കോട്ടയം
സമസ്ത മേഖലയിലും വിലക്കയറ്റം സൃഷ്ടിക്കുന്ന ഇന്ധനക്കൊള്ളയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ചൊവ്വാഴ്ച സംഘടിപ്പിച്ച പണിമുടക്ക് ജില്ലയിൽ പൂർണം. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെ നടത്തിയ പണിമുടക്കിൽ തൊഴിലാളികളാകെ പങ്കെടുത്തു. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ അണിനിരന്നു.
തൊഴിൽസ്ഥാപനങ്ങൾ മിക്കതും അടഞ്ഞുകിടന്നു. കെഎസ്ആർടിസി, പ്രൈവറ്റ് ബസ് തൊഴിലാളികളും ഓട്ടോ–-ടാക്സി തൊഴിലാളികളും അണിചേർന്നതിനാൽ ഗതാഗതം പൂർണമായി സ്തംഭിച്ചു. പൊതുഗതാഗതം നിശ്ചലമായതിനാൽ കടകമ്പോളങ്ങളുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചു. സർക്കാർ സ്ഥാപനങ്ങളിൽ ഹാജർ കുറവായിരുന്നു.
പണിമുടക്കിയ തൊഴിലാളികൾ കോട്ടയം നഗരത്തിൽ പ്രകടനം നടത്തി. തിരുനക്കര ബസ്സ്റ്റാൻഡിൽ ചേർന്ന സമ്മേളനം സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷനായി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി ജെ വർഗീസ്, എഐടിയുസി ജില്ലാസെക്രട്ടറി അഡ്വ. വി കെ സന്തോഷ്കുമാർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ രാജീവ് നെല്ലിക്കുന്നേൽ, ബാബു കപ്പക്കാല, സെബാസ്റ്റ്യൻ, ബി ശശികുമാർ, സി എൻ സത്യനേശൻ, സുനിൽതോമസ്, കെ എൻ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
ജില്ലയിലെമ്പാടും പഞ്ചായത്ത്–-മുനിസിപ്പൽ കേന്ദ്രങ്ങളിലും പണിമുടക്കിന്റെ ഭാഗമായി പ്രകടനങ്ങളും യോഗവും സംഘടിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..