15 August Monday

ചരിത്രത്തിനൊപ്പം നടന്ന ധീരവനിത... തെരഞ്ഞെടുപ്പിൽ ബൂത്ത്‌ ഏജന്റായ ഇരുപത്തഞ്ചുകാരി

പി ദിനേശൻUpdated: Friday Aug 5, 2022

കാച്ചിത്തുണിയും തട്ടവുമിട്ട്‌ മക്കത്തെ കല്ലിന്റെ മാലയും മരതകകമ്മലുമായി അതിഥികളെ സ്വീകരിക്കാൻഇനി മാളിയേക്കൽതറവാട്ടിൽമറിയുമ്മയില്ല. പോയകാലത്തിന്റെ കഥകൾപറഞ്ഞ്‌, പറഞ്ഞ്‌ മറിയുമ്മ മടങ്ങി. സുഹൃത്തുക്കളോ മാധ്യമപ്രവർത്തകരോ എത്തിയാൽ എത്രനേരം വേണമെങ്കിലും അവർ സംസാരിക്കുമായിരുന്നു. മലയാളവും ഇംഗ്ലീഷും ഇടകലർത്തിയുള്ള സംസാരം. ഇടയ്‌ക്ക്‌ പഴയ പാട്ടുകൾ മേമ്പൊടിയായുണ്ടാവും.
നൂറ്റാണ്ടും കടന്ന തറവാട്ടിന്റെ കാരണവത്തി ഇംഗ്ലീഷ്‌ മറിയുമ്മയെന്ന പേരിലാണ്‌ പ്രശസ്‌തി നേടിയത്‌.

വിദ്യാഭ്യാസത്തിനായി മാളിയേക്കൽമറിയുമ്മയോളം ത്യാഗം സഹിച്ചവർഏറെയുണ്ടാവില്ല. പൊരുതിനേടിയ അക്ഷരങ്ങളിൽഅവർ ജീവിതാന്ത്യം വരെ ആഹ്ലാദം കണ്ടെത്തി. വടക്കെമലബാറിൽ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നേടിയ മുസ്ലിം പെൺകുട്ടികളുടെ ആദ്യതലമുറയിലെ കരുത്തുറ്റ കണ്ണിയാണ്‌ മറിയുമ്മയുടെ വിയോഗത്തോടെ ചരിത്രത്തിലേക്ക്‌ മറയുന്നത്‌. തലശേരി സേക്രഡ്‌ഹാർട്ട്‌ കോൺവെന്റ് സ്‌കൂളിൽ1938- കാലത്തെ ഏകമുസ്ലിംപെൺകുട്ടിയായിരുന്നു മാളിയേക്കൽമറിയുമ്മ.

സ്‌കൂളിലേക്കുള്ള യാത്രക്കിടെ യാഥാസ്ഥിതികരുടെ പരിഹാസവും ശകാരവർഷവും കണ്ടുംകേട്ടും കണ്ണീരൊഴുക്കിയതായിരുന്നു ബാല്യം. അതേക്കുറിച്ച്‌ പറയുമ്പോഴെല്ലാം വാക്കുകളിൽ നോവ്‌ നിറയുമായിരുന്നു. ബുർഖയും ധരിച്ച്‌ റിക്ഷയിലാണ്‌ സ്‌കൂളിൽ പോവുക. ഒ വി റോഡിലെത്തിയാൽ അന്നത്തെ സമുദായ പ്രമാണിമാർ കാർക്കിച്ച് തുപ്പും. പരിഹാസവും കുത്തുവാക്കുകളും അസഹ്യമായപ്പോൾ ഇനി പഠിക്കാൻ വയ്യെന്ന് ഉപ്പയോട് പറഞ്ഞു. കോൺവെന്റിൽ തന്നെ പ്രാർഥനക്കും ഭക്ഷണം കഴിക്കാനും ഉപ്പ സൗകര്യം ചെയ്‌തു.

ഉപ്പ ഒ വി അബ്‌ദുള്ള സീനിയറും വല്യുമ്മ ബീഗം ടിസി കുഞ്ഞാച്ചുമ്മയുമാണ്‌ പഠിക്കാൻ പ്രോത്സാഹിപ്പിച്ചത്‌.   വിവാഹശേഷം ഭർത്താവ് വി ആർ മായിനലിയുടെ പിന്തുണയുമുണ്ടായി. അന്നത്തെ എതിർപ്പിന്‌ കീഴടങ്ങിയിരുന്നെങ്കിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാനാകുമായിരുന്നില്ലെന്ന് മറിയുമ്മ പറയുമായിരുന്നു.  മാളിയേക്കൽ തറവാട്ടിൽ നിന്ന് ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസംനേടിയത് സഹോദരിമാരായ ആയിഷ റൗഫ്, ഡോ ആമിന ഹാഷിം, അലീമ അബൂട്ടി എന്നിവരാണ്. അവരുടെ പാത പിൻപറ്റിയാണ്‌ മറിയുമ്മയും സ്‌കൂളിലെത്തിയത്‌.

