20 June Thursday

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിലും മയക്കുമരുന്ന‌് വിൽപ്പന; പരിശോധനക്കിടെ വിതരണ ബാഗ‌് വലിച്ചെറിഞ്ഞ‌് രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

കൊച്ചി> ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ മയക്കുമരുന്ന‌് വിൽപ്പന വ്യാപകമാകുന്നതായി എക‌്സൈസ‌്. കൊച്ചിയിൽ അടുത്തിടെ ഇത്തരത്തിലുള്ള മൂന്നു കേസുകൾ പിടികൂടി. വൈപ്പിൻ–-കാളമുക്ക‌് ഭാഗത്ത‌് വാഹന പരിശോധന നടത്തവേ ബൈക്കിൽ വന്ന യുവാവ‌് ഭക്ഷണ വിതരണ ബാഗ‌് വലിച്ചെറിഞ്ഞ‌് രക്ഷപ്പെട്ടു. ബാഗ‌് പരിശോധിച്ചപ്പോൾ കഞ്ചാവ‌് കണ്ടെത്തി. തുടർന്ന‌് എക‌്സൈസ‌് ഇന്റലിജൻസ‌് നടത്തിയ അന്വേഷണത്തിൽ പെരിന്തൽമണ്ണ സ്വദേശി നികേഷിനെ (27) 320 ഗ്രാം ഹാഷിഷുമായി ഫോർട്ടുകൊച്ചി ഭാഗത്തു നിന്ന‌് പിടികൂടി. നഗരത്തിൽ ചരസ‌്, എംഡിഎംഎ, കഞ്ചാവ‌് എന്നിവ വിതരണം ചെയ‌്തതിന‌് കോഴിക്കോട‌് സ്വദേശികളായ മൂന്നു യുവാക്കളെ എറണാകുളം എക‌്സൈസ‌് റേഞ്ച‌് ഇൻസ‌്പെക‌്ടറും സംഘവും ചേർന്ന‌് അറസ‌്റ്റ‌് ചെയ‌്തിരുന്നു.

കമ്പനി സെക്രട്ടറിഷിപ്പ‌് കോഴ‌്സിന‌് പഠിച്ചിരുന്ന ഇവർ തമ്മനത്ത‌് വീട‌് വാടകയ‌്ക്ക‌് എടുത്താണ‌് താമസിച്ചിരുന്നത‌്. പാർട‌് ടൈമായി ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയിലും ഇവർ ജോലി ചെയ‌്തിരുന്നു. ഇതിന്റെ മറവിലായിരുന്നു മയക്കുമരുന്ന‌് വിൽപ്പന.  ഇവരുടെ താമസസ്ഥലത്തു നിന്ന‌് 95 ഗ്രാം ചരസ‌്, ആറു ഗ്രാം എംഡിഎഎ, 1.850 കിലോ കഞ്ചാവ‌് എന്നിവ കണ്ടെടുത്തു. ഓൺലൈൻ ഭക്ഷണവിതരണത്തിന‌് നിയമിക്കപ്പെടുന്നവരുടെ ക്രിമിനൽ പശ‌്ചാത്തലം പരിശോധിക്കാത്തതാണ‌് ഇത്തരത്തിൽ കുറ്റവാളികൾ കടന്നുകൂടാൻ കാരണമെന്നും തുടർന്ന‌് ഇവരെ കർശന പരിശോധനയ‌്ക്ക‌് വിധേയമാക്കുമെന്നും എക‌്സൈസ‌് അറിയിച്ചു.


പ്രധാന വാർത്തകൾ
 Top