18 July Thursday

മെഡിക്കൽ കോളേജ‌് ഡോക്ടർമാർ ഇനി തീക്കളിക്കില്ല: സ്വകാര്യലാബ‌് റിപ്പോർട്ടുകൾ ആശ്രയിച്ച‌് ചികിത്സ മതിയാക്കി

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

കോട്ടയം> സ്വകാര്യലാബുകളിൽ നിന്നുള്ള തെറ്റായ റിപ്പോർട്ടുകൾ തങ്ങളുടെ ജോലിക്ക‌് തന്നെ പ്രതിസന്ധി തീർക്കുന്ന സാഹചര്യത്തിൽ പുറത്തെ റിപ്പോർട്ടുകൾ ആശ്രയിച്ച‌് ചികിത്സിക്കേണ്ടെന്ന‌് കോട്ടയം മെഡിക്കൽ കോളേജ‌് ആശുപത്രിയിലെ ഡോക്ടർമാർ. പകരം മെഡിക്കൽ കോളേജിലെ ലാബിലെയും സ‌്കാനിങ‌് സെന്ററിലെയും ഫലങ്ങളെ ആശ്രയിച്ചായിരിക്കും ചികിത്സ. പുറമെനിന്നുള്ള പരിശോധനാഫലങ്ങളുമായി എത്തിയ രോഗികളോട‌് ആശുപത്രിയിലെ ലാബ‌് പരിശോധനയ‌്ക്ക‌് നിർദേശിക്കുന്നുണ്ട‌്. ഇത‌് ഡോക്ടർമാർ പൊതുവായെടുത്ത തീരുമാനമാണെന്ന‌് ആർഎംഒ ഡോ. ആർ പി രഞ‌്ജിൻ പറഞ്ഞു.   

രോഗികളെല്ലാം പതോളജി ലാബിനെ ആശ്രയിച്ചാൽ ചികിത്സയ‌്ക്ക‌് കാലതാമസമുണ്ടാകാനിടയുണ്ട‌്. വലിയ തോതിൽ രോഗികളെത്തിയാൽ അതിന‌് തക്കതായി പരിശോധനാഫലം നൽകാനുള്ള ശേഷി മെഡിക്കൽ കോളേജ‌് ലാബിൽ ഇല്ല. ബയോപ‌്സി, എംആർഐ സ‌്കാനിങ‌്, സിടി സ‌്കാനിങ‌്, വിവിധതരം രക്തപരിശോധനകൾ എന്നിവയ‌്ക്കാണ‌് സ്വകാര്യലാബുകളിലേക്ക‌് കുറിച്ചുകൊടുക്കുന്നത‌്. ചികിത്സ വൈകാതിരിക്കാനും വേഗം ഫലമറിയാനും വേണ്ടിയാണിത‌്. മെഡിക്കൽ കോളേജിലെ ലാബ‌് ഫലത്തിന‌് ചിലപ്പോൾ മാസങ്ങളോ ആഴ‌്ചകളോ കാത്തിരിക്കേണ്ടി വരും. പതോളജി ലാബിലും മറ്റ‌് ലാബുകളിലും ആധുനിക ഉപകരണങ്ങൾ ഉള്ളതിനാൽ കൂടുതൽ ഡോക്ടർമാരെയും ടെക‌്നീഷ്യന്മാരെയും നിയോഗിച്ചാൽ കാലതാമസം ഒഴിവാക്കാനാകും. പുറത്തെ ലാബുകളിൽ പലയിടത്തും യോഗ്യത കുറവുള്ളവരോ പരിചയസമ്പന്നരോ അല്ലാത്ത ടെക‌്നീഷ്യന്മാരാണ‌് തെറ്റായ പരിശോധനാ ഫലത്തിനിടയാക്കുന്നതെന്നും ആരോപണമുണ്ട‌്.

പന്തളം കുടശനാട‌് സ്വദേശിനിയായ വീട്ടമ്മയ‌്ക്ക‌് സ്വകാര്യലാബിലെ പരിശോധനയിൽ ക്യാൻസറുണ്ടെന്ന‌് കണ്ടത്തിയതിനാൽ മെഡിക്കൽ കോളേജിൽ കീമോ ചികിത്സ തുടങ്ങിയിരുന്നു. ഒരുമാസം കഴിഞ്ഞ‌് ആശുപത്രി ലാബിലെ പരിശോധനയിൽ ക്യാൻസറില്ലെന്നും കണ്ടെത്തി. ഇത‌് വിവാദമായതിനെത്തുടർന്നാണ‌് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത‌്. ചികിത്സിച്ച ഡോക്ടർമാർക്കും തെറ്റായ റിപ്പോർട്ട‌് നൽകിയ സ്വകാര്യലാബുകൾക്കുമെതിരെ വീട്ടമ്മ പൊലീസിനെ സമീപിച്ചിരുന്നു.  പൊലീസ‌് കേസ‌് രജിസ‌്റ്റർ ചെയ‌്ത‌് അന്വേഷണം നടക്കുകയാണിപ്പോൾ.


പ്രധാന വാർത്തകൾ
 Top