27 January Monday

നെടുങ്കണ്ടം കേസിൽ രണ്ടാംപ്രതിയുടെ മൊഴി പുറത്ത‌്; തട്ടിപ്പ‌ുപണം നിക്ഷേപിച്ചത‌് കോൺഗ്രസിന്റെ ബാങ്കിൽ

കെ ടി രാജീവ‌്Updated: Wednesday Jul 3, 2019

ഇടുക്കി > നെടുങ്കണ്ടം കസ‌്റ്റഡി മരണ കേസിൽ, ഹരിത ഫൈനാൻസ്‌ തട്ടിപ്പ‌് സംഘം നിക്ഷേപകരിൽനിന്ന‌് വാങ്ങിയ തുകയിൽ ഒരു പങ്ക്‌ നിക്ഷേപിച്ചത‌് കോൺഗ്രസ്‌ നേതാവ്‌ പ്രസിഡന്റായ ബാങ്കിൽ.

കേസിലെ രണ്ടാംപ്രതിയായ ഹരിത ഫൈനാൻസ്‌ മാനേജിങ്‌ ഡയറക്ടർ ആലപ്പുഴ സ്വദേശിനി ശാലിനി നൽകിയ മൊഴിയിലാണ‌് നെടുങ്കണ്ടം അർബൻ കോ ഓപ്പറേറ്റീവ്‌ ബാങ്കിൽ രണ്ടുലക്ഷം രൂപ നിക്ഷേപിച്ചതായി വെളിപ്പെടുത്തിയത‌്. ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറിയും പി ടി തോമസ്‌ എംഎൽഎയുടെ അടുത്ത അനുയായിയുമായ എം എൻ ഗോപിയാണ്‌ ബാങ്കിന്റെ പ്രസിഡന്റ്‌. ഇതു മറച്ചുവച്ചാണ‌്  സമീപത്തെ ഒരു സഹകരണ സംഘത്തെക്കുറിച്ച്‌ പി ടി തോമസ‌് ആരോപണമുന്നയിച്ചത‌്.

ഹരിത ഫൈനാൻസ്‌ തട്ടിപ്പുസംഘത്തിലേക്ക്‌ ആളെ കൂട്ടിയതും ബാങ്കിലേക്ക്‌ നിക്ഷേപം സ്വീകരിച്ചതും ഒടുവിൽ ഒന്നാം പ്രതി രാജ്‌കുമാറിനെ പൊലീസിന്‌ കൈമാറിയതിലുമൊക്കെ കോൺഗ്രസ‌് നേതാക്കൾ ഇടപെട്ട വിവരങ്ങൾ പുറത്തുവരുകയാണ‌്.

മെയ്‌ പത്തിന്‌ തുടങ്ങിയ സ്ഥാപനം കഷ്ടിച്ച്‌ ഒരു മാസമേ പ്രവർത്തിച്ചുള്ളൂ. അതിനിടയിൽ നിക്ഷേപകർ, ജെഎൽജി, സ്വാശ്രയ സംഘങ്ങൾ എന്നിവിടങ്ങളിൽനിന്ന‌് സ്വീകരിച്ചതിൽ  ചെറിയ തുക മാത്രമാണ്‌ ശാലിനി നെടുങ്കണ്ടം അർബൻ കോ ഓപ്പറേറ്റീവ്‌ ബാങ്കിൽ നിക്ഷേപിച്ചത‌്. 250ലധികംപേർ നിക്ഷേപിച്ചിട്ടുണ്ടെങ്കിലും  63 പരാതി മാത്രമാണ‌് പൊലീസിന്‌ ലഭിച്ചത്‌. 

രേഖകൾ പ്രകാരം  ഇടപാടുകാരുടേതായി ആകെയുള്ളത‌്  9,10,700 രൂപയാണ്‌. കസ്‌റ്റഡിയിലെടുക്കുമ്പോൾ ശാലിനിയുടെ പക്കൽ ഉണ്ടായിരുന്ന 1, 24,500 രൂപ പൊലീസുകാർ വാങ്ങിയെന്നാണ്‌  മൊഴി. അവസാനം ലഭിച്ച മൂന്ന്‌ പരാതികളിൽ നെടുങ്കണ്ടം പൊലീസ്‌ കേസെടുത്തത്‌ ഒന്നാംപ്രതി രാജ്‌കുമാറിന്റെ മരണശേഷമാണ‌്.

