22 October Tuesday

"പ്രധാനമന്ത്രി പറഞ്ഞാലും മുത്തൂറ്റിൽ യൂണിയൻ അനുവദിക്കില്ല; അഹങ്കാരം കാണിച്ചാല്‍ മുത്തൂറ്റ് വെറുതെ വിടില്ല': ചെയർമാൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

തിരുവനന്തപുരം > പ്രധാനമന്ത്രി വന്ന് പറഞ്ഞാലും മുത്തൂറ്റില്‍ തൊഴിലാളി യൂണിയന്‍ അനുവദിക്കില്ലെന്ന് നിഷേധ നിലപാടുമായി ചെയര്‍മാന്‍ എം ജി ജോര്‍ജ്. പറഞ്ഞാല്‍ പ്രധാനമന്ത്രിയെയും വകവെയ്ക്കില്ലെന്നും എം ജി ജോര്‍ജ് പറഞ്ഞു. സംഘടനാ പ്രവര്‍ത്തനത്തിന് നിയമപരമായി തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്നിരിക്കെയാണ് അത് അംഗീകരിക്കില്ലെന്ന മുത്തൂറ്റ് ചെയര്‍മാന്റെ വാദം. മുത്തൂറ്റില്‍ തൊഴിലാളികള്‍ക്ക് സമരത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മധ്യസ്ഥ ചര്‍ച്ചകളോട് സഹകരിക്കണമെന്ന കര്‍ശന നിര്‍ദേശവും ഹൈക്കോടതി മാനേജ്‌മെന്റിന് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം ജി ജോര്‍ജ് രംഗത്തെത്തിയത്. മുത്തൂറ്റ് ഫിനാന്‍സിനെ കേരളത്തില്‍ നിന്ന് ഓടിക്കാനാണ് ശ്രമം നടക്കുന്നത്. വേണമെങ്കില്‍ സംസ്ഥാനത്തെ എല്ലാ ശാഖകളും പൂട്ടുമെന്ന് ചെയര്‍മാന്‍ ഭീഷണി മുഴക്കി.

സമരത്തിന്റെ പേരില്‍ കേരളത്തില്‍ മൊത്തം പൂട്ടേണ്ടി വന്നാലും പ്രശ്‌നമില്ല. എന്നാല്‍ അതിന്റെ ഉത്തരവാദിത്വം മാനേജ്‌മെന്റിന് ഉണ്ടാകില്ല. അഹങ്കാരം കാണിച്ചാല്‍ മുത്തൂറ്റ് വെറുതെ വിടില്ല ‐ എം ജി ജോർജ്ജ്‌ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top