27 May Wednesday

""കൊടിപിടിച്ചുള്ള ജാഥകളോട്‌ അസഹിഷ്‌ണുതയായിരുന്നു ; ദേശാഭിമാനി വെറും പാർട്ടി പത്രമെന്ന് പറഞ്ഞ് പുച്ഛിച്ചു തള്ളിയിരുന്നു''

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

2018 മാർച്ച് ആറിനാണ്‌ മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് കർഷകരുടെയും ആദിവാസികളുടെയും നേതൃത്വത്തിൽ 180 കിലോമീറ്റർ അകലെയുള്ള മുംബൈ നഗരത്തിലേക്ക് ഐതിഹാസികമായ കിസാൻ ലോങ് മാർച്ച് ആരംഭിച്ചത്‌. അരിവാളും ചുറ്റികയും ആലേഖനം ചെയ്ത ചുവന്ന കൊടിയും ചുവന്ന തൊപ്പിയുമായി നടന്നെത്തിയവർ മുംബൈ നഗരത്തിലേക്ക്‌ കടന്നെത്തിയതിനൊപ്പം രാജ്യത്തെ കർഷക സമരചരിത്രത്തിൽ പുതിയ അധ്യായം ചേർത്താണ്‌ മടങ്ങിയത്‌. അവരെല്ലാം സമരത്തിന്‌ നേതൃത്വം നൽകിയ അഖിലേന്ത്യ കിസാൻ സഭയുടെ പ്രവർത്തകരോ സിപിഐ എം അംഗങ്ങളോ ആയിരുന്നില്ല. നവലിബറൽ നയങ്ങൾ കർഷകരെ മരണക്കിടക്കയിലേക്ക്‌ തള്ളിവിടുന്നതിനെതിരെ ചേർത്തുനിർത്താൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്‌ യാഥാർത്ഥ്യം. അതിന്റെ വീര്യത്തിൽ പിന്നീട്‌ പലയിടങ്ങളിലും കർഷകർ ചുവന്നകൊടി പിടിച്ച്‌ തെരുവിലിറങ്ങി.

സമാനമായ സാഹചര്യമാണ്‌ കേരളത്തിലെ മുത്തൂറ്റ്‌ ഫിനാൻസിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്കും പറയാനുള്ളത്‌. ശമ്പള വർദ്ധനവിന്‌ വേണ്ടി, ചൂഷണങ്ങൾക്കെതിരായി ശബ്‌ദമുയർത്തിയപ്പോൾ കൂടെ നിൽക്കാൻ അതുവരെ പുച്ഛത്തോടെ മാത്രം കണ്ടിരുന്ന സിഐടിയു എന്ന സംഘടനയും അതിലെ തൊഴിലാളികളുമാണ്‌ വന്നത്‌. മുത്തൂറ്റ്‌ ഫിനാൻസ്‌ എംപേപോയീസ്‌ യൂണിയന്റെ ഫേസ്‌ബുക്ക്‌ പേജിൽ വന്ന കുറിപ്പ്‌ ഇത്തരം യാഥാർത്ഥ്യങ്ങളെ അംഗീകരിച്ചുകൊണ്ടുളളതാണ്‌.

മുത്തൂറ്റ്‌ തൊഴിലാളികളുടെ വാക്കുകൾ:

