18 February Monday

മുനമ്പത്ത‌് നിന്നുള്ള ആദ്യ മനുഷ്യക്കടത്ത‌് 2015ൽ; ഒരാളില്‍ നിന്നും കൈപ്പറ്റുന്നത് 10 ലക്ഷംരൂപ വരെ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 15, 2019

കൊച്ചി > മുനമ്പത്ത‌് നിന്നും ഓസ‌്‌‌ട്രേലിയയിലേക്ക‌് മത്സ്യബന്ധന ബോട്ടിൽ ആദ്യം കടക്കാൻ ശ്രമിച്ചത‌് 2015ൽ. ചെന്നൈയിലെ ശ്രീലങ്കൻ അഭയാർഥി ക്യാമ്പിൽ നിന്നും രക്ഷപെട്ട 14 പേരാണ‌് അന്ന‌് പിടിയിലായത‌്. ചെറുപ്പക്കാരായ ഈ സംഘം ഓസ‌്ട്രേലിയയിൽ എന്തെങ്കിലും തൊഴിലെടുക്കാൻ തയ്യാറായാണ‌് മനുഷ്യക്കടത്ത‌് സംഘവുമായി ചേർന്നത‌്.

മുനമ്പം പൊലീസ‌് അറസ‌്റ്റ‌് ചെയ‌്ത സംഘത്തെ കോടതിയിൽ ഹാജരാക്കി വീണ്ടും ചെന്നൈയിലെ ക്യാമ്പിലെത്തിച്ചു. ഓസ‌്ട്രേലിയയിൽ അഭയാർഥികളായി എത്തി പിന്നീടി കുടിയേറി പാർക്കാനുള്ള നീക്കമായിരുന്നു അത‌്. അവിടെ ജോലിക്ക‌് കൂടുതൽ വരുമാനം ലഭിക്കുമെന്ന അറിവാണ‌് കൂടുതൽ പേരെയും അനധികൃതമായി കടക്കാൻ പ്രേരിപ്പിക്കുന്നത‌്. ശ്രീലങ്കൻ അഭയാർഥികളുടെ അരക്ഷിതാവസ്ഥ മുതലെടുത്ത‌ാണ‌് മനുഷ്യകടത്ത‌് സംഘം ആളുകളെ കടത്തുന്നത‌്. ഒരാളിൽ നിന്നും ഏഴു മുതൽ പത്ത‌് ലക്ഷം വരെയാണ‌് ഈടാക്കുന്നത‌്.

നേരത്തെ ശ്രീലങ്കയിൽ ആഭ്യന്തര യുദ്ധമുണ്ടായപ്പോൾ എൽടിടിഇക്കാർ തമിഴ‌് വംശജരെ വിദേശ രാജ്യങ്ങളിലേക്ക‌് കടത്തിയിരുന്നു. സമ്പന്ന രാജ്യങ്ങളിൽ കുടിയേറ്റക്കാരായി എത്തുന്ന ഇവർക്ക‌് ജോലിയും ശരിപ്പെടുത്തിയിരുന്നു. എന്നാൽ ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും എൽടിടിഇക്ക‌് കൈമാറണമായിരുന്നു. എൽടിടിഇ പ്രവർത്തനം അവസാനിച്ചതോടെ തമിഴ‌് വംശജരുടെ വിദേശ കുടിയേറ്റത്തിലും മാറ്റമുണ്ടായി.

മുനമ്പത്ത‌് നിന്നും ഇപ്പോൾ ഓസ‌്ട്രേലിയയിലേക്ക‌് കടന്നുവെന്ന‌് സംശയിക്കുന്ന സംഘത്തിന്റെ പിന്നിലും ഇത്തരം സംഘടനകളോ ഏജൻസികളോ പ്രവർത്തിക്കുന്നുണ്ടോയെന്ന‌് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നുണ്ട‌്. സംഘത്തിൽ കുട്ടികളും സ‌്ത്രീകളും ഉൾപ്പെട്ടതിനാൽ ഭീകരവാദ സംഘടനകളുടെ സാന്നിദ്ധ്യമുണ്ടാകാനുള്ള സാധ്യതയിലെന്നാണ‌് പൊലീസിന്റെ വിലയിരുത്തൽ.


പ്രധാന വാർത്തകൾ
 Top