25 May Saturday

അപകടങ്ങൾ തുടരുന്നു; കണ്ണടച്ച‌് കേന്ദ്രസർക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018


കൊച്ചി
കപ്പൽ ബോട്ടിലിടിച്ചുള്ള അപകടങ്ങൾ പതിവാകുന്നത‌് മത്സ്യത്തൊഴിലാളികളിൽ ഭീതി പരത്തുന്നു. വിദേശ കപ്പലുകളാണ‌് പലപ്പോഴും വില്ലനായതെങ്കിൽ ചൊവ്വാഴ‌്ച മുനമ്പത്തുനിന്നുപോയ ബോട്ടിൽ ഇടിച്ചത‌് ഇന്ത്യൻ ചരക്കുകപ്പലാണ‌്. ഏട്ടു വർഷത്തിനിടയിൽ കപ്പലുകളുടെ മരണ പ്പാച്ചിലിൽ പതിനഞ്ചോളം  മത്സ്യത്തൊഴിലാളികൾക്കാണ‌് ജീവൻ നഷ്ടമായത‌്. ഇതിൽ കൊല്ലത്ത്‌ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ്‌ മരിച്ചവരും ഉൾപ്പെടും.

2012 മാർച്ച്‌ ഒന്നിന്‌ വിദേശകപ്പൽ മൽസ്യബന്ധന ബോട്ടിലിടിച്ച്‌ ആലപ്പുഴയിൽ അഞ്ചുപേരാണ്‌ മരിച്ചത്‌. ഒടുവിൽ 2018 ജൂൺ ഏഴിന് കൊച്ചിയിൽനിന്ന‌് 20 നോട്ടിക്കൽ മൈൽ അകലെ ബോട്ടിൽ കപ്പലിടിച്ച്  രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു.

2013 ഫെബ്രുവരിയിൽ കൊച്ചിയിൽനിന്നുപോയ ബോട്ടിലേക്ക്‌ ഏഴിമലയിൽ ചരക്കുകപ്പൽ പാഞ്ഞുകയറി നിരവധി മത്സ്യത്തൊഴിലാളികൾക്ക്‌ പരിക്കേറ്റു.

2014 മെയ് ആലപ്പുഴയിൽനിന്ന് 32 നോട്ടിക്കൽ മൈൽ അകലെ വിദേശകപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചെങ്കിലും ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

2014 മെയിൽ നെയ്യാറ്റിൻകരയ്ക്ക് സമീപവും കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചു. പിറ്റേമാസം കൊച്ചിയിൽനിന്ന് 11 നോട്ടിൽ മൈൽ അകലെ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചു. ഇൗ രണ്ട‌് അപകടങ്ങളിലും തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

2014 ജൂലൈയിൽ കൊച്ചിയിൽനിന്ന് 15 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനത്തിനിടെ കപ്പലിന്റെ നങ്കൂരത്തിൽ വല കുടുങ്ങി ബോട്ട് അപകടത്തിൽപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന മുഴുവൻപേർക്കും പരിക്കേറ്റു.

2014 ഒക്ടോബറിൽ കൊച്ചി അഴിമുഖത്ത് കപ്പൽ ബോട്ടിലിടിച്ച‌് തൊഴിലാളികൾക്ക‌് പരിക്കേറ്റു.

2015 ആഗസ‌്തിൽ നീണ്ടകരയിൽനിന്ന് 20 നോട്ടിക്കൽ മൈൽ അകലെയുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

2015 ഒക്ടോബറിൽ ശക്തികുളങ്ങരയിൽനിന്ന് 30 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ബോട്ടിൽ ഇടിച്ചു. കഴിഞ്ഞവർഷം ജനുവരിയിൽ കൊച്ചിയിൽനിന്ന് 65 നോട്ടിക്കൽ മൈൽ അകലെയുണ്ടായ അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു.

2017 ജൂൺ 11ന് കൊച്ചിയിൽനിന്ന് 20 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടു കിടന്ന മത്സ്യബന്ധന ബോട്ടിൽ ചരക്കുകപ്പൽ ഇടിച്ച‌്  മൂന്നു പേരാണ‌് മരിച്ചത‌്. 11 പേർക്ക് പരിക്കേറ്റു. ഇതേവർഷം ആഗസ‌്റ്റിൽ രണ്ട‌് അപകടങ്ങളുണ്ടായി. വിഴിഞ്ഞത്തുനിന്ന് 13 നോട്ടിക്കൽ മൈൽ അകലെയുണ്ടായ  അപകടത്തിൽ  ആർക്കും പരിക്കേറ്റില്ലെങ്കിലും നീണ്ടകരയിൽനിന്ന‌് 40 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ബോട്ടിലിടിച്ച്  ആറു പേർക്ക് പരിക്കേറ്റു.

2017 ഒക്ടോബർ 11ന് ബേപ്പൂരിൽ നിന്ന‌് 51 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ബോട്ടിൽ ഇടിച്ച‌്  നാല് മത്സ്യത്തൊഴിലാളികളെ കാണാതായി.

