22 February Saturday

സ്വകാര്യ ധനസ്ഥാപനങ്ങളിൽ മിനിമം വേതനം ; വർധന 3,000 മുതൽ 10,000 രൂപ വരെ ; വസ്ത്രനിർമാണ മേഖലയിലും വേതനം പുതുക്കി

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020


സ്വന്തം ലേഖകൻ
സ്വകാര്യ ധനസ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിച്ച സർക്കാർ നടപടി സംസ്ഥാനത്തെ ഏകദേശം 13,000 സ്ഥാപനങ്ങളിലെ അരലക്ഷത്തിലധികം ജീവനക്കാർക്ക്‌ നേട്ടമാകും. ഇതിൽ പകുതിയും വനിതകളാണ്‌. ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ഇത്‌. ഈ മേഖലയിൽ ആദ്യമായാണ് സർക്കാർ മിനിമം വേതനം പ്രഖ്യാപിക്കുന്നത്. ഇതോടെ വിവിധ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന തർക്കങ്ങൾക്കും പരിഹാരമാകും. സ്വകാര്യ ധനസ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിച്ചുള്ള വിജ്ഞാപനം തടയാൻ മാനേജ്മെന്റുകൾ ആവുന്നത്ര ശ്രമിച്ചിരുന്നു. സർക്കാരിന്റെ ദൃഢനിശ്ചയമാണ്‌ ഒടുവിൽ വിജയം കണ്ടത്‌.

ഇതു സംബന്ധിച്ച്‌ 2016ൽ സർക്കാർ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാൽ, മാനേജ്‌മെന്റുകൾ കോടതിയെ സമീപിച്ച്‌ സ്‌റ്റേ വാങ്ങി. തുടർന്ന്‌, മുത്തൂറ്റ് ജീവനക്കാർ നടത്തിയ പണിമുടക്ക് സംബന്ധിച്ച കേസ് പരിഗണിക്കവെ, പ്രാഥമിക വിജ്ഞാപനത്തിൽ പറഞ്ഞ ആനുകൂല്യങ്ങൾ ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ ഹൈക്കോടതി അനുമതി നൽകി. ഈ ആനുകൂല്യങ്ങൾ ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനും ഹൈക്കോടതി ഒഴിവാക്കാൻ നിർദേശിച്ച ആനുകൂല്യങ്ങൾ സംരക്ഷിക്കാൻ സുപ്രീംകോടതിയെ സമീപിക്കാനും സർക്കാരിന്‌ നിയമോപദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിജ്ഞാപനം.

വർധന ഇങ്ങനെ
നിലവിൽ കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമമനുസരിച്ചാണ് സ്വകാര്യ ധനസ്ഥാപനങ്ങളിലെ ജീവനക്കാർക്ക്‌ വേതനം. പുതിയ വിജ്ഞാപനത്തോടെ വിവിധ തസ്‌തികകളിലെ വേതനത്തിൽ 3000 മുതൽ പതിനായിരത്തിലധികം രൂപയുടെ വർധനയുണ്ടാകും. ക്ലീനർ, സ്വീപ്പർ, ഓഫീസ് അറ്റൻഡന്റ്, അറ്റൻഡർ തുടങ്ങിയ തസ്തികകളിലുള്ളവർക്ക് നിലവിൽ ഡിഎ അടക്കം 11,140 രൂപ ലഭിച്ചിരുന്നത്‌ പുതിയ വിജ്ഞാപനത്തോടെ അത്‌ 13,400 രൂപയാകും. ഡ്രൈവറുടേത് നിലവിലുള്ള 11,560 രൂപ എന്നത് കുറഞ്ഞത് 14,750 രൂപയാകും. അസിസ്റ്റന്റ് മാനേജർമാർ, ബിസിനസ് മാനേജർമാർ, സെയിൽസ് ഡെവലപ്‌മെന്റ് മാനേജർമാർ തുടങ്ങിയവർക്ക്‌ 11,980 രൂപയായിരുന്നത്‌ 21,750 രൂപയായി വർധിക്കും. ജീവനക്കാർക്ക് ലഭിക്കേണ്ട വാർഷിക ഇൻക്രിമെന്റ് സംബന്ധിച്ചും വിജ്ഞാപനത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

