22 August Thursday

തിരുവനന്തപുരം ജില്ലയില്‍ ആര്‍എസ്‌പി ഇനി പൂജ്യം; ആകെയുണ്ടായിരുന്ന വാര്‍ഡിലും തോറ്റു

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

നാവായിക്കുളത്ത് എല്‍ഡിഎഫിന്റെ ആഹ്ലാദപ്രകടനം

കിളിമാനൂര്‍ > തിരുവനന്തപുരം നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്‍നില മൂന്നാംവാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ത്രസിപ്പിക്കുന്ന വിജയം. കഴിഞ്ഞ നാല് വട്ടവും വാര്‍ഡ് കുത്തകയാക്കി കൈവശം വെച്ചുനടന്ന ആര്‍എസ്‌പിക്ക് ഞെട്ടിക്കുന്ന തോല്‍വി. പരമ്പരാഗതമായി ആര്‍എസ്‌പിയുടെ തട്ടകവും എന്‍ കെ പ്രേമചന്ദ്രന്‍ എം പി യുടെ കുടുംബവീട് സ്ഥിതിചെയ്യുന്നതുമായ ഈ വാര്‍ഡില്‍ തോറ്റതോടെ ആര്‍എസ്‌പിയും  യുഡിഎഫും  മുഖം നഷ്‌ടപ്പെട്ട അവസ്ഥയിലാണ്.

ജില്ലയില്‍ ആര്‍എസ്‌പിക്ക് ആകെ ഉണ്ടായിരുന്ന ഒരു തുരുത്താണ് ഈ കനത്ത പരാജയത്തിലൂടെ കൈവിട്ടുപോയിരിക്കുന്നത്. ഓര്‍ക്കാപുറത്തായ കനത്ത പരാജയത്തിന്റെ ഞെട്ടലില്‍ നിന്നും ഉടനെയൊന്നും മോചിതരാകന്‍ ആര്‍എസ്‌പിക്ക് കഴിയില്ലെന്നുറപ്പ്. എം നജീമെന്ന മുന്‍ ഡിവൈഎഫ്‌ഐ നേതാവിലൂടെയാണ് വാര്‍ഡ് വമ്പന്‍ ഭൂരിപക്ഷത്തില്‍ സിപിഐ എം തിരിച്ച് പിടിച്ചത്.

നാവായിക്കുളം പഞ്ചായത്തിലെ യുഡിഎഫിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും മുഖത്തേറ്റ അടിയാണ് തെരഞ്ഞെടുപ്പിലെ ഈ വമ്പന്‍ തോല്‍വി. രണ്ട് ബൂത്തുകളിലായി ആകെ പോള്‍  ചെയ്‌ത 1180 വോട്ടുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം നജീം 469 വോട്ടുകള്‍ കരസ്ഥമാക്കിയപ്പോള്‍, യുഡിഎഫിന്റെ ആര്‍എസ്‌പി സ്ഥാനാര്‍ത്ഥി എസ് ഷാനവാസിന് 360 വോട്ടുകള്‍ നേടാനെ കഴിഞ്ഞുള്ളൂ. 108 വോട്ടുകളുടെ തകര്‍പ്പന്‍ ഭൂരിപക്ഷത്തിലാണ് അപ്രാപ്യമെന്ന് കരുതിയ വാര്‍ഡില്‍ എല്‍ഡിഎഫ് വെന്നിക്കൊടിപാറിച്ചത്.

ഇവിടെ മത്സരിച്ച ബിഎസ്‌പി സ്ഥാനാര്‍ത്ഥി ബി ആര്‍ അജി 226 വോട്ടുകള്‍ നേടിയപ്പോള്‍ വെറും 126 വോട്ടുകള്‍ മാത്രം നേടി ബിജെപി സ്ഥാനാര്‍ത്ഥി രതീഷ്‌കുമാര്‍ നാലാംസ്ഥാനത്തായി.

സിപിഐ എം ജില്ലാ കമ്മറ്റിയംഗം അഡ്വ മടവൂര്‍ അനില്‍, വി ജോയി എംഎല്‍എ, സിപിഐ എം ഏരിയാ സെക്രട്ടറി അഡ്വ എസ് ജയചന്ദ്രന്‍, ജി വിജയകുമാര്‍, അഡ്വ ജി രാജു, കെ സുഭാഷ്, എന്‍ രവീന്ദ്രന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നാവായിക്കുളത്ത് സംഘടിപ്പിച്ച യോഗം അഡ്വ മടവൂര്‍ അനില്‍ ഉദ്ഘാടനം ചെയ്‌തു.


പ്രധാന വാർത്തകൾ
 Top