20 September Friday

വായിച്ച്‌ വിളയാം

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019
 തിരുവനന്തപുരം 
വിദ്യാർഥികൾ കഥാപുസ്തകങ്ങളും ശാസ്‌ത്ര കൃതികളും മറ്റും തേടി ഇനി ദൂരെ പോകണ്ട. പുസ്തകങ്ങൾ ക്ലാസ്‌മുറിയിലെത്തും.  ജില്ലാ പഞ്ചായത്തിന്റെ  നേതൃത്വത്തിൽ സ്കൂളുകളിൽ ക്ലാസ്‌റും ലൈബ്രറി പദ്ധതി നടപ്പാക്കുന്നു. ഒന്നുമുതൽ 12വരെ എല്ലാ ക്ലാസുകളിലും ലൈബ്രറി ഒരുക്കും.   
 
ജില്ലാ ലൈബ്രറി കൗൺസിൽ, ത്രിതല പഞ്ചായത്ത് സമിതികൾ, ജനപ്രതിനിധികൾ, വിവിധ സർക്കാർ ഏജൻസികൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിൽ ആകെയുള്ള 900 വിദ്യാലയങ്ങളിലെ 10240 ക്ലാസ് മുറികളിലും ലൈബ്രറി  സജ്ജീകരിക്കും.
 ചെറിയ ക്ലാസുകളിൽ കുട്ടികളെ വായനയിലേക്ക്‌ ആകർഷിക്കുംവിധമുള്ള സചിത്ര കഥാപുസ്തകങ്ങളും മറ്റുമായിരിക്കും ഒരുക്കുക. മുതിർന്ന കുട്ടികൾക്കായി ബാലസാഹിത്യ, ശാസ്ത്ര, സാഹിത്യ കൃതികളും ലൈബ്രറിയിൽ ഉണ്ടാകും. 
 
പദ്ധതിയുടെ വിനിയോഗം പരിശോധിക്കും. പദ്ധതിയെപ്പറ്റി ആലോചിക്കാനും രൂപരേഖ തയ്യാറാക്കാനുമായി ജില്ലാ പഞ്ചായത്തിൽ ചേർന്ന യോഗം പ്രസിഡന്റ്‌ വി കെ മധു ഉദ്ഘാടനം ചെയ്തു.   വി രഞ്ജിത്ത്‌ അധ്യക്ഷനായി. 
 
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ രാജ്മോഹൻ, വൈസ് പ്രസിഡന്റ് എം ഷാജഹാൻ, മാനോജ് കുമാർ, നാരായണി, വി സുഭാഷ്, ബിജു, എസ് ജവാദ്, ബി ശ്രീകുമാരൻ എന്നിവർ സംസാരിച്ചു. പദ്ധതി നടത്തിപ്പിനായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും എം ഷാജഹാൻ കൺവീനറുമായ കോ–- ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.
പ്രധാന വാർത്തകൾ
 Top