22 October Tuesday

മകനെ മറ്റൊരു കെവിനാക്കരുതെന്ന അപേക്ഷയുമായി അമ്മ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

കൊച്ചി
സ്‌നേഹിച്ച പെണ്ണിനെ വിവാഹം കഴിക്കാനൊരുങ്ങുന്നുവെന്ന കാരണത്താൽ തന്റെ മകനെ മറ്റൊരു കെവിനാക്കരുതെന്ന അപേക്ഷയുമായി ഒരമ്മ. വയനാട് സ്വദേശിനി ഷെർലിയാണ് മകൻ ഷെബിൻ ജോർജ‌്, ഷെബിന്റെ പ്രണയിനി ആശ്വതി ഫെലിക്‌സ്  എന്നിവർക്കൊപ്പം എറണാകുളം പ്രസ്‌ക്ലബ്ബിലെത്തി മാധ്യമങ്ങളെ കണ്ടത്.

മാനന്തവാടിയിൽ നിന്നെത്തിയ ഷെബിൻ, അശ്വതി എന്നിവരെ അശ്വതിയുടെ പിതാവും പിതാവിന്റെ സഹോദരപുത്രനും ആക്രമിച്ചെന്നും അവർ പറഞ്ഞു. സംസാരിക്കാനെന്ന് പറഞ്ഞ് പാലാരിവട്ടത്ത് വിളിച്ചുവരുത്തിയ ശേഷം ബന്ധുക്കൾ മർദിക്കുകയും കാറിൽ വലിച്ചുകയറ്റാൻ ശ്രമിക്കുകയും ചെയ്തു. ഷെബിനെ കത്തി വയറ്റിൽ വച്ച് ഭീഷണിപ്പെടുത്തി. അശ്വതിയുടെ ദേഹത്ത് മുറിവുണ്ടാക്കി.

 ആശുപത്രിയിൽ എത്തിയ പൊലീസ് തങ്ങൾക്ക് പറയാനുള്ളത് കേൾക്കുന്നതിന് പകരം പരാതി പറഞ്ഞ അമ്മയെ മുറിയിൽനിന്ന് ഇറക്കിവിട്ടതായും അശ്വതിയോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടതായും ഷെബിൻ പറഞ്ഞു. പാലാരിവട്ടം പൊലീസ് കേസ്  രജിസ്റ്റർ ചെയ്തിട്ടുണ്ട്. 24ന് മാനന്തവാടിയിൽ വിവാഹം രജിസ്റ്റർ ചെയ്യാനുള്ളതാണെന്നും ജീവന് ഭീഷണിയുണ്ടെന്നും ഇവർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top