വസ്ത്രനിർമാണ മേഖലയിലും വേതനം പുതുക്കി
സംസ്ഥാനത്തെ വസ്‌ത്രനിർമാണ വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി തൊഴിൽ വകുപ്പ് വിജ്ഞാപനമിറക്കി.
ഇതോടെ എൽഡിഎഫ്‌ സർക്കാർ വന്നശേഷം കുറഞ്ഞകൂലി പുതുക്കി നിശ്ചയിച്ച മേഖലകളുടെ എണ്ണം 38 ആയി.


 

പുതുക്കിയ നിരക്കുപ്രകാരം സാങ്കേതികവിഭാഗം പ്രൊഡക്‌ഷൻ മാനേജർ തസ്തികയിൽ 14,020 രൂപയാണ്‌ മിനിമം മാസവേതനം. സൂപ്പർവൈസർ, കട്ടർ- കം- പാറ്റേൺ മേക്കർ ഗ്രേഡ്1 –-13190 രൂപ, കട്ടർ-കം-പാറ്റേൺ മേക്കർ ഗ്രേഡ് 2–-12520 രൂപ, മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 1, ഖാജാ ബട്ടൺ ഓപ്പറേറ്റർ, ബട്ടണിങ്, മെഷീൻ ഓപ്പറേറ്റർ, ബാർടെക് ഓപ്പറേറ്റർ, ടെയ്‌ലർ ഗ്രേഡ് 1, സ്യൂയിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 1, അസിസ്റ്റന്റ് കട്ടർ–-11870 രൂപ, അയേൺമാൻ, പ്രസർ ഗ്രേഡ് 1–-11290 രൂപ, ചെക്കർ ഗ്രേഡ് 1, അയേൺമാൻ, പ്രസർ ഗ്രേഡ് 2–-11090 രൂപ, മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2, ടെയ്‌ലർ ഗ്രേഡ് 2, സ്യൂയിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2, ലെയർ, ഫാബ്രിക് ചെക്കർ, ഫീഡിങ് അസിസ്റ്റന്റ്, ലോൺഡ്രി മെഷീൻ ഓപ്പറേറ്റർ, ബാച്ച് ചെക്കർ, ട്രിമ്മർ പാക്കർ, പായ്ക്കർ–-10510 രൂപ, ഹെൽപ്പർ - 9940 രൂപ എന്നിങ്ങനെയാണ് വേതനം.

ഓഫീസ് വിഭാഗത്തിൽ മാനേജർ–-14020 രൂപ, കാഷ്യർ, ക്ലാർക്ക്, സ്റ്റോർ കീപ്പർ–-12110, അക്കൗണ്ടന്റ്, ടൈപ്പിസ്റ്റ്, ടൈം കീപ്പർ–-11680, ഡ്രൈവർ– 12040, സെക്യൂരിറ്റി, വാച്ച് മാൻ–-9940 രൂപ, സ്വീപ്പർ–-9640 രൂപ എന്നിങ്ങനെയും പുതുക്കി.

തയ്യൽ ജോലിക്കുള്ള പീസ് റേറ്റും പുതുക്കി. പീസ് റേറ്റ് തൊഴിലാളികൾക്ക് ഉറപ്പായ മിനിമം വേതനമായി 355 രൂപ നൽകണം. ഷർട്ട്‌, പാന്റ്‌, ചുരിദാർ തുടങ്ങി വിവിധ തരത്തിലുള്ള വസ്‌ത്രങ്ങൾ തയ്‌ക്കുന്നതിനും അനുബന്ധജോലികൾക്കും ഉള്ള വേതനവും പ്രതിദിനം ചെയ്‌തുതീർക്കേണ്ട ജോലിയും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top