23 March Saturday

അക്രമികൾക്ക‌് ഊർജം പകർന്ന‌് മനോരമ

പ്രത്യേക ലേഖകൻUpdated: Saturday Jan 5, 2019


തിരുവനന്തപുരം
സംഘപരിവാർ സംഘടനകളെക്കാൾ തീവ്രവർഗീയ നിലപാടുമായി മനോരമയും. ആർഎസ‌്എസും ബിജെപിയും സംഘടിതമായി അഴിച്ചുവിട്ട കലാപത്തെ വെള്ളപൂശുന്നതിലും മനോരമ മത്സരിക്കുന്നത‌് ജന്മഭൂമിയോടും ജനം ടിവിയോടും.

രണ്ടുദിവസമായി സംഘപരിവാറുകാർ അഴിഞ്ഞാടുകയാണെങ്കിലും പരോക്ഷമായി പോലും ഇവരെ വിമർശിക്കാതെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘട്ടനമെന്ന രീതിയിൽ മനോരമ ലളിതവൽക്കരിച്ചു. യുവതികൾ പ്രവേശിച്ച വാർത്ത പുറത്തുവന്നതോടെ സംഘപരിവാർ  ആസൂത്രിതമായി കലാപം തുടങ്ങുകയായിരുന്നു. 48 മണിക്കൂറിലേറെ തുടർച്ചയായി നടത്തിയ അഴിഞ്ഞാട്ടത്തിന്റെ മൂർധന്യത്തിൽ മാത്രമാണ‌് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ തോതിൽ ചെറുത്തുനിൽപ്പുണ്ടായത‌്. ഈ ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ചാണ‌് സംഘപരിവാർ അഴിഞ്ഞാട്ടത്തിന‌് ഓശാന പാടിയത‌്.

പന്തളത്ത‌് ബിജെപി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത‌് ഹൃദയാഘാതത്തെത്തുടർന്നാണെന്ന‌് മുഖ്യമന്ത്രി പറഞ്ഞത‌് ആശുപത്രി പുറത്തുവിട്ട മരണറിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ‌്. പോസ‌്റ്റ‌്മോർട്ടം റിപ്പോർട്ട‌് ഇനിയും പുറത്തുവന്നിട്ടില്ല. എന്നാൽ, പോസ‌്റ്റ‌്മോർട്ടം ചെയ‌്തതായി പറയുന്ന ജൂനിയർ ഡോക്ടറെ ഉദ്ധരിച്ച‌്  വാർത്ത ചമച്ചു. ഗുരുതരമായ ഹൃദയതടസ്സത്തെതുടർന്ന‌് ആൻജിയോ പ്ലാസ‌്റ്റി നടത്തിയയാളായിരുന്നു ഉണ്ണിത്താൻ. ഡോക്ടർമാർ പൂർണവിശ്രമത്തിന‌് നിർദേശിച്ച ഈ രോഗിയെ സമ്മർദം ചെലുത്തിയാണ‌് സമരത്തിനെത്തിച്ചത‌്. സിപിഐ എം ഓഫീസിനുനേരെ സംഘടിതമായ അക്രമവും കല്ലേറും നടക്കുകയായിരുന്നു. ഇതിനിടയിലാണ‌് ചന്ദ്രൻ കുഴഞ്ഞുവീണത‌്. അക്രമം ഒരുതരത്തിലും നിർത്താതെ തുടർന്നപ്പോൾ മാത്രമാണ‌് ഇവിടെ പ്രാണരക്ഷാർഥം ചെറുത്തുനിൽപ്പുണ്ടായതെന്നാണ‌് ദൃക‌്സാക്ഷികളും പൊലീസും പറഞ്ഞത‌്. ഇതും സിപിഐ എം അക്രമമായി ചിത്രീകരിക്കാനാണ‌്  ശ്രമിച്ചത‌്‌.

ആർഎസ‌്എസ‌് അക്രമങ്ങൾക്ക‌് എരിവും പുളിയും പകർന്നാണ‌് പലേടത്തും കോൺഗ്രസും യുഡിഎഫും പ്രവർത്തിച്ചത‌്. ഹർത്താൽ ദിവസം യൂത്ത‌്  കോൺഗ്രസുകാർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന‌് മുന്നിൽചാടിയത‌് ഇതിന്റെ ഭാഗമാണ‌്. ബൈക്കിൽ അതിവേഗത്തിൽ മുഖ്യമന്ത്രിയുടെ കാറിന‌് കുറുകെ വന്നപ്പോഴാണ‌് പൈലറ്റ‌് വാഹനത്തിന‌് ഇടിച്ചത‌്. ഇത‌് കരിങ്കൊടി കാണിച്ചവരെ പൈലറ്റ‌് വാഹനം ഇടിച്ചുവെന്നായി വ്യാഖ്യാനം. സംസ്ഥാനത്ത‌് പൊലീസ‌് സ‌്റ്റേഷനുകൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ‌് ആർഎസ‌്എസുകാർ  ബോംബാക്രമണം നടത്തിയത‌്. ഇതെല്ലാം മനോരമ സാമാന്യവൽക്കരിച്ച‌് പരസ‌്പര സംഘട്ടനമാക്കി. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധമാണ‌് മാധ്യമപ്രവർത്തകർക്ക‌് നേരെ പരക്കെ അക്രമമുണ്ടായത‌്. അതിലും സംഘപരിവാറിനെ കുറ്റപ്പെടുത്താതെ പൊതുവൽക്കരിച്ചു.

അതേസമയം, നാടുമുഴുവൻ കലാപം അഴിച്ചുവിട്ടപ്പോഴും ശബരിമല തീർത്തും ശാന്തമായിരുന്നു. യഥാർഥഭക്തർക്ക‌് ഒരു പ്രശ‌്നവുമില്ലെന്ന‌് വ്യക്തമാക്കുന്നതാണിത‌്‌. ഇതും കണ്ടില്ലെന്ന‌് നടിച്ചു. എല്ലാ എതിർ പ്രചാരണങ്ങളെയും തകർത്തെറിഞ്ഞ‌് വനിതാമതിൽ വൻമതിലായപ്പോൾ അതിനെതിരെ മാത്രം കണ്ണടയ‌്ക്കാനായില്ല. പക്ഷേ, മതിലിൽ പങ്കെടുത്ത വനിതകൾക്ക‌് നേരെ ആർഎസ‌്എസ‌് ക്രിമിനലുകൾ നടത്തിയ അക്രമങ്ങളെ മനോരമ നിസാരവൽക്കരിച്ചു. യുഡിഎഫിന്റേയും ബിജെപിയുടേയും ചെറുനേതാക്കളുടെ പ്രസ‌്താവനകൾ പോലും വൻപ്രാധാന്യത്തോടെ നൽകുമ്പോൾ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിലെ പ്രധാന കാര്യങ്ങൾ ഉൾപ്പെടെ അവഗണിക്കും. അതേസമയം പ്രതികരണങ്ങളിൽപോലും വിവാദം കണ്ടെത്തി ആർഎസ‌്എസിനും ബിജെപിക്കും എരിവുപകർന്നുകൊടുക്കുകയുമാണ‌് പത്രം.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top