28 November Saturday

26ന്റെ ദേശീയ പണിമുടക്ക്‌ വൻ വിജയമാക്കുക : ട്രേഡ്‌ യൂണിയൻ സമിതി

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020


തിരുവനന്തപുരം
കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെയുള്ള 26ന്റെ  ദേശീയ പണിമുടക്കിൽ എല്ലാവരും പങ്കാളികളാകണമെന്ന്‌ സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു. പതിറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കി  തൊഴിലാളികളെ അടിമസമാന സാഹചര്യത്തിലേക്ക്‌ തള്ളിവിടാനുള്ള തൊഴിൽകോഡുകളാണ്‌ കേന്ദ്ര സർക്കാർ പാസാക്കിയത്‌. ഉപജീവനം ദുരിതപൂർണമാക്കുന്ന നയങ്ങളാണ്‌ കേന്ദ്രം നടപ്പാക്കുന്നത്‌.

കർഷക ദ്രോഹനയങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിൻവലിക്കുക, കേന്ദ്ര- പൊതുമേഖലാ ജീവനക്കാരെ പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ദേശീയ പണിമുടക്കിൽ കേരളത്തിൽ 1.60 കോടി തൊഴിലാളികൾ പങ്കെടുക്കും. മോട്ടോർവാഹനങ്ങൾ തൊഴിലാളികൾ നിരത്തിലിറക്കില്ല. സ്വകാര്യ വാഹനങ്ങളും പണിമുടക്കുമായി സഹകരിക്കണം. പാൽ, പത്രം, ആശുപത്രി, ടൂറിസം എന്നിവയെ ഒഴിവാക്കി. സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഓഫീസുകളുടെ പ്രവർത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും ബാധിക്കില്ല. അസംഘടിതമേഖലയിലെ തൊഴിലാളികളും പണിമുടക്കും. കേന്ദ്ര ട്രേഡ് യൂണിയനുകളും പൊതുമേഖലാ ജീവനക്കാരുടെ ഫെഡറേഷനുകളും കേന്ദ്ര–- സംസ്ഥാന സർക്കാർ ജീവനക്കാരും ഒന്നിച്ച്‌ നടത്തുന്ന പണിമുടക്കിൽ ദേശീയതലത്തിലെ പത്ത് സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും അണിചേരും. ബാങ്ക്, ഇൻഷുറൻസ് മേഖലയിലെ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, കെഎസ്ആർടിസി ഉൾപ്പെടെയുള്ള മോട്ടോർവാഹന തൊഴിലാളികൾ, വ്യാപാര വാണിജ്യ മേഖലകളിൽ ഉള്ളവരും ഭാഗമാകും.

25ന് അർധരാത്രി 12 മുതൽ 24 മണിക്കൂറാണ് പണിമുടക്ക്. 24ന്‌ എല്ലാ തൊഴിലാളികേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച്‌ ചെറു പ്രകടനങ്ങളും യോഗങ്ങളും നടത്തും. 25ന് വൈകിട്ട്‌  പന്തംകൊളുത്തി പ്രകടനം നടത്തും. വാർത്താ സമ്മേളനത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി, എഐൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ,  എഐടിയുസി സംസ്ഥാന പ്രസിഡന്റ്‌ ജെ ഉദയഭാനു, സോണിയ ജോർജ് (സേവ), തോമസ് ജോസഫ് (യുടിയുസി),  മാഹിൻ അബൂബക്കർ (എസ്ടിയു) എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top