09 August Sunday

ജനങ്ങളെ കബളിപ്പിക്കാൻ ശ്രമം: എം വി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

തൃക്കരിപ്പൂർ

രഹസ്യമായി വഖഫ്ഭൂമി തട്ടിയെടുത്ത മുസ്ലിംലീഗ് നേതാക്കൾ സംഭവം വിവാദമായപ്പോൾ സമസ്ത പണ്ഡിതൻമാരെ പ്രതികൂട്ടിലാക്കാൻ ശ്രമിക്കുന്നു. ഫെബ്രുവരിയിൽ കച്ചവടം നടന്നിട്ടും നാല് മാസം പുറത്തറിയിക്കാതെ മൂടിവെച്ചത് ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക്‌ മറുപടി പറയാനാവാത്ത ലീഗ്‌ നേതാക്കൾ സമസ്ത നേതൃത്വമാണ്‌ അതിനുള്ള മറുപടി പറയേണ്ടതെന്ന നിലപാടാണ്‌ സ്വീകരിക്കുന്നത്‌.  ലീഗിന്റെ ജില്ലനേതൃത്വവും നേതാക്കളുടെ വെട്ടിപ്പിനെ പിന്തുണക്കുകയാണ്‌ എന്നതാണ്‌ മറ്റൊരു കാര്യം.   സ്വത്തുക്കളുടെ കാര്യത്തിൽ സൂക്ഷ്മത പുലർത്തേണ്ടത് സമസ്ത നേതാക്കളാണെന്നും  യോഗം ചേർന്നതിന്റെ വ്യാജ രേഖ ഉണ്ടാക്കിയത് ജാമിഅ സഅദിയ ഭാരവാഹികളാണെന്നുമാണ്  ലീഗ് നേതൃത്വം വിശദീകരിക്കുന്നത്. പ്രസിഡന്റ്‌ ടി കെ പൂക്കോയ തങ്ങൾ, സെക്രട്ടറി മാണിയൂർ അഹമ്മദ് മൗലവി, ട്രഷറർ ഒ ടി അഹമ്മദ് ഹാജി, നീലേശ്വരം ഖാസി മഹമൂദ് മുസ്‌ലിയാർ എന്നിവരുൾപ്പെടെയുള്ള പണ്ഡിത നേതൃത്വത്തിന്റെ തലയിൽ കുറ്റം ആരോപിച്ച് തലയൂരാനാണ് ശ്രമിക്കുന്നത്.

ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമി ട്രഷറുടെ വീട്ടിൽ വെച്ച് രഹസ്യമായി രജിസ്റ്റർ ചെയ്തത്, രേഖയിൽ നിന്ന്‌ 16000 ചതുരശ്ര അടി വലിപ്പമുള്ള കെട്ടിടം മറച്ചുവച്ചത്‌,  ഭൂമിയിലുള്ള നിസ്കാര പള്ളി അധാരത്തിൽ കാണിക്കാത്തത്, ആറ് കോടിയുടെ ഭൂമിക്ക് 30 ലക്ഷം രൂപ വില കുറച്ച് കാണിച്ചത്, സമസ്ത മുശവറയെ അറിയിക്കാത്തത്, വഖഫ് ബോർഡിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങാത്തത്എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ലീഗ്‌ നേതാക്കൾക്ക്‌ നേരെ ഉയരുന്നുണ്ട്‌.  അവയ്‌ക്ക്‌ മറുപടി പറയുന്നതിന്‌ പകരമാണ്‌   സമസ്‌ത ഭാരവാഹികൾക്ക്‌ നേരെ തിരിച്ചു വിടുന്നത്‌.   

കൈമാറിയ ഭൂമിക്ക്‌ നൽകിയതായി പറയപ്പെടുന്ന 30 ലക്ഷം രൂപയെക്കുറിച്ചും ഇതേ വരെ വ്യക്തതയില്ല. ഈ തുകക്ക് ചെക്ക് നൽകിയെന്നാണ് പറയുന്നത്. എന്നാൽ  ജാമിഅ സഅദിയയുടെ അക്കൗണ്ടിൽ തുക എത്തിട്ടില്ല. കഴിഞ്ഞ കുറച്ച് ദിവസമായി സാമൂഹ്യ മാധ്യമങ്ങളിലും മുസ്ലിംലീഗ് പ്രാദേശിക യോഗങ്ങളിലും ഉയരുന്ന പ്രതിഷേധം പണ്ഡിത നേതൃത്വത്തിനെതിരെ തിരിച്ച് വിടാനുള്ള  നീക്കത്തിനെതിരെ പ്രവാസികളുൾപ്പെടെ രംഗത്ത് വന്നിട്ടുണ്ട്.  


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top