25 June Tuesday
മോഹൻലാലിന് വേണ്ടി ഹാജരായത് സുപ്രിംകോടതി ചീഫ് ജസ്റ്റീസിന്റെ മകൾ

മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ച കേസ‌്; അന്വേഷണം ഊര്‍ജിതമാക്കണമെന്ന ഹര്‍ജി ജൂലൈ 11ന് പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

കൊച്ചി> സിനിമാനടൻ മോഹൻലാൽ നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വെച്ചെന്ന കേസിലെ അന്വേഷണം ഊർജിതമാക്കണമെന്ന ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ജൂലൈ 11ലേക്ക് മാറ്റി. സീനിയർ അഭിഭാഷകൻ ഹാജരാവേണ്ടതിനാൽ കേസ് മാറ്റണമെന്ന് മോഹൻലാലിന് വേണ്ടി ഹാജരായ അഡ്വ. രശ്മി ഗൊഗോയ് ചീഫ് ജസ്റ്റീസ് ഹൃഷികേശ് റോയ്, ജസ്റ്റീസ് എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവർ അടങ്ങിയ ബെഞ്ചിനെ അറിയിച്ചു. ഈ ആവശ്യം അംഗീകരിച്ചാണ് കേസ് ജൂലൈ 11ലേക്ക് മാറ്റിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ മകളാണ് രശ്മി.

കേസ് റജിസ്റ്റർ ചെയ്ത് കാലങ്ങൾക്കു ശേഷം നാലു ആനക്കൊമ്പുകളുടെ ഉടമസ്ഥത സർട്ടിഫിക്കറ്റ് മോഹൻലാലിന് നൽകിയ വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്നതടക്കം ആവശ്യമുന്നയിച്ച് എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശി എ എ പൗലോസ് നൽകിയ ഹർജിയാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്. ഹർജിയിൽ ഹൈക്കോടതി നേരത്തെ സർക്കാറിന്റെ വിശദീകരണം തേടിയിരുന്നു. 2012ൽ മോഹൻലാലിന്റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ആനക്കൊമ്പ് കണ്ടെത്തിയിരുന്നു. വിവരമറിഞ്ഞ വനം വകുപ്പ് വന്യജീവി സംരക്ഷണ നിയമത്തിലെയും മറ്റും വകുപ്പുകൾ പ്രകാരം കേസെടുത്തു. ഈ കേസിൽ മതിയായ

അന്വേഷണം നടത്താതിരുന്ന വനം വകുപ്പ് 2016 ജനുവരി 16ന് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം നിയമവിരുദ്ധമായി മോഹൻലാലിന് നൽകിയെന്നാണ് ഹർജിക്കാരന്റെ ആരോപണം. മുൻകൂർ അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശം വെക്കരുതെന്ന വന്യജീവി സംരക്ഷണ നിയമത്തിലെ 39 (3) വകുപ്പ് പ്രകാരം മോഹൻലാലിന് ഉടമസ്ഥാവകാശം നൽകിയ നടപടി റദ്ദാക്കണമെന്നും ആനക്കൊമ്പ് സർക്കാറിലേക്ക് മുതൽകൂട്ടണമെന്നുമാണ് ഹർജിയിലെ ആവശ്യം. മാത്രമല്ല, കേസിലെ പ്രതികളെ വന്യജീവി സംരക്ഷണ നിയമത്തിലെ  51, 58 വൈ വകുപ്പുകൾ പ്രകാരം പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെടുന്നു.


പ്രധാന വാർത്തകൾ
 Top