അഞ്ച്‌ പേരടങ്ങുന്ന ജെഎൽജി, സ്വാശ്രയ ഗ്രൂപ്പുകൾ രൂപീകരിച്ച്‌ നിശ്ചിത പണം ഫൈനാൻസിൽ നിക്ഷേപിച്ചാൽ ഒരു ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വായ്‌പ കൊടുക്കുമെന്നായിരുന്നു വാഗ്‌ദാനം. 1000 മുതൽ 10,000 രൂപവരെ വാങ്ങുകയും ചെയ്‌തു.

തട്ടിപ്പ്‌ സംഘത്തിന്‌ നല്ല പ്രചാരണം നൽകിയതും നെടുങ്കണ്ടം പഞ്ചായത്തിലെ കോൺഗ്രസ്‌ പഞ്ചായത്തംഗങ്ങളും നേതാക്കളുമാണ്‌. ഒരു മാസമായിട്ടും വായ്‌പ ലഭിക്കാതെ വന്നതോടെ ഇടപാടുകാർ പ്രതിഷേധവുമായി സ്ഥാപനത്തിലും ശാലിനിയുടെ വീട്ടിലും പോയി.  ഇടപാടുകാരുടെ പ്രതിഷേധം ഉയർന്നപ്പോൾ മാത്രമാണ്‌ പ്രതികൾക്കെതിരെ കോൺഗ്രസ‌് തിരിഞ്ഞത്‌.

ഹരിത ഫൈനാൻസ‌് തട്ടിപ്പ‌്: വൻ റാക്കറ്റോ?

സ്വന്തം ലേഖകൻ

തൂക്കുപാലം ഹരിത ഫൈനാൻസ്‌ തട്ടിപ്പിനെ തുടർന്ന്‌ പ്രധാന പ്രതി കസ്‌റ്റഡിയിൽ മരിക്കാനിടയായ സംഭവത്തിൽ വൻ റാക്കറ്റെന്ന സൂചന ബലപ്പെടുന്നു. ഒന്നാംപ്രതി രാജ്‌കുമാർ മരിക്കുംമുമ്പ്‌ കൂട്ടുപ്രതികളാണ്‌ പ്രധാന വിവരം വെളിപ്പെടുത്തിയത്‌. രാജ‌്കുമാറിനെ ഉപകരണമാക്കി ചിലർ തട്ടിപ്പ‌ുനടത്തി കോടികൾ സമ്പാദിക്കാനും പിടിക്കപ്പെട്ടപ്പോൾ അയാളെ ബലിയാടാക്കി രക്ഷപ്പെടാനും ശ്രമിച്ചതിന്റെ സാധ്യതയും തള്ളിക്കളയാനാവില്ല.

മലപ്പുറം സ്വദേശി രാജു, അഡ്വ. നാസർ, ഷുക്കൂർ എന്നിവരുടെ പങ്കും സഹായികളെക്കുറിച്ചും വെളിപ്പെടുത്തുന്നതാണ്‌ രണ്ടാം പ്രതിയും ഫൈനാൻസ‌് കമ്പനി എംഡിയുമായ ശാലിനിയുടെ മൊഴി. ഇതിൽ ഷുക്കൂർ പീരുമേട്‌ സ്വദേശിയായ പൊലീസുകാരനാണെന്ന്‌ പറയുന്നു. ഇവർക്ക്‌ മൂന്നാറിൽ റിസോർട്ടുണ്ട്‌. സാമ്പത്തിക ഇടപാടുകാർ ബഹളംവച്ചപ്പോൾ ശാലിനി രാജ്‌കുമാറിനെ അറിയിച്ചിരുന്നതായും പ്രശ്‌നമൊന്നും ഉണ്ടാകില്ലെന്ന‌്  രാജ‌്കുമാർ പറഞ്ഞിരുന്നതായും ശാലിനി വെളിപ്പെടുത്തുന്നു. ശാലിനിയുടെ പക്കൽ എത്തിയ ലക്ഷങ്ങൾ രാജ‌്കുമാർ വഴി രാജുവിനും ഷുക്കൂറിനും നാസറിനും നൽകാനായിരുന്നുവെന്നും ശാലിനി മൊഴിയിൽ പറയുന്നു.