2016 ഓഗസ്റ്റിന് മുൻപ് പാതയോരത്ത് സമര പന്തലുകൾ കാണുമ്പോൾ പുച്ഛിച്ചു തള്ളിയിരുന്നു ഞങ്ങളിൽ ഭൂരിപക്ഷം പേരും. നീല ഷർട്ട് ഇട്ട് തലയിൽ കെട്ടും കെട്ടി ചുമട് എടുക്കുന്നവരെ തെല്ല് ഭയത്തോടെയും വെറുപ്പോടെയും നോക്കിയിരുന്നു ഞങ്ങൾ. വഴിയിൽ കൂടി കൊടി പിടിച്ചു നടത്തുന്ന പ്രതിഷേധ ജാഥകളെ അസഹിഷ്ണുതയോടെ കണ്ടിരുന്നു ഞങ്ങൾ. ദേശാഭിമാനി വെറും പാർട്ടി പത്രം മാത്രമെന്ന് പറഞ്ഞ് പുച്ഛിച്ചു തള്ളിയിരുന്നു ഞങ്ങൾ. ആ ഞങ്ങൾ ഈ 3 വർഷകാലം കൊണ്ട് പലതും പഠിച്ചു, മനസ്സിലാക്കി. വർഗ്ഗ ഐക്യം, വർഗ്ഗ സമരം, ചുമട്ടുതൊഴിലാളികളുടെ കരുതലും നൻമയും, സമൂഹത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളിലെ നീറുന്ന വേദനകൾ,അതിലെ നൻമകൾ... ദേശാഭിമാനിയിലൂടെ മാത്രമാണ് ഞങ്ങളുടെ പോരാട്ടങ്ങൾ പുറംലോകമറിഞ്ഞത് എന്ന തിരിച്ചറിവ്.

സമര പന്തലിലേക്ക് അരിയും പച്ചക്കറിയും ഉത്പന്നങ്ങളുമായി ഞങ്ങടെ കണ്ണീരൊപ്പാൻ വന്ന തൊഴിലാളി സുഹൃത്തുക്കളെ കണ്ടപ്പോൾ ഞങ്ങടെ സഹോദരിമാർ നിങ്ങൾ നൽകുന്ന കരുതലിലെ നന്ദി കണ്ണീരായി പൊഴിക്കുകയാണിന്ന്.

ബ്രാഞ്ചിനു മുന്നിൽ സമരം ചെയ്യുന്ന ഞങ്ങൾക്ക് പൊതിച്ചോറുമായി എത്തുന്ന പ്രിയ സഖാക്കൾ....  പഴവും വെള്ളവും ബിസ്കറ്റുമൊക്കെ നിർബന്ധിച്ച് തന്നിട്ട് ഒരിക്കലും തോൽക്കരുത് എന്ന് പറഞ്ഞു തോളത്തു തട്ടി ആശ്വസിപ്പിക്കുന്ന ബ്രാഞ്ചിനടുത്തുള്ള കടക്കാർ...

കേരളം ഒന്നടങ്കം ഏറ്റെടുക്കുകയാണ് ഞങ്ങളുടെ സഹന സമരത്തെ.... 32 ദിനങ്ങൾ... ഇനിയും പൊള്ളുന്ന സമര ദിനങ്ങൾ നേരിടാൻ ഉള്ള പ്രചോദനമാവുന്നത് കേരള ത്തിലെ തൊഴിലാളി സമൂഹം തന്നെയാണ്. സമര രംഗത്തേക്ക് അഭിവാദ്യവുമായി എത്തുന്ന വിവിധ മേഖലയിലെ തൊഴിലാളി സുഹൃത്തുക്കളാണിന്ന് ഞങ്ങടെ ശക്തിയും ധൈര്യവും ...

തെല്ലും ആശങ്കയില്ല ഞങ്ങൾക്ക്... ഇത് ധർമ്മ സമരമാണ്, സഹന സമരമാണ്... വിജയിക്കുക തന്നെ ചെയ്യും.

തൊഴിലാളി സമരങ്ങളെ പുച്ഛിക്കുന്ന ഭൂരിഭാഗം ആളുകൾക്കും സമരങ്ങളോടുള്ള സമീപനം മാറുന്നത്‌ സ്വയം ഒരു തൊഴിലാളിയായി മാറിയതിന്‌ ശേഷമായിരിക്കും. അവർക്ക്‌ മുന്നിൽ ഇപ്പോൾ കാണാവുന്ന ഉദാഹരണമാണ്‌ മുത്തൂറ്റിലെ തൊഴിലാളികളുടെ സമരം.

 


പ്രധാന വാർത്തകൾ
 Top