23 October Friday

ചവിട്ടിക്കയറി സൈക്കിൾ ഷെഡ്ഡിൽനിന്ന്‌ ; മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളും ഹൈടെക്‌

കെ എസ്‌ ലാലിച്ചൻUpdated: Thursday Oct 1, 2020

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്ന മണ്ണഞ്ചേരി ഗവ. ഹൈസ്‍‍കൂൾ മന്ദിരം

 
മണ്ണഞ്ചേരി> സൈക്കിൾ ഷെഡ് ക്ലാസ്‌മുറികളാക്കി പഠനം. സ്‌റ്റാഫ് റൂമും അവിടെത്തന്നെ.  മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിന്റെ  ദുസ്ഥിതി ഇതായിയിരുന്നു. മഴയും കാറ്റുമേറ്റ് പഠിച്ചതും പഠിപ്പിച്ചതും ഇനി ആ കുട്ടികളുടെയും അധ്യാപകരുടെയും ഓർമകളിൽ മാത്രം. മൂന്നുനില ഹൈടെക് കെട്ടിടം ഇവിടെ ഉയർന്നു. മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഈ മികവിന്റെ കേന്ദ്രം മണ്ണഞ്ചേരിക്ക് സമർപ്പിക്കും. മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷനാകും. 
 
സ്‌കൂളിൽ  മന്ത്രി ടി എം തോമസ് ഐസക് ഫലകം അനാച്ഛാദനംചെയ്യും. എ എം ആരിഫ് എംപി മുഖ്യാതിഥിയാകും. സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഉദ്ഘാടനം. മന്ത്രി ടി എം തോമസ് ഐസക്   കിഫ്ബിയിൽനിന്ന്‌ നൽകിയ മൂന്നുകോടി രൂപയും ആസ്‌തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 14 ലക്ഷം രൂപയും ചേർത്താണ് വിശാലമായ 15 ക്ലാസ്‌മുറി കെട്ടിടം നിർമിച്ചത്.  താഴത്തെ നിലയിൽ പ്രീ പ്രൈമറിയും മുകളിൽ യുപി ക്ലാസുകളും. മന്ത്രി  ഐസക് അനുവദിച്ച ഒരുകോടി രൂപയിൽ നിർമിച്ച മറ്റൊരു കെട്ടിടം നേരത്തെ ഉദ്ഘാടനംചെയ്‌തു. ഓപ്പൺ സ്‌റ്റേജിനായി 65  ലക്ഷം രൂപയും  അനുവദിച്ചിട്ടുണ്ട്. ക്ലാസ് മുറി  തികയാത്തതിനാൽ മുമ്പ് മൂന്ന് ഷിഫ്റ്റിലായിരുന്നു അധ്യയനം.
 
മികച്ച സ്‌കൂളായ ഇവിടെ എൽകെജി മുതൽ 10–-ാം ക്ലാസുവരെ 1972 കുട്ടികളുണ്ട്‌. ആകെ 72 ഡിവിഷൻ. 30 ക്ലാസ്‌മുറി ഹൈടെക്കായി. ഇതിൽ എട്ടെണ്ണത്തിൽ  സ്‌റ്റാഫും എസ്എംസിയും ചേർന്നാണ് സൗകര്യമൊരുക്കിയത്. 
 
  മികവിന്റെ പടവുകൾ
അധ്യയന നിലവാരം മികച്ചതായതോടെ 10–-ാം ക്ലാസിൽ കഴിഞ്ഞതവണ 17 പേർ എല്ലാ വിഷയങ്ങൾക്കും 25 പേർ ഒമ്പത്‌  വിഷയങ്ങൾക്കും എ പ്ലസ് നേടി. എൽഎസ്എസ്, യുഎസ്എസ്, നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പുകളിലും നേട്ടം. നാഷണൽ റോബോട്രോണിക്‌സ്‌ മത്സരത്തിൽ സ്വർണമെഡലുകൾ. സ്‌കൂൾ കലോത്സവങ്ങളിലും ആധിപത്യം. മികച്ച സ്‌കൂൾ ലൈബ്രറിക്കും ലൈബ്രേറിയനും അവാർഡ്‌.
 
കഴിഞ്ഞവർഷം മുതൽ എസ്‌പിസി യൂണിറ്റും പ്രവർത്തിക്കുന്നു. നൂറിലേറെ വിദ്യാർഥികൾ ഓരോ വർഷവും പുതുതായി ചേരുന്നു. ഭൗതികസൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ പഞ്ചായത്തിന്റെ ലക്ഷക്കണക്കിന്‌ രൂപ ലഭിക്കുന്നുണ്ട്. പ്രധാനാധ്യാപിക എം കെ സുജാതകുമാരിയുടെയും എസ്എംസി ചെയർമാൻ സി എച്ച് റഷീദിന്റെയും നേത‌ൃത്വത്തിലാണ്‌ മുന്നേറ്റം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top