08 August Saturday

6 നില കെട്ടിടം ഉയരും ജില്ലാ ആശുപത്രിക്ക്‌ 127.15 കോടി

സി അജിത്‌Updated: Friday Jul 3, 2020
 
പാലക്കാട്‌
ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന്‌ നൽകിയ 127.15 കോടി രൂപയുടെ പദ്ധതിക്ക്‌‌ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. ആശുപത്രിയെ അത്യാധുനികമാക്കുന്ന പദ്ധതി ‘കിഫ്‌ബി’വഴിയാണ്‌ നടപ്പാക്കുക. രണ്ടു ലക്ഷം ചതുരശ്ര അടിയിൽ ആറുനില കെട്ടിടം‌ ഉയരും. 
ജില്ലാ ആശുപത്രിയിലെ പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാണ്‌ കെട്ടിടം നിർമിക്കുക. മെഡിക്കൽ സ്‌പെഷ്യാലിറ്റി, സർജിക്കൽ സ്‌പെഷ്യാലിറ്റി എന്നിങ്ങനെ കെട്ടിടത്തിൽ വിപുലമായ സൗകര്യമാണുണ്ടാകുക. 
ഭൂമിക്കടിയിലും ഒരു നില പണിയും. ഇവിടെ റേഡിയോളജി വിഭാഗം‌ പ്രവർത്തിക്കും. ഗ്രൗണ്ട്‌ ഫ്‌ളോർ, ഫസ്‌റ്റ്‌ ഫ്‌ളോർ എന്നിവിടങ്ങളിൽ ഒപി പ്രവർത്തിക്കും. 
രണ്ടും മൂന്നും നിലയിൽ വാർഡും ഐസിയുവുമാണ്‌. നാലാംനിലയിൽ അഞ്ച്‌ ഓപ്പറേഷൻ തിയേറ്റർ, പോസ്‌റ്റ്‌ ഓപ്പറേഷൻ, പ്രീ–-ഓപ്പറേഷൻ എന്നിവ സജ്ജമാക്കും. 
240 കിടക്കകളുള്ള വാർഡാണ്‌ ഒരുക്കുന്നത്‌. ഐസിയു, നിരീക്ഷണ ഐസിയു (സ്‌റ്റെ പ്പ്‌ഡൗൺ ഐസിയു)എന്നിവയിൽ 48 കിടക്കകളും റിക്കവറി, പോസ്‌റ്റ്‌ ഓപ്പറേഷൻ, പ്രീ–-ഓപ്പറേഷൻ എന്നിവയിൽ 59 കിടക്കകളും ഒരുക്കും. 
പഴക്കമുള്ള 11 കെട്ടിടം പൊളിക്കും. കെട്ടിടനിർമാണത്തിന്‌ 64.11 കോടിയുടെ‌ എസ്‌റ്റിമേറ്റിനാണ്‌ അംഗീകാരം നൽകിയത്‌. അനുബന്ധപ്രവർത്തനത്തിന്‌ 4.21 കോടി, പ്ലംബിങ്‌ ജോലിക്ക്‌ 6.68 കോടി, വൈദ്യുതീകരണത്തിന്‌ 9.29 കോടി, ലിഫ്‌റ്റുകൾക്ക്‌ 2.13 കോടി, എയർ കണ്ടീഷൻ‌ 1.62 കോടി, സബ്‌ സ്‌റ്റേഷൻ ഉപകരണങ്ങൾക്ക്‌ 8.29 കോടി, വാട്ടർ ടാങ്കിന്‌ 1.08 കോടി, മറ്റ്‌ വികസന പ്രവർത്തനത്തിന്‌ 1.61 കോടി, സർവീസ്‌ കെട്ടിടത്തിന്‌ 70ലക്ഷം, മെഡിക്കൽ ഉപകരണങ്ങൾക്കും ഫർണീച്ചറിനും 27.43 കോടി എന്നിങ്ങനെയാണ്‌ വകയിരുത്തിയത്‌. 
‘ഹൈറ്റ്‌സി’നാണ്‌ നിർമാണച്ചുമതല. രണ്ടുവർഷത്തിനകം നിർമാണം പൂർത്തിയാക്കും.
 
ജില്ലയ്‌ക്ക്‌ മുതൽക്കൂട്ട്‌
ജില്ലാ ആശുപത്രിയിൽ 127.15 കോടിയുടെ വികസനം സാധ്യമാക്കിയതിലൂടെ ആരോഗ്യമേഖലയിലെ എൽഡിഎഫ്‌ സർക്കാരിന്റെ കരുതലാണ്‌ വ്യക്തമാകുന്നതെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ശാന്തകുമാരി പറഞ്ഞു. ജില്ലാ ആശുപത്രിയുടെ വികസനത്തിന്‌ നിരന്തരം ഇടപെടുന്ന ജില്ലാ പഞ്ചായത്തിന്‌ ഇത്‌ അഭിമാന മുഹൂർത്തമാണ്‌. ജില്ലയിൽ ആരോഗ്യമേഖലയ്‌ക്ക്‌ പദ്ധതി മുതൽക്കൂട്ടാകും. 
ജില്ലാ ആശുപത്രിക്ക്‌ ഇത്‌ ചരിത്ര നേട്ടമാണെന്ന്‌ സൂപ്രണ്ട്‌ കെ രമാദേവി പറഞ്ഞു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top