13 November Wednesday

മരട്‌ ഫ്ലാറ്റ്‌ കേസ്‌; പ്രതികളായ മൂന്നുപേരെയും കസ്‌റ്റഡിയിൽ വിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

കൊച്ചി > മരട്‌ ഫ്‌ളാറ്റ്‌ നിർമാണ തട്ടിപ്പിൽ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌ത മൂന്നുപേരെയും തിങ്കളാഴ്‌ച വരെ കസ്‌റ്റഡിയിൽ വിട്ടു. ഹോളിഫെയ്‌ത്ത്‌ ബിൽഡേഴ്‌സ്‌ ആൻഡ്‌ ഡെവലപേഴ്‌സ്‌ ഉടമ സാനി ഫ്രാൻസിസ്‌, മരട്‌ പഞ്ചായത്ത്‌ മുൻ സെക്രട്ടറി മുഹമ്മദ്‌ അഷ്‌റഫ്‌, മുൻ ജൂനിയർ സൂപ്രണ്ട്‌ പി ഇ ജോസഫ്‌ എന്നിവരെയാണ്‌ മൂവാറ്റുപുഴ വിജിലൻസ്‌ കോടതി കസ്‌റ്റഡിയിൽ വിട്ടത്‌. ഇവരുടെ റിമാൻഡ്‌ കാലാവധി ശനിയാഴ്‌ച അവസാനിച്ചിരുന്നു.

സാനി ഫ്രാൻസിസിന്റെ സാമ്പത്തിക ഇടപാടുകളും സ്വത്തു വിവരങ്ങളും ശേഖരിക്കാൻ ഇയാളെ കൂടുതൽ ചോദ്യംചെയ്യണമെന്ന്‌ ക്രൈംബ്രാഞ്ച്‌ കോടതിയിൽ ആവശ്യപ്പെട്ടു. നിർമാണാനുമതി സംബന്ധിച്ച രേഖകൾ ഫയലിൽനിന്ന്‌ നീക്കിയതിന്റെ വിശദാംശങ്ങളും അനധികൃത സ്വത്തുസമ്പാദ്യവും സംബന്ധിച്ച കൂടുതൽ അറിയാൻ മുഹമ്മദ്‌ അഷ്‌റഫിനെയും പി ഇ ജോസഫിനെയും കസ്‌റ്റഡിയിൽ വേണമെന്നും കൂടുതൽ ചോദ്യംചെയ്യണമെന്നും ഇരുവരുടെയും സ്വത്തു വിവരങ്ങളെക്കുറിച്ച്‌ കൂടുതൽ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച്‌ ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ച കോടതി ശനിയാഴ്‌ച പകൽ മൂന്നുമുതൽ തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ചുവരെ മൂന്നുപേരെയും കസ്‌റ്റഡിയിൽ വിടുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top