പിണറായി
‘പിണറായി പെരുമ’ സർഗോത്സവം സഹകരണ ഗ്രാമത്തിൽ ശനിയാഴ്‌ച തുടങ്ങും. നോവലിസ്‌റ്റ് എം മുകുന്ദൻ വൈകിട്ട് 6.30ന് കൊടിയേറ്റുന്നതോടെ രണ്ടാഴ്‌ച നീളുന്ന കലാമാമാങ്കത്തിന് തിരശ്ശീല ഉയരും. കുമാരനാശാന്റെ ലീലയെ അവലംബിച്ചുള്ള ഡോ. വസന്തകുമാർ സാംബശിവന്റെ ‘മൃതിക്കുമപ്പുറം’ കഥാപ്രസംഗത്തോടെ വേദികൾ ഉണരും. ജനാർദനൻ പുതുശേരിയുടെ നാടൻപാട്ടുമുണ്ടാകും. നാടകമേള പിണറായി കൺവൻഷൻ സെന്ററിൽ ഞായർ രാത്രി 7.30ന് ഇ പി രാജഗോപാലൻ ഉദ്‌ഘാടനംചെയ്യും.
സാംസ്‌കാരിക
ഘോഷയാത്ര 3ന്
സാംസ്‌കാരിക ഘോഷയാത്ര തിങ്കൾ വൈകിട്ട് നാലിന് പാറപ്രം, പടന്നക്കര, വെണ്ടുട്ടായി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആരംഭിക്കും. സാംസ്‌കാരിക സമ്മേളനം കൺവൻഷൻ സെന്ററിൽ മുകേഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്യും. ദിവസവും രാത്രി എട്ടിന് സർഗസദസുണ്ടാകും. പിണറായി എഡ്യുക്കേഷൻ ഹബ്ബ് ഗ്രൗണ്ടിൽ കാർഷിക–-വ്യാവസായിക പ്രദർശനം നാലിന് വൈകിട്ട് നാലിന് വി എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്യും.
ബുധൻ വൈകിട്ട് അഞ്ചിന് കവിയരങ്ങ് വി മധുസൂദനൻ നായർ ഉദ്‌ഘാടനം ചെയ്യും. ഏഴിന് രാവിലെ 10.30ന് പിണറായി ടൗണിൽ 50 ചിത്രകാരന്മാർ അണിനിരക്കുന്ന ചിത്രകാരസംഗമം. ഓപ്പൺ ഓഡിറ്റോറിയത്തിൽ മെഗാമേള എട്ടിന് രാത്രി 7.30ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. രാത്രി 8.30ന് പത്മശ്രീ ശോഭനയും സംഘവും അവതരിപ്പിക്കുന്ന നൃത്തരാവ്. ഒമ്പതിന് സർഗസദസിൽ പ്രൊഫ. സി രവീന്ദ്രനാഥും 10ന് ശശിതരൂർ എംപിയും 13ന് മന്ത്രി സജി ചെറിയാനും മുഖ്യപ്രഭാഷണം നടത്തും.
സമാപനസമ്മേളനം 14ന് രാത്രി 7.30ന് മുഖ്യമന്ത്രി പിണറായിവിജയൻ ഉദ്‌ഘാടനം ചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷനാകും.
പിണറായി ടൗണിൽ തെരുവരങ്ങ്
പിണറായി ടൗണിൽ തെരുവരങ്ങ് രണ്ടിന് എൻ ശശിധരൻ ഉദ്‌ഘാടനം ചെയ്യും. റിവർ ഫെസ്‌റ്റ് മമ്പറം ബോട്ട് ജെട്ടിയിൽ എട്ടിന് പകൽ മൂന്നിന് ആരംഭിക്കും. അഞ്ചരക്കണ്ടി പുഴയിൽ ചേക്കുപ്പാലം, ചേരിക്കൽ മമ്പറം എന്നിവിടങ്ങളിലായി കയാക്കിങ്, മീൻപിടിത്തം, ചൂണ്ടയിടൽ, ട്രഷർ ഹണ്ടിങ് മത്സരങ്ങളുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..