനിന്ന്‌ ഏഴായിരത്തോളംപേർ സ്വന്തം നാടുകളിലേക്ക്‌ മടങ്ങി. അഞ്ഞൂറോളംപേർ  ഇപ്പോഴും കേരളം നൽകുന്ന സുരക്ഷിതത്വത്തിൽ‌ സന്തോഷത്തോടെ കഴിയുന്നു. 
പത്ത്‌വർഷംമുമ്പ്‌ ഭാര്യയുമായി എത്തിയ അംജദ്‌ പല ജോലികൾ ചെയ്ത്‌ കേരളത്തോട് ഏറെ‌ അടുത്തു. നാല്‌ വർഷംമുമ്പ്‌ കേരള സ്റ്റേറ്റ്‌ എയ്‌ഡ്സ്‌ കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അതിഥി ത്തൊഴിലാളികൾക്കിടയിലെ എച്ച്‌ഐവി പ്രതിരോധപ്രവർത്തനത്തിന്റെ ഫീൽഡ്‌ വർക്കറായി നിയമിതനായി. വ്യവസായമേഖലയിലെ അതിഥിത്തൊഴിലാളികൾക്കിടയിൽ നടത്തുന്ന എച്ച്‌ഐവി പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ അംജദ്‌ന്റെ സേവനം വിലപ്പെട്ടതാണെന്ന് പ്രോജക്ട്‌ മാനേജർ ഡൊമിനിക്ക്‌ എഡ്വിൻ പറയുന്നു. ഭാര്യയും മൂന്നു കുട്ടികളുമായി കഞ്ചിക്കോട്‌ സത്രപ്പടിയിലാണ്‌ താമസം‌. 
വാടകവീടിനോട്‌ചേർന്ന് ഒരു കടമുറിയും വാടകക്കെടുത്ത്‌ ചെരുപ്പ്‌കച്ചവടവുമുണ്ട്‌. മക്കൾ നൗസീൻ ബബ്ലി, ഷാഹിദ്‌ അഫ്രീദി എന്നിവർ കഞ്ചിക്കോട്‌ ഗവ. യു പി സ്‌കൂളിലാണ്‌ പഠിക്കുന്നത്‌. ഇളയകുട്ടി സന സോയ. സ്വന്തം നാടുകളിലേക്ക്‌ മടങ്ങിയവർ ജോലിയില്ലാതെ പലയിടങ്ങളിലും 100രൂപ ദിവസക്കൂലിയിൽ ജോലി ചെയ്യുന്ന സംഭവങ്ങളും പുറത്തുവന്നിരുന്നു. കേരളം വിട്ടവർക്ക് ഇവിടെ‌ ലഭിച്ച തൊഴിൽ സുരക്ഷിതത്വം സ്വന്തംനാടുകളിൽ ലഭിക്കാത്തതിനാൽ ഭൂരിഭാഗവും തിരിച്ചുവരാനുള്ള കാത്തിരിപ്പിലാണ്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top