27 September Wednesday

1683 പരാതി; 701 എണ്ണം തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

വെള്ളരിക്കുണ്ട് താലൂക്ക് അദാലത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ സദസ്സിലേക്ക് ഇറങ്ങിച്ചെന്ന് 
കെ ആർ കുമാരനാശാരിയുടെ പരാതി കേൾക്കുന്നു

 കാസർകോട്‌

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്,  അഹമ്മദ് ദേവർ കോവിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിന് സമാപനമായി.
കഴിഞ്ഞ 27ന് കാസർകോട് താലൂക്കിൽ നിന്നാരംഭിച്ച അദാലത്ത് ഹൊസ്ദുർഗ്, മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളിലായി പൂർത്തിയാക്കുമ്പോൾ ജില്ലയിലെ വിവിധ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനായി. ജില്ലയിൽ ആകെ 1653 പരാതി പരിഗണിച്ചതിൽ 701 എണ്ണം തീർപ്പാക്കി.  തത്സമയം 688 പരാതികളാണ് ലഭിച്ചത്. തീർപ്പാക്കാനുള്ള പരാതികളും തത്സമയം ലഭിച്ച പരാതികളും തീർപ്പാക്കാൻ വകുപ്പുകൾക്ക് കൈമാറി. പരാതി  പരിഹരിക്കാൻ പരമാവധി 15 ദിവസമാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്‌. 
ജില്ലാ കലക്ടർ കെ ഇമ്പശേഖർ, എഡിഎം കെ നവീൻ ബാബു, സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, ഡപ്യൂട്ടി കലക്ടർ (എൽആർ) ജഗ്ഗി പോൾ എന്നിവരും പരാതി പരിഗണിച്ചു. തഹസിൽദാർമാരാണ് താലൂക്ക് തല അദാലത്തുകളുടെ സംഘാടനത്തിന് നേതൃത്വം നൽകിയത്. 
 
കുമാരനാശാരിയുടെ 
വഴിത്തർക്കം പരിഹരിക്കും
വെള്ളരിക്കുണ്ട്‌
കോടോത്ത് അംബേദ്കർ സ്‌കൂളുമായി ബന്ധപ്പെട്ട വഴി തർക്കവുമായാണ് കെ ആർ കുമാരനാശാരി അദാലത്തിൽ എത്തിയത്.  
 ചികിത്സാ ചെലവ് സംബന്ധിച്ച് കടം വീട്ടുന്നതിനായി മക്കൾക്ക്  അവരുടെ സ്ഥലം വിൽക്കാൻ സാധിക്കുന്നില്ല എന്നതായിരുന്നു പ്രശ്‌നം. 
സ്ഥലം വിൽപനക്ക്‌ വച്ചെങ്കിലും വഴി പ്രശ്‌നം കാരണം വിൽപന നടക്കുന്നില്ല.  അദാലത്തിലെത്തിയപ്പോൾ മന്ത്രി സദസ്സിലേക്ക് ഇറങ്ങിച്ചെന്ന് ഇവരുടെ വിഷയം കേട്ടു. 
തുടർന്ന് ഇവർക്കിടയിലുള്ള തർക്കം പരിഹരിക്കാനായി കലക്ടറും എംഎൽഎയും സ്‌കൂൾ പിടിഎയും പരാതിക്കാരും ചേർന്ന് സംസാരിച്ചു തീരുമാനത്തിലെത്താൻ മന്ത്രി നിർദ്ദേശിച്ചു.
 
അവരുടെ കൂലി ഉറപ്പായും കിട്ടും
പി കെ രമേശൻ
വെള്ളരിക്കുണ്ട് 
കോവിഡ് കാലത്ത് ജോലി ചെയ്ത തൊഴിലാളികൾക്ക് കൂലി ഉടൻ നൽകാൻ മന്ത്രി ഉത്തരവിട്ടു. വെള്ളരിക്കുണ്ട് സിവിൽ സപ്ലൈ ഓഫീസിന് കീഴിലുള്ള നർക്കിലക്കാട് മാവേലി സ്റ്റോറിൽ ജോലി ചെയ്ത സ്ത്രീകളടക്കമുള്ള താൽക്കാലിക ജീവനക്കാർക്കാണ് താലൂകക്‌ അദാലത്തിൽ നീതി ലഭിച്ചത്‌.
നിരവധി തവണ പരാതിയുമായി തൊഴിലാളികൾ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും കൂലി നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.  ഇതേതുടർന്നാണ് തൊഴിലാളികൾ പരാതിയുമായി അദാലത്തിൽ എത്തിയത്. പരാതി കേട്ട മന്ത്രി ഒരു മാസത്തിനുള്ളിൽ കൂലി പൂര്‍ണമായും നല്‍കി റിപ്പോർട്ട് നൽകണമെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി. 13 മാസം ജോലി ചെയ്ത നാല് തൊഴിലാളികൾക്കായി രണ്ട് ലക്ഷത്തോളം രൂപ ലഭിക്കാനുണ്ട്.
തിരുവനന്തപുരം സ്വദേശിയായ മാവേലി സ്‌റ്റോർ മാനേജർ നടത്തിയ തട്ടിപ്പുകളെ തുടർന്നാണ് ഇവരുടെ കൂലി നിഷേധിക്കപ്പെട്ടത്. ഈ മാനേജർ വിറ്റുവരവ് ബാങ്കിൽ അടക്കാതെ തിരിമറി നടത്തുകയായിരുന്നു. സസ്പൻഷനിലായ ഇയാൾ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടും തൊഴിലാളികളുടെ കൂലി ബാക്കിയായി. 
നർക്കിലക്കാട് മാവേലി സ്റ്റോർ പരിധിയിലെ ഒമ്പത് റേഷൻകടകളിൽ വിതരണം ചെയ്യേണ്ട 5200 കിറ്റുകളാണ് ഓരോ മാസവും തയ്യാറാക്കി ഇവർ റേഷൻകടകളിൽ എത്തിച്ചിരുന്നത്. 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top