30 November Tuesday

അഭിമാനമായി മാമല കെല്‍ ; കെഎസ്ഇബിക്ക് രണ്ട് ട്രാൻസ്ഫോർമർ ഉടൻ കൈമാറും

സന്തോഷ്‌ ബാബുUpdated: Thursday Oct 28, 2021

മാമല കെൽ യൂണിറ്റിലെ പ്ലാന്റിൽനിന്നുള്ള ദൃശ്യം


കൊച്ചി
ചരിത്രനേട്ടം സ്വന്തമാക്കി സംസ്ഥാന പൊതുമേഖലാ വ്യവസായസ്ഥാപനമായ മാമല കെൽ. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനിയുടെ (കെൽ) മാമല യൂണിറ്റിലെ പവർ ട്രാൻസ്‌ഫോർമർ നിർമാണ പ്ലാന്റിൽ, എട്ട് എംവിഎ പവറിന്റെ രണ്ട്‌ ട്രാൻസ്‌ഫോർമറുകളാണ്‌ നിർമാണം പൂർത്തിയാക്കിയത്‌. ഒന്നാം പിണറായി സർക്കാർ ഫെബ്രുവരിയിലാണ് 12.5 കോടി രൂപ മുതൽമുടക്കിൽ പവർ ട്രാൻസ്‌ഫോർമർ യൂണിറ്റ് ആരംഭിച്ചത്.  ഉദ്ഘാടനശേഷം കോവിഡ് അടച്ചുപൂട്ടൽ വന്നെങ്കിലും കെഎസ്ഇബിയുടെ ഓർ‌ഡർ അനുസരിച്ച്‌ രണ്ട്  8 എംവിഎ, 33, 11 കെവി ട്രാൻസ്‌ഫോർമറുകൾ  കൃത്യസമയത്ത് നിർമാണം പൂർത്തിയാക്കി. തൊഴിലാളികളും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് നേട്ടം കൈവരിച്ചതെന്നും ട്രാൻസ്‌ഫോർമർ കെഎസ്ഇബിക്ക്‌ കൈമാറാൻ തയ്യാറായിക്കഴിഞ്ഞെന്നും വ്യവസായ മന്ത്രി പി രാജീവും കെൽ എംഡി ഷാജി എം വർഗീസും പറഞ്ഞു.

മാമലയിൽ നിർമാണം പൂർത്തിയാക്കിയ പവർ ട്രാൻസ്‌ഫോർമറുകൾ ബം​ഗളൂരുവിലെ എൻഎബിഎൽ അംഗീകൃത ലാബായ സിപിആർഐയിൽ ഗുണനിലവാര പരിശോധന പൂർത്തിയാക്കിക്കഴിഞ്ഞു. സിപിആർഐ സാക്ഷ്യപത്രംകൂടി ലഭിച്ചതോടെ ഏത് സ്ഥാപനത്തിനും പവർ ട്രാൻസ്‌ഫോർമർ നൽകാൻ കമ്പനിക്കാകും.
എൽഡിഎഫ് സർക്കാർ നടത്തിയ ആധുനികവൽക്കരണമാണ് മാമല യൂണിറ്റിന് കുതിപ്പേകിയത്. 18 കോടി രൂപയുടെ വികസനപ്രവർത്തനമാണ് പിണറായി സർക്കാർ നടപ്പാക്കിയത്. പവർ ട്രാൻസ്‌ഫോർമർ പ്ലാന്റിൽ‌ 10 എംവിഎവരെ ശേഷിയുള്ള പവർ ട്രാൻസ്‌ഫോർമറുകൾ നിർമിക്കാനാകും. ഈ പ്ലാന്റ്‌ പൂർണതോതിൽ പ്രവർത്തനക്ഷമമാകുമ്പോൾ ഓരോ വർഷവും 1500 എംവിഎ ഊർജം കൂടുതൽ ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. മാമല യൂണിറ്റിന് 47 കോടി രൂപയുടെ അധിക വിറ്റുവരവും 2.53 കോടി രൂപയുടെ അറ്റാദായവും പ്രതീക്ഷിക്കുന്നുണ്ടെന്നും എംഡി പറഞ്ഞു. 

ട്രാൻസ്‌ഫോർമർ, സ്ട്രക്‌ചറൽ വിഭാ​ഗങ്ങളാണ് മാമല യൂണിറ്റിലുള്ളത്. 10 കെവിമുതൽ 2500 കെവിവരെയുള്ള വിതരണ ട്രാൻസ്‌ഫോർമറുകൾ ഇവിടെ നിർമിക്കുന്നുണ്ട്. അണക്കെട്ടുകൾക്ക് ആവശ്യമായ റേഡിയൽ ​ഗേറ്റുകൾ, ഹോയിസ്റ്റുകൾ തുടങ്ങിയ ഹൈടെക് ഉൽപ്പന്നങ്ങളും നിർമിക്കുന്നു. കെഎസ്ഇബിക്കുപുറമെ മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ബോർഡുകൾക്കും മാമല യൂണിറ്റിൽനിന്ന്‌  ട്രാൻസ്‌ഫോർമറുകൾ നിർമിച്ചുനൽകുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top