28 May Thursday

ജീവനക്കാരുടെ സുരക്ഷ മുഖ്യം ; പിപിഇ കിറ്റുകൾ ആവശ്യത്തിനുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


സ്വന്തം ലേഖിക
കോവിഡ്‌ ഐസൊലേഷൻ വാർഡുകളിൽ  ജോലിചെയ്യുന്ന  ഡോക്ടർമാരും നേഴ്‌സുമാരും ഉൾപ്പെടെ ജീവനക്കാർക്കുള്ള വ്യക്തിസുരക്ഷാ കിറ്റുകൾ സംസ്ഥാനത്ത്‌ സ്‌റ്റോക്കുണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ വ്യക്തമാക്കി. 38,879 വ്യക്തിസുരക്ഷാ കിറ്റും 1.10 ലക്ഷം എൻ 95 മാസ്കും  കരുതലായുണ്ട്‌. ജീവനക്കാർക്ക്‌ രോഗം പകരാതിരിക്കാനുള്ള എല്ലാ മുൻകരുതലും എടുത്തിട്ടുണ്ട്‌. ഏഴു ദിവസം ഡ്യൂട്ടിക്കുശേഷം ഇവർക്ക്‌ 14 ദിവസം നിർബന്ധിത നിരീക്ഷണവും ഉറപ്പാക്കുന്നതായും ആരോഗ്യ വകുപ്പ്‌ അറിയിച്ചു.

ഐസൊലേഷൻ വാർഡുകളിൽ ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക്‌ ലോകാരോഗ്യ സംഘടനയും ഐസിഎംആറും നിഷ്കർഷിക്കുന്ന നിലവാരമുള്ള വ്യക്തിസുരക്ഷാ കവചം (പിപിഇ കിറ്റ്‌) പ്രതിദിനം 3000  എണ്ണമാണ്‌ ആവശ്യം. രോഗികളുമായി അടുത്തിടപഴകുന്ന ആരോഗ്യപ്രവർത്തകർ  ധരിക്കേണ്ട എൻ 95 മാസ്ക്‌
ദിവസവും 22,000 എണ്ണമാണ്‌  വേണ്ടിവരുന്നത്‌. തുടർച്ചയായി നാലു മണിക്കൂർ മാത്രമേ ഇവ രണ്ടും ഉപയോഗിക്കാനാകൂ.

ആശുപത്രികളിൽ സ്‌റ്റോക്കുള്ള 38,879 പിപിഇ കിറ്റിനു പുറമെ കേരള മെഡിക്കൽ സർവീസ്‌ കോർപറേഷനിൽ 20,000 എണ്ണം കരുതലുണ്ട്‌. ഇതിനുപുറമെ ഒമ്പതു കമ്പനിയിൽനിന്നായി ദിവസവും ആറായിരത്തോളം കിറ്റ്‌ എത്തുന്നുണ്ട്‌. ഇതിൽ അഞ്ച്‌ കമ്പനി സംസ്ഥാനത്തുള്ളതാണ്‌.

സ്‌റ്റോക്കുള്ള 1.10 ലക്ഷം എൻ 95 മാസ്കിനു പുറമെ 23,000 എണ്ണം അധിക കരുതലായും സൂക്ഷിക്കുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള നാല്‌ കമ്പനി ഉൾപ്പെടെ ഏഴ്‌ കമ്പനിയാണ്‌ കെഎംഎസ്‌സിഎല്ലിനായി മാസ്ക്‌ ലഭ്യമാക്കുന്നത്‌. ചൈനയിൽനിന്ന്‌ മൂന്നുലക്ഷം എൻ 95 മാസ്ക്‌ ലഭ്യമാക്കാനും ശ്രമം നടക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ്‌ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top