ജീവിതത്തിലെ സുവർണകാലമെന്നാണ്‌ സ്‌കൂൾ കാലത്തെ വിശേഷിപ്പിച്ചത്‌. ഫിഫ്‌ത്ത്‌ഫോറത്തിൽ പഠിക്കുമ്പോൾ 1943ലായിരുന്നു വിവാഹം. പിന്നീട്‌ ഉമ്മാമ്മ കുഞ്ഞാച്ചുമ്മ സ്ഥാപിച്ച മഹിളസമാജം പ്രവർത്തനത്തിൽ മുഴുകി. സ്‌ത്രീധനമടക്കമുള്ള അനാചാരങ്ങൾക്കെതിരെ പ്രവർ്ത്തിച്ചു. സ്‌ത്രീകൾക്കുവേണ്ടിയുള്ള തയ്യൽ ക്ലാസും സാക്ഷരതക്ലാസും നടത്തി. പുതുതലമുറയിലെ പെൺകുട്ടികളോട്‌ എന്നും പറഞ്ഞത്‌ ‘പഠിച്ച്‌ ജോലി നേടുക, എന്നിട്ടാവാം വിവാഹം’ എന്നായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുത്ത ദേശീയവാദിയായ ഉപ്പയായിരുന്നു ജീവിതത്തിലെ റോൾമോഡൽ.

ചരിത്രം സൃഷ്‌ടിച്ച മാനഞ്ചിറ പ്രസംഗം

കോഴിക്കോട്‌ മാനഞ്ചിറ മൈതാനിയിൽ മുസ്ലിംഎഡുക്കേഷൻ സൊസൈറ്റി (എംഇഎസ്‌) സമ്മേളനത്തിൽ മറിയുമ്മ ഇംഗ്ലീഷിൽ നടത്തിയ പ്രസംഗം ചരിത്രസംഭവമാണ്‌. ഷേക്ക്‌ അബ്ദുള്ളയുടെ സാന്നിധ്യത്തിലുള്ള പ്രസംഗം തീരുംവരെ കൈയടിയായിരുന്നു. ഒരു മുസ്ലിംപെൺകുട്ടി ഇംഗ്ലീഷിൽ നടത്തിയ പ്രസംഗം മൈതാനം ശരിക്കും ആ്ഘോഷിച്ചു. അത്രയും ഉജ്വലമായിരുന്നു അവരുടെ വാക്കുകൾ. എംഇഎസ്‌ യൊഗത്തിന്‌ പോയപ്പോൾ മുസ്ലിംലീഗുകാരുടെ ആക്രമണത്തിനിരയായതും മറ്റൊരനുഭവം. ‘‘പുലർച്ചെ രണ്ട്‌ മണിക്ക്‌എഴുന്നേൽകും. നിസ്‌കാരത്തിന്‌ശേഷമുള്ള ഖുർ ആൻ പാരായണം, രാവിലെ ഏഴിന് ബിസ്‌കറ്റും ചായയും. അപ്പോഴേക്കും ഹിന്ദുപത്രം വരും. പിന്നെ വിശദമായ പത്രവായന.  ഒമ്പതിന് ബ്രേക്ക്ഫാസ്റ്റ്, ഉച്ചക്ക്‌ ഒന്നിന‌് ഒരുപിടിച്ചോർ–-ഇതാണ് ആരോഗ്യരഹസ്യമെന്നായിരുന്നു മറിയുമ്മ പറയാറ്‌.

നൂറ്റാണ്ടും കടന്ന തറവാട്ടിലെ കാരണവത്തി

നൂറിലേറെ വർഷം പഴക്കമുള്ള മാളിയേക്കൽ തറവാടിന്‌ സമീപം മകൾ ആയിഷക്കൊപ്പമായിരുന്നു മറിയുമ്മയുടെ താമസം. അമ്പതും നൂറും പേർ ഒരു മേൽകൂരക്ക്‌ കീഴെ ബന്ധത്തിന്റെ സ്‌നേഹചൂടറിഞ്ഞ്‌ ജീവിച്ച മാളിയേക്കലെ പഴയകാലം ഇടയ്‌ക്ക്‌ ഓർക്കും. എല്ലാ ജാതിമതത്തിൽപെട്ട വനിതകളും ഒത്തുകൂടുന്ന കേന്ദ്രമായിരുന്നു മാളിയേക്കലെ തലശേരി മുസ്ലിം മഹിളസമാജം. പലവിധത്തിലുള്ള എതിർപ്പുകൾ നേരിട്ടാണ് മഹിളസമാജവും പ്രവർത്തിച്ചത്. പിഎൻ പണിക്കറുടെ അഭ്യർഥന പ്രകാരമാണ്‌ മാളിയേക്കലിൽ സാക്ഷരതകേന്ദ്രം തുടങ്ങിയത്‌. തലശേരി നഗരസഭ മുൻ ചെയർമാൻ ആമിനമാളിയേക്കലിന്റെ ഉമ്മ പി എൻ നഫീസയും മാളിയേക്കൽ മറിയുമ്മയുമാണ്‌ ജാതിമതഭേദമില്ലാതെ എത്രയോ പേരെ പഠിപ്പിച്ചത്.

