25 August Sunday

കർണാടകത്തിൽ കോൺഗ്രസ്‌‐ജെഡിഎസ്‌ സർക്കാർ താഴേക്ക്‌?; 11 ഭരണപക്ഷ എംഎൽഎമാർ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019

ബംഗളൂരു > കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയപ്രതിസന്ധി. കര്‍ണാടക ഭരിക്കുന്ന ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിന് ഭീഷണിയായി 11 ഭരണപക്ഷ എംഎല്‍എമാര്‍ രാജിവച്ചു. നിയമസഭ സ്പീക്കറുടെ ഓഫീസില്‍ എത്തിയാണ്‌ രാജി നൽികയത്‌.

എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് സ്പീക്കറുടെ ഓഫീസിലെത്തി രാജിസമര്‍പ്പിച്ചത്. എംഎല്‍എമാരുടെ രാജി ഓഫീസില്‍ ലഭിച്ചതായി സ്പീക്കര്‍ രമേശ് കുമാറും സ്ഥിരീകരിച്ചു. 

മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി, എച്ച് വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്‍, ബി സി പാട്ടീല്‍, സൗമ്യ റെഡ്ഡി എന്നിവര്‍ അടങ്ങുന്ന സംഘമാണ് സ്പീക്കറെ കാണാന്‍ എത്തിയത്.

പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നും അതിനാല്‍ രാജിവെയ്ക്കുകയാണെന്നും രാമലിംഗ റെഡ്ഡി അറിയിച്ചു. മകളും കോണ്‍ഗ്രസ് എംഎല്‍എയുമായ സൗമ്യ റെഡ്ഡിയും സ്പീക്കറെ കാണാനെത്തിയിരുന്നു. മകളുടെ കാര്യം തനിക്കറിയില്ലെന്നായിരുന്നു രാമലിംഗ റെഡ്ഡിയുടെ പ്രതികരണം. മുതിര്‍ന്ന നേതാവായ രാമലിംഗ റെഡ്ഡി സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു.

വിമത നീക്കത്തിന് ചുക്കാന്‍ പിടിക്കുകയും ഒരാഴ്ച മുമ്പ് കോണ്‍ഗ്രസില്‍ നിന്ന രാജിവയ്ക്കുകയും ചെയ്ത രമേശ് ജാര്‍ക്കിഹോളിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ആനന്ദ് സിങ് എന്ന എംഎല്‍എയും നേരത്തെ രാജിവച്ചിരുന്നു. എട്ട് എംഎല്‍എമാര്‍ സ്പീക്കറെ കാണാനെത്തിയത് രാജിനീക്കത്തിന്റെ ഭാഗമാണെന്ന സൂചന വന്നതിന് പിന്നാലെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയും മന്ത്രി ഡി കെ ശിവകുമാറും പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. 

സമവായ ചര്‍ച്ചകള്‍ക്കായി കര്‍ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. 15 എംഎല്‍എമാര്‍ രാജിവച്ചാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും.

കോണ്‍ഗ്രസിലെ സിദ്ധരാമയ്യ പക്ഷക്കാരായ എംഎല്‍എമാരാണ് ഇപ്പോള്‍ രാജിസമര്‍പ്പിച്ചിരിക്കുന്നത്. രാജിവച്ച് സര്‍ക്കാരിനെ വീഴ്ത്തുന്നതിന് പകരം മന്ത്രിസ്ഥാനം നേടിയെടുക്കാനുള്ള സമ്മര്‍ദതന്ത്രമാണെന്നും സൂചനകളുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top