14 August Friday

വീടൊന്ന്‌; വിജയം മൂന്ന്‌

സ്വന്തം ലേഖകൻUpdated: Wednesday Jul 1, 2020
ആലപ്പുഴ
ഒരുമിച്ചായിരുന്നു പഠനം. സ്‌കൂൾ യാത്രകളും ഒരുമിച്ച്. ഒരേ ബെഞ്ചിൽ ഒട്ടിയൊട്ടിയാണ്‌ ഇരിപ്പും. എസ്എസ്എൽസി പരീക്ഷയിൽ വിജയവും ഒരുമിച്ച് തന്നെ. ആലപ്പുഴ തോണ്ടൻകുളങ്ങര ക്ഷേത്രത്തിന് സമീപം പുത്തൻപുരയ്ക്കൽ കണ്ടത്തിൽ മധുകുമാറിന്റെ മക്കളായ വൈശാഖ്, വൈഷ്ണവ്, വൈകാശ് എന്നിവരാണ് പത്താംക്ലാസിൽ മികച്ച വിജയം നേടിയത്. ആലപ്പുഴ എസ്ഡിവി ബോയ്സ് സ്കൂളിലെ വിദ്യാർഥികളാണ്. മൂവർ സംഘത്തിനൊപ്പം സ്കൂളിന്‌ നൂറ് ശതമാനം വിജയവുമുണ്ട്‌.  
  വൈശാഖും വൈഷ്ണവും ഇരട്ട സഹോദരങ്ങളാണ്. മൂന്നാമനാണ് വൈകാശ്. പക്ഷേ ചേട്ടന്മാർക്കൊപ്പംതന്നെ സ്കൂളിൽ ചേർന്നു. എന്തിനും ചേട്ടന്മാരുടെ കൂട്ടുകൂടുന്ന വൈകാശ് പഠിത്തത്തിലും അത് തുടർന്നു. ജനിച്ചപ്പോൾ തന്നെ വൈകാശിന്റെ കണ്ണിന് ചില പ്രശ്നങ്ങളുണ്ടായിരുന്നു. കോങ്കണ്ണുപോലെ തോന്നിക്കുന്ന ഒന്ന്‌.  ഡോക്ടറെ കാണിച്ചപ്പോൾ കണ്ണിലെ പേശി ദ്രവിക്കുന്നതായി കണ്ടെത്തി. കൃഷ്ണമണിക്കും തകരാറുണ്ടായിരുന്നു. വൈകാശിന്റെ ചികിത്സയുടെ ഓട്ടത്തിനിടെ മൂത്തവരെ ഒരു വർഷം വൈകിയാണ് സ്കൂളിൽ ചേർത്തത്. ഇതോടെ സഹോദരങ്ങൾ ഒരു ക്ലാസിലായി ഒന്നാം ക്ലാസുമുതൽ പഠനം. 
 തോണ്ടൻകുളങ്ങര എൽപി സ്കൂളിലാണ് ആദ്യം മൂവരെയും ചേർത്തത്. 
മൂന്നാം ക്ലാസ് എത്തിയപ്പോഴേക്കും കണ്ണിന് ശസ്ത്രക്രിയ അനിവാര്യമായി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയിൽ പ്രശ്നം പരിഹരിച്ചു. മൂന്നുപേരും പരസ്പരം സംശയങ്ങൾ പങ്കുവെക്കും. കളിച്ചും ചിരിച്ചും പഠനം തുടരും. അച്‌ഛനമ്മമാരുടെ സഹായമൊന്നും വേണ്ടിവരാറില്ല. ഇടയ്ക്ക് ട്യൂഷന് വിട്ടെങ്കിലും താമസിയാതെ നിർത്തിയെന്ന്‌ ആശ പറഞ്ഞു.  
ലോക്ക്ഡൗൺ കഴിഞ്ഞ് മൂന്ന് പരീക്ഷകളുണ്ടായിരുന്നു. സ്കൂളിൽ സാനിട്ടൈസറും മാസ്കും മറ്റ് സൗകര്യങ്ങളുമുണ്ടായതിനാൽ കോവിഡ് സംബന്ധിച്ച ആശങ്കകൾ ഇല്ലായിരുന്നു. കൂടുതൽ പഠിച്ചെഴുതാൻ പറ്റി. കണക്ക് മാത്രമായിരുന്നു അൽപം ബുദ്ധിമുട്ട്–-വൈകാശ് പറഞ്ഞു.  അ‍ച്ഛൻ  മധുകുമാർ പൊതുപ്രവർത്തകനാണ്. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top