22 October Tuesday

മാലിദ്വീപ് നിവാസികള്‍ക്ക് കേരളത്തിന്റെ കൈത്താങ്ങ്; കാന്‍സര്‍ ചികിത്സാരംഗത്ത് സഹകരിക്കാൻ ധാരണാപത്രം ഒപ്പുവെച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

തിരുവനന്തപുരം >  ഇന്ത്യയും മാലിദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരും റീജിയണല്‍ കാന്‍സര്‍ സെന്ററും സംയുക്തമായി മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് എംഒയു ഒപ്പിട്ടത്. ആരോഗ്യമന്ത്രി കെ കെ ശൈലജ, മാലിദ്വീപ് ആരോഗ്യ മന്ത്രി അബ്ദുള്ള അമീന്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ആര്‍സിസി ഡയറക്ടര്‍ ഡോ. രേഖ എ നായര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.  

റീജിയണല്‍ കാന്‍സര്‍ സെന്‍ററിന്‍റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി മാലദ്വീപിലെ കാന്‍സര്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് കരാറിന്‍റെ ലക്ഷ്യം. കാന്‍സര്‍ പ്രതിരോധം, ചികിത്സ, രോഗനിര്‍ണയ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കുന്നതില്‍ റീജിയണല്‍ കാന്‍സര്‍ സെന്‍റര്‍ മാലിദ്വീപ് ആരോഗ്യമന്ത്രാലയത്തെ സഹായിക്കും.

 മാലിദ്വീപിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലബോറട്ടറി ജീവനക്കാര്‍ എന്നിവര്‍ക്ക് ആര്‍സിസിയില്‍ പ്രത്യേക പരിശീലനം നല്‍കും. തുടര്‍വിദ്യാഭ്യാസ പരിപാടിയിലൂടെ മാലിദ്വീപിലെ കാന്‍സര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗ നിര്‍ണയ രംഗത്തെ നൂതനസങ്കേതങ്ങള്‍ പരിചയപ്പെടുത്താനും ആര്‍സിസി സൗകര്യമൊരുക്കും. ആര്‍സിസിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാലിദ്വീപിലെ കാന്‍സര്‍ ആശുപത്രികളില്‍ ഡെപ്യൂട്ടേഷന്‍ നല്‍കാനും കരാറില്‍ വ്യവസ്ഥയുണ്ട്.

 പ്രതിദിനം ആയിരത്തോളം പഴയതും പുതിയതുമായ രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ആര്‍സിസിയില്‍ പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍പരം രോഗികളാണ് തുടര്‍ചികിത്സയ്ക്കായി എത്തുന്നത്.


പ്രധാന വാർത്തകൾ
 Top