22 September Tuesday

മുല്ലപ്പെരിയാറിലെ ജലം ഒഴുക്കിവിടണം; തമിഴ്‌നാടിന് കത്തയച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

‌തിരുവനന്തപുരം > മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി എത്തിയാൽ വെള്ളം ഒഴുക്കിവിടണമെന്ന്‌ ആവശ്യപ്പെട്ട്‌ ചീഫ്‌ സെക്രട്ടറി ഡോ. വിശ്വാസ്‌ മേത്ത തമിഴ്‌നാടിന്‌ കത്തയച്ചു. ജലം ടണൽവഴി വൈഗ ഡാമിലേക്ക്‌ കൊണ്ടുവന്ന്‌ പതിയെ പുറത്തേക്ക് ഒഴുക്കിവിടാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന്‌‌ തമിഴ്നാട് ചീഫ് സെക്രട്ടറി കെ ഷൺമുഖന് അയച്ച കത്തിൽ ആവശ്യപ്പെട്ടു‌. ഷട്ടറുകൾ തുറക്കുന്നതിന്‌ ചുരുങ്ങിയത് 24 മണിക്കൂർമുമ്പ് കേരള സർക്കാരിനെ അറിയിക്കണം.

കനത്ത മഴയിൽ മുല്ലപ്പെരിയാർ റിസർവോയറിന്റെ ക്യാച്‌മെന്റ്‌ ഏരിയയിൽ ജലനിരപ്പ് വളരെവേഗം ഉയരുകയാണ്. ഈ മാസം മൂന്നിന് 116.20 അടിയായിരുന്നത്‌ ഏഴിന്‌ പകൽ രണ്ടിന്‌ 131.25 അടിയായി. വരുന്ന രണ്ടു ദിവസം ജില്ലയിൽ റെഡ് അലർട്ടാണ്. നിലവിൽ റിസർവോയറിലേക്ക്‌ വരുന്ന വെള്ളത്തിന്റെ അളവ് 13,257  ക്യൂസെക്സും ടണൽവഴി പുറന്തള്ളുന്നത്‌ 1650 ക്യൂസെക്സും ആണ്. 24 മണിക്കൂറിനുള്ളിൽ മുല്ലപ്പെരിയാർ ഡാമിലും തേക്കടിയിലും പെയ്തത് യഥാക്രമം 198.4, 157.2 മില്ലീ മീറ്റർ മഴയാണ്. ഈ സമയത്ത്‌ ജലനിരപ്പ്‌ ഏഴടി ഉയർന്നു.

കട്ടപ്പന എംഐ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ നൽകിയ വിവരപ്രകാരം തമിഴ്നാടിന്റെ ഭാഗമായ പെരിയാർ ഡാമിന്റെ സർപ്ലസ്‌ ഷട്ടറുകൾ 1,22,000  ക്യൂസെക്സ് ജലം പുറന്തള്ളാൻ പര്യാപ്തമാണ്. ജലം പടിപടിയായി പുറത്തുവിടാൻ അടിയന്തര നടപടി വേണം. ചാലക്കുടി ബേസിനിൽ വെള്ളത്തിന്റെ അളവ് കൂടിയതിനാൽ പെരിങ്ങൽക്കുത്ത് റിസർവോയറിലെ ഷട്ടറുകൾ തുറന്നതായും അറിയുന്നു. അതിനാൽ, പിഎപി സിസ്റ്റത്തിലെ അണക്കെട്ടുകൾ തുറക്കുന്ന സന്ദർഭത്തിൽ കേരളത്തിലെ എൻജിനിയർമാരുമായി ബന്ധപ്പെടണം. വെള്ളപ്പൊക്കത്തിന്റെ തീവ്രതയും ജലത്തിന്റെ ഒഴുക്കും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറുകയും ചർച്ച ചെയ്യണമെന്നും കത്തിൽ അഭ്യർഥിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top