15 October Tuesday

കുടിയൊഴിപ്പിക്കൽ എവിടെയായാലും എതിർക്കും: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

കൊച്ചി> സിപിഐ എം മരടിലെ ഫ്‌ളാറ്റ്‌ ഉടമകൾക്കൊപ്പം ഉണ്ടാകുമെന്ന്‌  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കുടിയൊഴിപ്പിക്കൽ എവിടെയായാലും അവർക്കൊപ്പം നിന്ന പാരമ്പര്യമാണ്‌ സിപിഐ എമ്മിന്‌.  അതിന്റെ പേരിൽ എന്തു പ്രത്യാഘാതമുണ്ടായാലും നേരിടാൻ പാർടി തയ്യാറാണ്‌. ഫ്‌ളാറ്റ്‌ ഉടമകൾ ഒറ്റയ്‌ക്ക്‌ കുടിയൊഴിഞ്ഞ്‌ പോകേണ്ടി വരില്ല. പ്രദേശത്തെ ജനങ്ങളും പാർടി പ്രവർത്തകരും ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധി അനുസരിച്ച്‌ പൊളിച്ചുമാറ്റാൻ നഗരസഭ നോട്ടീസ്‌ നൽകിയ മരടിലെ ഹോളിഫെയ്‌ത്‌ എച്ച്‌ടുഒ ഫ്ലാറ്റ്‌ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫ്‌ളാറ്റ്‌ ഉടമകൾ ഒരു തെറ്റും ചെയ്‌തിട്ടില്ല. നിയമപ്രകാരം പണം അടച്ചാണ്‌ അവർ ഫ്‌ളാറ്റ്‌ സ്വന്തമാക്കിയത്‌. ബിൽഡർമാരും നിർമാണത്തിന്‌ അനുമതി നൽകിയ ഉദ്യോഗസ്ഥരുമാണ്‌ നിയമലംഘനം നടത്തിയത്‌. എന്നാൽ സുപ്രീംകോടതി വിധിയിൽ ഇവരെക്കുറിച്ച്‌  പരാമർശമേ ഇല്ല. അസാധാരണ വിധിയാണ്‌ സുപ്രീംകോടതിയുടേത്‌. ഫ്‌ളാറ്റ് ഉടമകൾക്ക് പറയാനുള്ളത് കേട്ടിട്ടില്ല.  സുപ്രീംകോടതി നിയോഗിച്ച ജില്ലാ കലക്‌ടർ അടങ്ങുന്ന കമ്മിറ്റിയും ഇവരെ കേട്ടില്ല.

ഫ്‌ളാറ്റ്‌ പൊളിച്ചാൽ പരിസരവാസികളും പാരിസ്ഥിതിക പ്രശ്‌നത്തിന്‌ ഇരകളാകും. 67 മീറ്റർ താഴ്‌ചയിലാണ്‌ പൈലിങ്. പൊളിക്കാൻ 50 കോടിയിലധികം രൂപ വേണ്ടിവരും. ഇത്‌ എവിടെനിന്ന്‌ കണ്ടെത്തുമെന്നോ അവശിഷ്‌ടം എവിടെ തള്ളുമെന്നോ വിധിയിലില്ല. 350 കുടുംബങ്ങളെ തെരുവിലാക്കുന്ന വിധിക്കെതിരെ നിയമപരമായി സാധ്യമായതെല്ലാം ചെയ്യാൻ സർക്കാരിനോട്‌ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി ഉണ്ടായിട്ടും കൊച്ചിയിലെ ഡിഎൽഎഫ്‌, മുംബൈയിലെ ആദർശ്‌ ഫ്ലാറ്റ്‌ എന്നിവ പൊളിച്ചില്ല.   പൊളിക്കാൻ ഉത്തരവിട്ട ഫ്‌ളാറ്റുകൾ  സിആർഇസഡ്‌ രണ്ട്‌ സോണിലാണുള്ളത്‌. ഇവ പൊളിച്ചുകളഞ്ഞ്‌ മറ്റൊരു ഫ്‌ളാറ്റ്‌ നിർമിക്കാൻ അനുവാദം ചോദിച്ചാൽ ലഭിക്കാൻ ഒരു നിയമതടസ്സവും  ഇല്ല. രാഷ്ട്രീയ തർക്കം ഉന്നയിക്കാതെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം.   ഉടമകൾ നൽകിയ നിവേദനം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top