20 September Friday

മോട്ടോർ വാഹന നിയമ ഭേദഗതി: സംസ്ഥാനത്ത്‌ പ്രതിഷേധം ശക്തം

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

തിരുവനന്തപുരം
റോഡ്‌ ഗതാഗതമേഖലയെ കുത്തകകൾക്ക്‌ വിട്ടുകൊടുക്കാനുള്ള മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത്‌ വ്യാപക പ്രതിഷേധം. ഓൾ ഇന്ത്യ റോഡ്‌ ട്രാൻസ്‌പോർട്ട്‌ വർക്കേഴ്‌സ്‌ ഫെഡറേഷന്റെ ആഹ്വാനപ്രകാരം സംസ്ഥാനത്ത്‌ വിവിധ കേന്ദ്രങ്ങളിൽ മോട്ടോർ തൊഴിലാളികൾ പ്രതിഷേധിച്ചു.
|
ജില്ലാ, താലൂക്ക്‌ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. പാർലമെന്റ്‌ അംഗീകരിച്ച നിയമഭേദഗതി നടപ്പാക്കാനാവശ്യമായ റൂളുകൾ ഇനിയും രൂപീകരിച്ചിട്ടില്ല. നിയമ ഭേദഗതി രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കുന്നതാണ്‌. സംസ്ഥാനങ്ങളുടെ അവകാശം കവരുന്നതാണ്‌ നിയമഭേദഗതി. റോഡ്‌ അപകടം കുറയ്‌ക്കാനെന്ന പേരിൽ കടുത്ത ശിക്ഷാ നടപടികളാണ്‌ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്നത്‌. നിയമം നടപ്പാക്കുന്നതിനെതിരെ സമരം ശക്തമാക്കുമെന്നും നിയമത്തിനെതിരെ പ്രതിഷേധിച്ച എല്ലാ തൊഴിലാളികളെയും അഭിവാദ്യം ചെയ്യുന്നതായും ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ കെ ദിവാകരൻ പറഞ്ഞു.

തിരുവനന്തപുരത്ത്‌ തമ്പാനൂരിൽ മോട്ടോർ തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം നടന്നു. ഓട്ടോ ടാക്‌സി ആൻഡ്‌ ലൈറ്റ്‌ മോട്ടോർ വർക്കേഴ്‌സ്‌ ഫെഡറേഷനും കെഎസ്‌ആർടിഇഎയും സംയുക്തമായാണ്‌ പ്രകടനം നടത്തിയത്‌. ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ ജയമോഹനകുമാർ, വി എസ്‌ ഹരിലാൽ, സലിം, മുരുകൻ, കുട്ടപ്പൻ, അനിൽ ആൻഡ്രൂസ്‌, സ്റ്റാലിൻ സേവ്യർ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top