19 October Saturday

നാനി ഡോസ്‌ : അമേരിക്കയിൽ ജോളിയായി കുലുങ്ങിച്ചിരിച്ച അമ്മൂമ്മ

ലെനി ജോസഫ്‌Updated: Wednesday Oct 9, 2019

‘ഞാൻ  എല്ലാം തികഞ്ഞ  ഭർത്താവിനെ തേടുകയായിരുന്നു. ജീവിതത്തിലെ യഥാർഥ പ്രണയം’‐  തന്റെ അഞ്ചു ഭർത്താക്കൻമാരിൽ നാലുപേരുൾപ്പെടെ 11 പേരെ കൊന്ന നാനി ഡോസ്‌  അറസ്‌റ്റിലായശേഷം  പൊലീസിനോട്‌ ഇങ്ങനെ പറഞ്ഞത്‌ ചിരിച്ചുകൊണ്ടായിരുന്നു.   ‘കുലുങ്ങിച്ചിരിക്കുന്ന അമ്മൂമ്മ’ എന്ന്‌ അറിയപ്പെടുന്ന ഈ അമേരിക്കക്കാരിയുടെ ജീവിതത്തിന്‌ കൂടത്തായിയിലെ ജോളിയുടെ ചെയ്‌തികളോട്‌ സാദൃശ്യമേറെ.

അലാബാമയിലെ ബ്ലൂ  മൗണ്ടനിലായിരുന്നു  നാനിയുടെ ജനനം.  പതിനാറാം വയസിൽ ചാർളി ബ്രാഗ്‌സിനെ വിവാഹം കഴിച്ചു.  ആ ബന്ധത്തിലെ നാലു കുട്ടികളിൽ രണ്ടുപേർ  ഒരേവർഷം ദുരൂഹസാഹചര്യത്തിൽ മരിച്ചു.  അപകടം മണത്ത ബ്രാഗ്‌സ്‌ ഇളയകുട്ടിയെ  നാനിനെയും  തന്റെ അമ്മയെയും  ഏൽപ്പിച്ച്‌  മൂത്ത മകളുമായി നാടുവിട്ടു. അധികം താമസിയാതെ ബ്രാഗ്‌സിന്റെ അമ്മ ദുരൂഹസാഹചര്യത്തിൽ മരിച്ചു.ഒരു വർഷം തികയുംമുമ്പ്‌ നാനി  കുടിയനായ ഫ്രാങ്ക്‌ ഹാരൽസണെ കല്യാണം കഴിച്ചു. 16 വർഷം നീണ്ട ഈ ബന്ധത്തിന്റെ കാലത്ത്‌ നാനി  നവജാതയായ  കൊച്ചുമകളെ  ഹെയർ പിൻ തലയിൽ കുത്തിക്കയറ്റി കൊന്നു. 

ഏതാനും മാസങ്ങൾക്കുള്ളിൽ രണ്ടുവയസുളള കൊച്ചുമകൻ  റോബർട്ട്‌   ശ്വാസംമുട്ടി മരിച്ചു. രണ്ടു കുട്ടികളും നാനിക്ക്‌   ആദ്യ ഭർത്താവിലുള്ള മൂത്തമകളുടേതായിരുന്നു.  ഹാരൽസൺ കുടിച്ചുകൂത്താടിയ ഒരു ദിവസം രാത്രി മദ്യ ഭരണിയിൽ നാനി വിഷം കലർത്തി.  ഒരാഴ്‌ചയ്‌ക്കുള്ളിൽ അദ്ദേഹവും മരിച്ചു. ഹാരൽസണിന്റെ മരണത്തിൽ നിന്ന്‌ കിട്ടിയ ഇൻഷുറൻസ്‌ പണംകൊണ്ട്‌ നാനി സ്ഥലവും വീടും വാങ്ങി. മൂന്നാം ഭർത്താവ്‌ ലാനിങ്ങിനെയും ഭക്ഷണത്തിൽ വിഷം കലർത്തിക്കൊന്നു.

ഇടുപ്പെല്ല്   പൊട്ടി നാനിയുടെ  സംരക്ഷണത്തിലായ അമ്മ ഏതാനും മാസങ്ങൾക്കുള്ളിൽ മരിച്ചു. അമ്മയുടെ മരണശേഷം നാനിയ്‌ക്ക്‌ ഒപ്പംകഴിഞ്ഞ സഹോദരിമാരിൽ ഒരാളും പെട്ടെന്ന്‌ മരിച്ചു.  തുടർന്ന്‌ നാനിയുടെ   നാലാം ഭർത്താവ്‌  റിച്ചാർഡ് മോർട്ടനെയും അയാളുടെ അമ്മയെയും വിഷം കൊടുത്തുകൊന്നു.

അഞ്ചാം ഭർത്താവ്‌ സാമുവലിനെ കൊല്ലാൻ  നാനി കേക്കിൽ വിഷം ചേർത്ത്‌ നൽകി.  ആശുപത്രിയിൽ  ഒരു മാസത്തെ ചികിൽസയ്‌ക്കുശേഷം രക്ഷപെട്ട്‌ വീട്ടിൽ എത്തിയ സാമുവലിനെ ഏതാനും ദിവസങ്ങൾക്കുള്ളിൽ കാപ്പിയിൽ വിഷം ചേർത്ത്‌ നൽകി കൊന്നു. ഭർത്താവിന്റെ പേരിൽ  ഇൻഷുറൻസ്‌ എടുത്തിരുന്ന  നാനി അത്‌ കിട്ടാനായി അപേക്ഷയും കൊടുത്തു. പക്ഷെ ഇത്തവണ നാനി കുടുങ്ങി. അവസാന ഭർത്താവിനെ ഒരുമാസത്തോളം ചികിൽസിച്ച  ഡോക്ടർ പോസ്‌റ്റ്‌മോർട്ടം വേണമെന്ന്‌ നിർബന്ധം പിടിച്ചു. പോസ്‌റ്റ്‌മോർട്ടം നടത്തിയതോടെ ഭർത്താവിന്റെ ശരീരത്തിൽ കൊടിയ വിഷമായ ആഴ്‌സെനിക്ക്‌ ആണെന്ന്‌ കണ്ടെത്തി.

ഓരോ കൊലപാതകം നടക്കുമ്പോഴും തനിക്ക്‌ വൻ ഇൻഷുറൻസ്‌ തുക കിട്ടത്തക്ക രീതിയിൽ നാനി പോളീസി എടുത്തിരുന്നു. ഒരു ഭർത്താവിനെ മടുക്കുമ്പോൾ അയാളെ കൊന്ന ശേഷം അടുത്തയാളെ തേടും.  ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട നാനി 1964ൽ ജയിലിലാണ്‌ മരിച്ചത്‌.


പ്രധാന വാർത്തകൾ
 Top