26 February Wednesday

ആശ്വാസം! വീട്‌ അവിടെത്തന്നെയുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

ജെയിൻ കോറൽ കോവ്‌ ഫ്ലാറ്റ്‌ തകർന്നശേഷം തിരിച്ചെത്തിയ ഗോപാലനും ഭാര്യ ഗീതയും വീട്‌ പരിശോധിക്കുന്നു

കൊച്ചി > ജെയിൻ കോറൽ കോവ് മണ്ണിലേക്ക് തകർന്നടിയുമ്പോൾ വീടിനെന്തെങ്കിലും സംഭവിക്കുമോയെന്നായിരുന്നു ​ഗോപാലന്റെയും ​ഗീതയുടെയും പേടി.  ഭിത്തിയിൽ നേരത്തെയുണ്ടായിരുന്ന പൊട്ടലുകൾ കുറച്ച് വലുതായതൊഴിച്ചാൽ ബാക്കിയെല്ലാം സുരക്ഷിതമാണെന്ന് കണ്ടതോടെയാണ് ഇവർക്ക് സമാധാനമായത്. 60 വർഷമായി ഗോപാലനും ഗീതയും മകനുമടങ്ങിയ  കുടുംബം കേട്ടേഴത്തും കടവിലാണ് താമസം.

പരിചയക്കാരൻ മാത്തപ്പന്റെ വീട്ടിലിരുന്നാണ് ഫ്‌ളാറ്റ് പൊളിയുന്നത് ഇവർ കണ്ടത്. ശനിയാഴ്ച രണ്ടുഫ്‌ളാറ്റുകൾ വീണപ്പോൾ സമീപവാസികൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കാതിരുന്നത് ധൈര്യം നൽകിയെങ്കിലും ഫ്‌ളാറ്റ് പൊളിക്കാൻ സൈറൺ മുഴങ്ങിയതോടെ ഗീതയുടെ നെഞ്ചിടിപ്പ് കൂടി. പിന്നീട് ആശങ്കയുടെ മണിക്കൂറുകളായിരുന്നു. തുടർന്ന് വീട്ടിലേക്കെത്താനുള്ള കാത്തിരിപ്പായി. വീടിന്‌ കാര്യമായി ഒന്നും സംഭവിക്കാത്തതിൽ  സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top