09 May Sunday

മടിയിൽ കനമുണ്ട്; കേന്ദ്ര ഏജൻസികളെ വിമർശിക്കാൻ ലീഗില്ല

പി വി ജീജോUpdated: Saturday Nov 21, 2020

കോഴിക്കോട്‌  > എൻഫോഴ്‌സ്‌മെന്റും കേന്ദ്രഏജൻസികളും തേടിവരുമോ? മുസ്ലിംലീഗ്‌ നേതാക്കൾക്ക്‌ ചെറുതല്ല ഈ ഭീതി. അനധികൃത സമ്പാദ്യം, വിദേശത്തെ ഇടപാടുകൾ ഇവയെക്കുറിച്ച്‌ ഇഡിയോ കേന്ദ്ര ഏജൻസികളോ അന്വേഷിച്ചാൽ പ്രമുഖ നേതാക്കളെല്ലാം കുടുങ്ങുമെന്ന ഭീതിയാണ്‌ ലീഗിന്‌‌. 

സംസ്ഥാനത്ത്‌  അമിതാധികാര പ്രവണത കാട്ടുന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ ലീഗ്‌ എതിർക്കാതിരിക്കുന്നതും ഈ ഭയത്താലാണ്‌. സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയെ തുടർച്ചയായി ഇഡി ചോദ്യംചെയ്‌തു. എന്നാൽ ലീഗ്‌ നേതൃത്വം വിമർശിച്ചത്‌ വിജിലൻസിനെയാണ്‌‌. ഇ ഡിയെ കുറിച്ച്‌ മിണ്ടിയില്ല.

മാറാട്‌ കൂട്ടക്കൊലയടക്കം ലീഗിനെ അലോസരപ്പെടുത്തുന്ന പലതും നിശ്ശബ്ദമാക്കാൻ ബിജെപി പ്രയോഗിക്കുമെന്നതും മൗനത്തിന്‌ കാരണമാണ്‌. മാറാട്‌ കേസ്‌ ഒത്തുതീർപ്പാക്കുന്നതിലടക്കം നടത്തിയ ഇടപാടുകൾ ചർച്ചയാകുന്നതും ലീഗിന്‌ ക്ഷീണമാകും. ഐസ്‌ക്രീം പാർലർ പെൺവാണിഭമടക്കം മടിയിൽ കനമുള്ളതും നാണക്കേടുവരുത്തുന്നതുമായ കേസും പൊല്ലാപ്പും വേറെയുമുണ്ട്‌‌. ‌ ഇതൊക്കെ ബിജെപിക്കും  കേന്ദ്രസർക്കാരിനെതിരെയും വാ തുറക്കാതിരിക്കാൻ ലീഗിനെ നിർബന്ധിതമാക്കുന്നു. അനധികൃത സ്വത്ത്‌ സമ്പാദ്യവും പണ ഇടപാടുകളുമുള്ള  നേതാക്കൾക്കുള്ള പേടിയാണ്‌  മൗനത്തിന്‌ പിന്നിലെന്ന്‌ പറയുന്നത്‌ എതിരാളികൾ മാത്രമല്ല, പ്രവർത്തകരിൽ നല്ലൊരു വിഭാഗത്തിനും ഇതേ അഭിപ്രായമുണ്ട്‌.

ലീഗിന്റെ വാട്‌സാപ്‌ ഗ്രൂപ്പുകളടക്കം  സമൂഹ മാധ്യമങ്ങളിലും സമാനചർച്ചകളും വിമർശനങ്ങളും തകർക്കുന്നു.  ചില ഉന്നത നേതാക്കളെ ബിജെപി ബ്ലാക്ക്‌മെയിൽ ചെയ്‌തു കൂടെ നിർത്തുകയാണെന്ന്‌  ആരോപണവും ഉയർന്നിട്ടുണ്ട്‌. ബിജെപിയും കെ സുരേന്ദ്രനും പറയുന്നത്‌ ആവർത്തിച്ച്‌ നേതൃത്വം കെണിയിൽപ്പെടുകയാണെന്ന ആക്ഷേപവും ഇത്തരം  ചർച്ചകളിലുണ്ട്‌.

അഴിമതി പ്രതിച്ഛായ ശക്തം
മുൻമന്ത്രിയടക്കം രണ്ട്‌ എംഎൽഎമാർ അകത്തായതോടെ ലീഗിനാണ്‌ നഷ്ടം. അഴിമതിക്കാരെന്ന  പ്രതിച്ഛായ ശക്തമായി. കോൺഗ്രസാകട്ടെ ലീഗിനായി വാദിക്കാൻ സജീവമായി രംഗത്തില്ലെന്ന പരാതിയും പ്രാദേശിക നേതാക്കളടക്കം പങ്കിടുന്നു. ചാനൽ ചർച്ചകളിൽ നേതാക്കളെ അറസ്‌റ്റ്‌ ചെയ്യാൻ വെല്ലുവിളിച്ച്‌ അപഹാസ്യരായ യൂത്ത്‌‌ലീഗ്‌ നേതാക്കളോടുള്ള അമർഷവും പ്രവർത്തകർ പാർടി ഗ്രൂപ്പുകളിൽ ഉയർത്തുന്നുണ്ട്‌.

ജമാ അത്തെ ഇസ്ലാമിയുമായി പരസ്യസഖ്യവും  എസ്‌ഡിപിഐയുമായുള്ള രഹസ്യധാരണയും ലീഗിൽ അഭിപ്രായവ്യത്യാസം രൂക്ഷമാക്കിയിട്ടുണ്ട്‌.  ചില പഞ്ചായത്തുകളിലും മുനസിപ്പാലിറ്റികളിലും ബിജെപിയുമായും രഹസ്യമായി ധാരണയുണ്ട്‌.  ഇതിനെല്ലാം നേതൃത്വം നൽകുന്നത്‌ ഉന്നത നേതാക്കൾ തന്നെയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top