19 September Saturday

VIDEO - മാധ്യമങ്ങളുടെ പല ആഗ്രഹങ്ങളും മനസിൽ വെച്ചാൽമതി; ആരുടെ നെഞ്ചിടിപ്പാണ് കൂടുന്നതെന്ന് കാണാം

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

തിരുവനന്തപുരം > താൻ സ്വർണക്കടത്തിന് കൂട്ടുനിന്നുവെന്ന് വരുത്തിത്തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കും തന്റെ ഓഫീസിനും ഒന്നും മറച്ചുവെക്കാനില്ല. എന്നാൽ, മാധ്യമങ്ങൾ വാർത്ത കൊടുത്ത രീതി തന്നെയും തന്റെ ഓഫീസിനെയം അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ്. കേരള മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന തന്നെക്കുറിച്ച് സംശയമുണ്ടാക്കുന്ന തരത്തിൽ മാധ്യമങ്ങൾ വാർത്ത കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തലപ്പത്തിരിക്കുന്ന ഞാൻ വെള്ളം കുടിക്കുമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? അത് മനസിൽ വെച്ചാൽ മതി. കേസ് എൻഐഎ അന്വേഷിക്കുകയാണ്. അവര് അത് നടത്തട്ടെ. അവർ കണ്ടത്തുന്ന വസ്തുതതയുടെ അടിസ്ഥാനത്തിൽ എന്തൊക്കെയാണോ, എവിടെയൊക്കെയാണോ അവിടെ അവർ പോകട്ടെ. ഏത് അന്വേഷണവും നടക്കട്ടെ. ഗൗരവമുള്ള കേസാണ് ഇതെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്ക് അയച്ച കത്തിലും എല്ലാ കാര്യങ്ങളും പുറത്തുവരട്ടെ എന്നാണ് താൻ പറഞ്ഞത്. ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. എല്ലാ വിവരങ്ങളും പുറത്തുവരും. ആരുടെയൊക്കെ നെഞ്ചിടിപ്പാണ് വർധിക്കുന്നതെന്ന് അപ്പോൾ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയമായി തന്നെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളുണ്ടാവും. അതിന് മാധ്യമങ്ങൾ കൂട്ടുനിൽക്കുകയാണോ വേണ്ടത്. സ്വർണക്കടത്ത് കേസിൽ താനും സർക്കാരും വ്യക്തമായ നിലപാട് സ്വീകരിച്ചതിന്റെ ഫലമായാണ് എം ശിവശങ്കർ സസ്പെൻഷനിൽ കഴിയുന്നത്. അതിൽ നിങ്ങൾ തൃപ്തരല്ല. നിങ്ങളെ ഈ വഴിക്ക് പറഞ്ഞുവിടുന്നവർക്ക് തൃപ്തി വന്നിട്ടില്ല. ആ തൃപ്തി വരണമെങ്കിൽ എന്തുവേണം.  ഈ കസേരയിൽ നിന്ന് ഞാനങ്ങ് ഒഴിഞ്ഞുകിട്ടണം. അത് നിങ്ങളുടെ ആഗ്രഹം കൊണ്ട് നടക്കില്ല. നാട്ടിലെ ജനങ്ങൾ തീരുമാനിച്ചാലേ നടക്കൂ എന്ന് നിങ്ങൾ മനസിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാർത്താ സമ്മേളനങ്ങളിൽ കോവിഡ് പ്രതിരോധത്തെക്കുറിച്ച് മാത്രം പറയാനാണ് ശ്രമിക്കുന്നത്. ആക്ഷേപങ്ങൾക്ക് മറുപടി പറയുമ്പോൾ കോവിഡ് പ്രതിരോധത്തിനായി രാഷ്ട്രീയം നോക്കാതെ രംഗത്തിറങ്ങിയ പലർക്കും മനപ്രയാസമുണ്ടാകും. എന്നാൽ മാധ്യമങ്ങൾക്ക് വേണ്ടത് അതാണെങ്കിൽ അതിനും തയ്യാറാണ്. താൻ ഉൾക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെ സർക്കാർ ഇവിടെ അധികാരത്തിൽ വന്നാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ പൂർവകാല ചരിത്രം ഉണ്ടല്ലോ. അതിന്റെ ഭാഗമായിട്ടാണോ പോകേണ്ടത്? കാലം മാറിയില്ലേ.

എൻഐഎ പറഞ്ഞതാണോ നിങ്ങളുടെ മാധ്യമം പറഞ്ഞത്  എന്ന് നിങ്ങൾ പരിശോധിക്കണം. എൻഐഎ പറഞ്ഞതിനപ്പുറം അതിന് മാനങ്ങൾ ചാർത്തിക്കൊടുക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. സംസ്ഥാന മുഖ്യമന്ത്രിയെ പലർക്കും പരിചയം ഇല്ലേ?. നിങ്ങളെ പോലുള്ള മാധ്യമപ്രവർത്തകർക്കും അതിന്റെ ഉടമകൾക്കും എന്താണ് വേണ്ടത്. കേരളത്തിന്റെ മുഖ്യമന്ത്രി സ്വർണം കടത്താൻ കൂട്ട് നിന്ന് എന്നാണോ?. അതിന് എത്ര ശ്രമിച്ചാലും ഫലം ഉണ്ടാവില്ല. നിങ്ങൾ പറയുന്നതിന്റെ ഉദ്ദേശം നാട്ടുകാർക്ക് നല്ല പോലെ മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top