25 August Sunday
സംസ്‌കാരവും പൈതൃകവും കോർത്തിണക്കി

ജില്ലയുടെ വെബ്‌സൈറ്റ് നവീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

 പത്തനംതിട്ട

സംസ്‌കാരവും പൈതൃകവും കോർത്തിണക്കി ജില്ലയുടെ നവീകരിച്ച ദ്വിഭാഷാ വെബ്‌സൈറ്റ്  കലക്ടർ പി ബി നൂഹ് ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരിന്റെ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററുകൾ മുഖേന രാജ്യത്തെ എല്ലാ ജില്ലകളിലെയും വെബ്‌സൈറ്റ് ഏകമാതൃകയിൽ നവീകരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയുടെ വെബ്‌സൈറ്റും നവീകരിച്ചത്. മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ രൂപീകൃതമായിട്ടുള്ള വെബ്‌സൈറ്റിൽ ജില്ലയുടെ ടൂറിസം, സംസ്‌കാരം, പൈതൃകം, ചരിത്രം, ജനസംഖ്യ, ഭൂപടം, ഭരണപരമായ സജ്ജീകരണം, അതത് ദിവസങ്ങളിലെ പ്രധാന സർക്കാർ വാർത്തകൾ തുടങ്ങിയവയെല്ലാം www.pathanamthitta.gov.in എന്ന വെബ്‌സൈറ്റിലൂടെ ലഭിക്കും. വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഡയറക്ടറിയിലൂടെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഹെൽപ്പ്‌ലൈൻ നമ്പരുകൾ, സർക്കാർ ഓഫീസുകളുടെ നമ്പരുകൾ തുടങ്ങിയവയും ലഭ്യമാകും. 
 
ദേശീയ പ്രാധാന്യമുള്ള ടൂറിസം മേഖലകൾ, തീർഥാടന കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ച വിശദവിവരങ്ങളും ഈ സ്ഥലങ്ങളിലേക്ക് വ്യോമമാർഗമുൾപ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് എങ്ങനെ എത്തിച്ചേരാം എന്നതിനെക്കുറിച്ചും, താമസസൗകര്യങ്ങൾ സംബന്ധിച്ച വിവരങ്ങളും മനസ്സിലാക്കാം. 
നാഷണൽ ഇൻഫർമാറ്റിക്‌സ്  ഓഫീസർ ജിജി ജോർജ്, അഡീഷണൽ നാഷണൽ ഇൻഫർമാറ്റിക്‌സ് ഓഫീസർ ആലീസ് ആൻഡ്രൂസ് കോട്ടിരി, ജില്ലാ ഐടി സെൽ കോ-ഓർഡിനേറ്റർ ഷിബു തോമസ്, ജില്ലാ ഇ-ഗവേണൻസ് പ്രോജക്ട് മാനേജർ ഷൈൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു. 
സാങ്കേതിക മേഖലയിൽ രാജ്യത്തെ ഡിജിറ്റലായി ശാക്തീകരിച്ച് പൗരന്മാർക്ക് സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആരംഭിച്ച ഡിജിറ്റൽ ഇൻഡ്യ ക്യാമ്പയിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് വെബ്‌സൈറ്റ് നവീകരണം. 
 
പ്രധാന വാർത്തകൾ
 Top