14 December Saturday

രാജ്യത്ത്‌ കൊലപാതകനിരക്ക്‌ ഏറ്റവും കുറവ്‌ കേരളത്തിൽ; മുന്നിൽ ഉത്തർപ്രദേശ്‌

സ്വന്തം ലേഖകൻUpdated: Wednesday Nov 20, 2019

ന്യൂഡൽഹി
രാജ്യത്ത്‌ കൊലപാതകനിരക്ക്‌  ഏറ്റവും കുറവ്‌ കേരളത്തിൽ. ദേശീയ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോ(എൻസിആർബി)യുടെ  കണക്കുപ്രകാരം 2017ൽ ഒരുലക്ഷത്തിൽ 0.8 ആണ്‌ കേരളത്തിലെ കൊലപാതകനിരക്ക്‌. 1.2 നിരക്കുള്ള ജമ്മു -കശ്‌മീരാണ്‌  തൊട്ടുപിന്നിൽ. ഏറ്റവും കൂടുതൽ കൊലപാതകം നടന്നത്‌ ഉത്തർപ്രദേശിലാണ്‌. -4,324 എണ്ണം. രാജ്യത്തുണ്ടായ മൊത്തം  കൊലപാതകങ്ങളിൽ 15.1 ശതമാനമാണിത്‌. രാജ്യത്താകെ നടന്നത്‌ 28,098 കൊലപാതകമാണ്‌.

അരുണാചൽപ്രദേശ്‌(5.9), ജാർഖണ്ഡ്‌(4.3), ഹരിയാന(3.7) എന്നിവയാണ്‌  കൂടിയ കൊലപാതകനിരക്കുള്ള സംസ്ഥാനങ്ങൾ.  കേന്ദ്രഭരണപ്രദേശങ്ങളിൽ ഡൽഹിയാണ്‌  മുന്നിൽ. 2017ൽ 487 എണ്ണമാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. 2015ൽ  570ഉം 2016ൽ 528 ഉം ആണിത്‌. ലക്ഷദ്വീപിൽ ഈ വർഷങ്ങളിൽ കൊലപാതകം നടന്നില്ല.

കേരളത്തിൽ കൊലപാതകങ്ങളുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. 2015ൽ 334 കൊലപാതകമാണ്‌ നടന്നത്‌. 2016, 2017 വർഷങ്ങളിൽ 305 എണ്ണമായി. വസ്‌തുതർക്കം(11),  കുടുംബകലഹം(64), വാക്കുതർക്കം(25), പണത്തെച്ചൊല്ലിയുള്ള തർക്കം(ഒമ്പത്‌) എന്നിങ്ങനെയാണ്   2017ലെ കണക്ക്.  വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ 107ഉം വ്യക്തിഗതനേട്ടത്തിനായി 16ഉം  കൊലപാതകം  നടന്നു. അവിഹിതബന്ധങ്ങളുടെ പേരിൽ 17ഉം  പ്രണയത്തകർച്ചയെത്തുടർന്ന്‌ നാലും  വ്യക്തമായ കാരണങ്ങളില്ലാതെ 12ഉം കൊലപാതകമുണ്ടായി. രാഷ്ട്രീയകാരണങ്ങളാൽ അഞ്ച്‌, ദുരഭിമാനത്തിന്റെ പേരിൽ രണ്ട്‌, മനോരോഗത്തെത്തുടർന്ന്‌ മൂന്ന്‌, വർഗീയകാരണങ്ങളാൽ രണ്ട്‌,  മറ്റു കാരണങ്ങളാൽ 28 എന്നിങ്ങനെയും കൊലപാതകം നടന്നു.

തട്ടിക്കൊണ്ടുപോകൽ, ബന്ദിയാക്കൽ എന്നീ കുറ്റകൃത്യങ്ങളിലും കേരളത്തിലെ നിരക്ക്‌ 0.8 ആണ്‌. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്ക്‌ മിസോറമിലാണ്‌(-0.4). ഏറ്റവും ഉയർന്ന നിരക്ക്‌ അസമിലും(23.9). തൊട്ടടുത്തുള്ള ഹരിയാനയിലെ നിരക്ക്‌ 15.7 ആണ്‌. പട്ടികജാതിക്കാർക്കുനേരെയുള്ള അതിക്രമങ്ങളിൽ ഏറ്റവും ഉയർന്ന നിരക്ക്‌ ബിഹാറി(40.7)ലാണ്‌.  ഏറ്റവും കുടുതൽ അതിക്രമം റിപ്പോർട്ട്‌ ചെയ്‌തത്‌ ഉത്തർപ്രദേശിലാണ്‌. -11,444 അതിക്രമമാണുണ്ടായത്‌.

സ്‌ത്രീകൾക്കുനേരെയുള്ള ആക്രമണങ്ങൾ ഏറ്റവും കൂടുതൽ അസമിലും കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ ഏറ്റവും കൂടുതൽ സിക്കിമിലുമാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top