പുരോഗമനഇടതുപക്ഷ ആശയങ്ങളുമായി എന്നും സഹകരിച്ചു. എൽഡിഎഫ്‌ സ്ഥാനാർഥികളുടെ വിജയത്തിനായി മാളിയേക്കൽ ഇറങ്ങുന്ന ഗായകസംഘത്തെ പിന്തുണച്ചു. മാളിയേക്കൽ തറവാടിന്‌ മുൻപിലെ ടിസി മുക്കിലായിരുന്നു അക്കാലത്ത്‌ സിപിഐ എം ഓഫീസ്‌. സി എച്ച്‌ കണാരൻ, പാട്യം ഗോപാലൻ, ഇ കെ നായനാർ, പിണറായിവിജയൻ, കോടിയേരി ബാലകൃഷ്‌ണൻ തുടങ്ങിവർ മാളിയേക്കൽ വന്നതും സംസാരിച്ചതുമെല്ലാം അഭിമാനത്തൊടെ പറയും. പുരോഗമനപരമായ ഏതൊരു സ്ത്രീമുന്നേറ്റത്തിനുമൊപ്പവും അവർ നിന്നു. നവോഥാനസന്ദേശവുമായുള്ള വനിതമതിലിനെ പിന്തുണച്ച്‌ പ്രസ്‌താവനയിറക്കി.

അധിക്ഷേപത്തിന്‌ മുന്നിൽ കീഴടങ്ങാതെ

മുസ്ലിം യുവതികൾ വോട്ടുപിടിക്കാനിറങ്ങിയതിന്റെ പേരിൽ അധിക്ഷേപവും ഒറ്റപ്പെടുത്തലുമുണ്ടായിട്ടും തലകുനിക്കാത്ത ധീരതയാണ് മാളിയേക്കൽ മറിയുമ്മയെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത‌്. തലശേരി മണ്ഡലത്തിൽ 1957ൽ വി ആർ കൃഷ്ണയ്യർ മത്സരിച്ചപ്പോഴാണ്‌ സജീവമായി തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിനിറങ്ങിയത്‌.

മാളിയേക്കൽ തറവാട് കൃഷ്‌ണയ്യർക്കൊപ്പമായിരുന്നു. നൂറോളം വോട്ട് അന്ന് മാളിയേക്കൽ തന്നെയുണ്ടായിരുന്നു. ജ്യേഷ്ഠത്തി പി എം നഫീസയ‌്ക്കൊപ്പമാണ് വീടുകയറിയത്. യാഥാസ്ഥിതികർ ഹാലിളകിയെത്തി. വീടു കയറുമ്പോൾ പെണ്ണുങ്ങളടക്കം നാണം കെടുത്തി.  കൃഷ്ണയ്യർ നിരീശ്വരവാദിയാണെന്നാണ് ലീഗുകാർ വീടുകയറി പറഞ്ഞത്. തെരഞ്ഞെടുപ്പിൽ ജയിച്ച കൃഷ്ണയ്യരെ ആനയിച്ചുവരുമ്പോൾ മകൾ സാറ മാലയിട്ടാണ്‌ സ്വീകരിച്ചത്‌. ജസ്‌റ്റിസ്‌ വി ആർ കൃഷ്‌ണയ്യർ മരിക്കുന്നതിന് ഏതാനും ദിവസംമുമ്പ‌് എറണാകുളത്തു പോയി കണ്ടിരുന്നു.

മദിരാശി നിയമസഭയിലേക്ക് 1952ൽ ബന്ധുവായ പിഎസ‌്‌പി സ്ഥാനാർഥി ഡോ. ആമിന ഹാഷിം മത്സരിച്ചപ്പോൾ ചിറക്കര സ്‌കൂളിൽ ബൂത്ത് ഏജന്റായ അനുഭവവും മറിയുമ്മയ‌്ക്കുണ്ട്. ഇരുപത്തഞ്ചുകാരി ആ സാഹസത്തിന് മുതിർന്നത് പലർക്കും പിടിച്ചില്ലെന്നും ഇതിന്റെ പേരിലും വലിയ കോലാഹലമാണുണ്ടായെന്നും മറിയുമ്മ പറഞ്ഞിരുന്നു. മാളിയേക്കലിലെ ധീരവനിതകൾ യാഥാസ്ഥിതികത്വത്തെ എന്നും വെല്ലുവിളിച്ചിട്ടേയുള്ളൂ. മാളിയേക്കലിൽ റേഡിയോ വാങ്ങിയപ്പോഴും വലിയ പുകിലായിരുന്നു. ചെകുത്താൻെറ വീടെന്നാണ്‌ റേഡിയോവിനെ വിശേഷിപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top