20 April Tuesday

കുഞ്ഞുലക്ഷ്‌മിയമ്മയുടെ കസേരയും ഭരണിപ്പാട്ടും

സ്വന്തം ലേഖകൻUpdated: Wednesday Mar 3, 2021

 

കോഴിക്കോട്‌
  വോട്ടില്ലാക്കാലത്തെ ഓർമകളാണ്‌ ഓരോ തെരഞ്ഞെടുപ്പുകാലത്തും സംവിധായകൻ വി എം വിനുവിന്റെ മനസ്സിൽ ആദ്യമെത്തുക. രാഷ്‌ട്രീയം എന്തെന്ന്‌ വ്യക്തമാകാത്ത പത്താംക്ലാസുകാരൻ അന്ന്‌ ഏത്‌ പാർടിക്കാരുടെ ചുമരെഴുത്തിന്‌ പിന്നിലുമുണ്ടാകുമായിരുന്നു. ഉച്ചക്കത്തെ ചോറും വൈകിട്ടത്തെ ചായയും കഴിഞ്ഞുപോകും എന്നതായിരുന്നു കുട്ടിക്കൂട്ടത്തിന്റെ രാഷ്‌ട്രീയം. ചുണ്ണാമ്പുകലക്കി സ്ഥാനാർഥിയുടെ ചിഹ്നവും പേരും റോഡിൽ എഴുതുന്നതായിരുന്നു അന്ന്‌ ആഘോഷം. 
ഗൗരവം വിടാത്ത മുഖവുമായി കണ്ട പലരും ചിരിച്ച മുഖത്തോടെ വെസ്‌റ്റ്‌ഹില്ലിലെ വാടകവീട്ടിൽ വോട്ടുചോദിച്ചെത്തും. ആദർശശുദ്ധിയുള്ളവരും അല്ലാത്തവരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. വോട്ടെടുപ്പ്‌ ദിവസം പ്രായമായവരെ കസേരയിലിരുത്തി ചുമന്ന്‌ പോളിങ്‌ ബൂത്തിലേക്ക്‌ കൊണ്ടുപോകുന്നത്‌ അക്കാലത്തെ‌ പതിവുകാഴ്‌ചയായിരുന്നു. വീടിനടുത്തുള്ള കുഞ്ഞിലക്ഷ്‌മിയമ്മയെ കൊണ്ടുപോകാനും തെരഞ്ഞെടുപ്പ്‌ നാളിൽ രണ്ടുപാർടിക്കാരെത്തി. ആദ്യം വന്ന കസേരയിൽ കയറി അവർ വോട്ടുചെയ്യാൻ പോയി. വോട്ടിട്ട്‌ തിരിച്ചിറങ്ങുംമുമ്പ്‌‌ കസേര അടുത്തയാളെ തേടിപ്പോയി. ഭരണിപ്പാട്ടിനെ അനുസ്‌മരിപ്പിക്കും വിധത്തിൽ ചീത്തവിളിച്ചാണ്‌ കുഞ്ഞിലക്ഷ്‌മിയമ്മ  വീട്ടിലേക്ക്‌ കൂനിക്കൂനി നടന്നത്‌.
കാലം മാറിയപ്പോൾ വോട്ടുചെയ്‌തവരെ കസേരയിട്ട്‌ സ്വീകരിക്കുന്ന ഭരണക്കാർ വന്നു. നിന്നയാൾ വീണ്ടും വീണ്ടും നിൽക്കുന്ന രീതിക്കും മാറ്റം വരികയാണ്‌. കാഴ്‌ചപ്പാടുള്ളവരാണ്‌ ജനപ്രതിനിധികളാകുന്നത്‌ എന്നതിന്‌ എന്റെ മണ്ഡലമായ കോഴിക്കോട്‌ നോർത്തിന്റെ എംഎൽഎ എ പ്രദീപ്‌കുമാർ മികച്ച ഉദാഹരണമാണ്‌. വോട്ടുചെയ്യാൻ പോയ കുണ്ടുംകുഴിയും നിറഞ്ഞ വഴിയിലൂടെ വീണ്ടും നടക്കണമെന്ന അവസ്ഥയും മാറിയിട്ടുണ്ട്‌.
ചിരിച്ച്‌ ബുദ്ധിമുട്ടേണ്ടാത്ത തെരഞ്ഞെടുപ്പാണ്‌ ഇക്കുറി സ്ഥാനാർഥികൾക്ക്‌. മാസ്‌കിട്ട മുഖത്ത്‌ കൃത്രിമച്ചിരി വരുത്താതെ ധൈര്യമായി വോട്ടുചോദിച്ചിറങ്ങാം.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top