ഈ മൊഴി മുഖവിലക്കെടുക്കാതെ രാജ്‌കുമാറിനെ ലോക്കൽ പൊലീസ്‌ അന്യായമായി മർദിച്ചതും  പീരുമേട്‌ ജയിലിലിട്ടതും ദുരൂഹമാണ്‌. രാജ്‌കുമാർ, ശാലിനി, മാനേജർ മഞ‌്ജു എന്നിവരെ കസ്‌റ്റഡിയിൽ എടുത്തത്‌ 12നായിരുന്നു. ഇവരുടെ മൊഴിയിൽ ലോക്കൽ പൊലീസ്‌ അന്വേഷിച്ചില്ലെന്നും പരാതിയുണ്ട്‌. ഇതിനുപിന്നിൽ കോൺഗ്രസ‌് പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലാണെന്നും സൂചനയുണ്ട‌്.

ഒത്തുതീർത്തത്‌ കോൺഗ്രസ‌്: ഇടപാടുകാർ

ഹരിത ഫൈനാൻസ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട പരാതികൾ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പാക്കിയെന്ന വിവരം പുറത്ത്. ലോക്കൽ പൊലീസും കോൺഗ്രസിന്റെ പഞ്ചായത്തംഗങ്ങളും ചേർന്ന‌് ഒത്തുതീർപ്പുണ്ടാക്കിയതായി പണം നിക്ഷേപിച്ച മുണ്ടിയെരുമ വിജയ‌ നിവാസ‌ിലെ അനീഷ‌് ഗോപിയാണ‌് വെളിപ്പെടുത്തിയത‌്. കോൺഗ്രസ‌് പഞ്ചായത്തംഗം ഷാന്റി  ബിജു നിർബന്ധിച്ചതിനെ തുടർന്നാണ‌്  കമ്പനിയിൽ പണം നിക്ഷേപിച്ചത‌്. വായ‌്പാ അപേക്ഷ നൽകിയ സ്വയം സഹായസംഘങ്ങൾക്ക‌്  15 ദിവസത്തിനകം തുക നൽകുമെന്നും ഇതിന‌് പൊലീസ് മധ്യസ്ഥതയിൽ ധാരണയുണ്ടാക്കിയതായും പഞ്ചായത്ത‌് അംഗം ആലീസ‌് നേരത്തെ സമ്മതിച്ചിരുന്നു.

കേസിൽ രാജ്കുമാർ ഉൾപ്പടെയുള്ള പ്രതികൾ പിടിയിലാകുന്നതിനും ഒരാഴ്ച മുമ്പ് കോൺഗ്രസ് പഞ്ചായത്തംഗങ്ങളായ ആലീസ്‌, ഷാന്റി ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒത്തുതീർപ്പ്.  1000 മുതൽ 25,000 രൂപ വരെ നൽകിയ അപേക്ഷകർക്ക‌് പറഞ്ഞ സമയത്ത‌് കുമാർ പണം നൽകാതെ വന്നതോടെ വനിതകളായ അപേക്ഷകർ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. പരാതികളുടെ എണ്ണം കൂടുകയും പറഞ്ഞ ദിവസം പണം വിതരണം ചെയ്യാതെയും വന്നതോടെ നാട്ടുകാർ സ്ഥാപനത്തിന‌് മുന്നിൽ തടിച്ചുകൂടുകയും പിന്നീട് പ്രതികളുടെ അറസ്റ്റിലേക്ക് നയിക്കുകയുംചെയ്തത്.


പ്രധാന വാർത്തകൾ
 Top