അപകടങ്ങൾക്ക്‌ കാരണക്കാരാകുന്ന വിദേശകപ്പലുകളെ നിയമത്തിന്റെ മുന്നിൽക്കൊണ്ടുവരാനും പലപ്പോഴും സാധിക്കാറില്ല. ഇടിച്ച കപ്പലുകൾ നിർത്താതെപോകുന്ന സാഹചര്യത്തിൽ പിന്നീട്‌ ഈ കപ്പലുകളെക്കുറിച്ച്‌ കേന്ദ്രഅധികൃതർക്ക്‌ വിവരം ലഭിച്ചാലും ആവശ്യമായ നടപടി സ്വീകരിക്കാറുമില്ല. രണ്ട്‌ മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത ഇറ്റാലിയൻ നാവികരുമായുള്ള കേസിൽ അന്താരാഷ്ട്ര നീതി ന്യായക്കോടതിയിൽ ഇന്ത്യക്കേറ്റ തിരിച്ചടിയും കേന്ദ്ര സർക്കാരിന്റെ അലംഭാവത്തിനു തെളിവാണ‌്.

തെരച്ചിൽ ഇന്നും തുടരും
കൊച്ചി
കപ്പൽ ഇടിച്ച് മീൻപിടിത്തബോട്ട‌് തകർന്ന സംഭവത്തിൽ കാണാതായവർക്കായി നാവിക സേനയുടെയും തീരദേശ സേനയുടെയും മത്സ്യത്തൊഴിലാളികളുടെയും സംയുക്ത തെരച്ചിലാണ‌് നടന്നത‌്.

ചൊവ്വാഴ‌്ച ഇരുട്ടുന്നതുവരെ തെരച്ചിൽ തുടർന്നെങ്കിലും അപകടത്തിൽപ്പെട്ട  ഒമ്പതുപേരെ കണ്ടെത്താനായില്ല. ബുധനാഴ‌്ച പുലർച്ചെ  തെരച്ചിൽ പുനരാരംഭിക്കും.

നാവിക സേനയുടെയും തീരദേശ സേനയുടെയും കപ്പലുകൾ അപകടസ്ഥലം കേന്ദ്രീകരിച്ചു തങ്ങുകയാണ‌്.
അപകടമുണ്ടാക്കിയ എം വി ദേശ് ശക്തി എന്ന ചരക്ക് കപ്പൽ രക്ഷാ പ്രവർത്തനത്തിന് ശ്രമിക്കാതെ നിർത്താതെ പോയതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത‌്. മൂന്നു മണിക്കൂറിനുശേഷം അപകട സ്ഥലത്തെത്തിയ മഞ്ഞുമാതാ എന്ന മത്സ്യബന്ധനബോട്ടാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയതും രണ്ടുപേരെ രക്ഷിച്ചതും. മഞ്ഞുമാതാ ബോട്ടിലുണ്ടായിരുന്നവരാണ് വിവരം പുറംലോകത്തെ അറിയിച്ചത്. പിന്നീട‌് കൂടുതൽ ബോട്ടുകൾ സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു.

ഇടിച്ചിട്ടത‌് എംവി ദേശ‌്ശക്തി;  കപ്പല്‍ മംഗളൂരുവിൽ
കൊച്ചി
മത്സ്യത്തൊഴിലാളികളുടെ ബോട്ടിലിടിച്ച‌് നിർത്താതെപോയത് മുംബൈ ആസ്ഥാനമായുള്ള എംവി ദേശ്‌ശക്തി എന്ന കപ്പലെന്നാണ് പ്രാഥമികനിഗമനം. കപ്പൽ ചെന്നൈയിൽനിന്ന് ഇറാഖിലേക്ക് പോകുകയായിരുന്നു. കപ്പലിന്റെ സ്ഥാനം, അപകടമുണ്ടായ സ്ഥലം, സമയം എന്നിവ അപഗ്രഥിച്ചാണ് അപകടമുണ്ടാക്കിയത് ദേശ‌്ശക്തിയാണെന്ന് നാവികസേനയും കോസ്റ്റ്ഗാർഡും കണ്ടെത്തിയത്.  തിരിച്ചറിയുമ്പോൾ മംഗളൂരു ഭാഗത്തായിരുന്നു കപ്പൽ. കപ്പൽ നങ്കൂരമിടാൻ ആവശ്യപ്പെട്ട് ഡിജി ഷിപ്പിങ്‌ ക്യാപ‌്റ്റനു നിർദേശം നൽകി. ക്യാപ‌്റ്റനെയും  കപ്പലിൽ ഉണ്ടായിരുന്നവരെയും ചോദ്യംചെയ്തശേഷമാകും അപകടമുണ്ടാക്കിയത് എംവി ദേശ്‌ശക്തി ആണോയെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുക.

കൊച്ചിതീരത്തുനിന്ന് 27 നോട്ടിക്കൽ മൈൽ മാറി കപ്പൽച്ചാലിലാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. ഈ സമയം ചാലിൽ ഉണ്ടായിരുന്ന കപ്പലുകൾ,  കടന്നുപോയ കപ്പലുകൾ എന്നിവയെ കേന്ദ്രീകരിച്ചാണ‌് അന്വേഷണം നടത്തിയത്. മറ്റു മൂന്നു കപ്പൽകൂടി നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം.

 

പ്രധാന വാർത്തകൾ
 Top