21 March Thursday

മഹാരാജാസിൽ ഫോട്ടോ എടുക്കുന്നതിന്‌ സൂപ്രണ്ടിന്റെ വിലക്ക്‌; ഫോട്ടോ പ്രദർശനം സംഘടിപ്പിച്ച്‌ എസ്‌എഫ്‌ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018

കൊച്ചി > മഹാരാജാസ്‌ കോളേജിൽ ഫോട്ടോ എടുക്കുന്നത്‌ വിലക്കിയ അധികൃതരുടെ നിലപാടിനെതിരെ ഫോട്ടോ എക്‌സിബിഷൻ സംഘടിപ്പിച്ച്‌ എസ്‌എഫ്‌ഐയുടെ പ്രതിഷേധം. മഹാരാജാസ്‌ കോളേജിലെ പൂർവ വിദ്യാർഥിയും മഹാരാജാസിന്റെ നിരവധി മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ള ഫോട്ടോഗ്രാഫറുമായ ഷാഹിദ്‌ മനക്കാപ്പടിയെയാണ്‌ കോളേജ്‌ സൂപ്രണ്ട്‌ ഫോട്ടോ എടുക്കുന്നതിൽ നിന്നും തടഞ്ഞത്‌. മഹാരാജാസ്‌ കോളേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഷാഹിദിന്റെ ചിത്രങ്ങൾ ഉപയോഗിച്ചിരിക്കുന്നത്‌ കാണാം.

ഫോട്ടോ എക്‌സിബിഷനിൽ നിന്ന്‌

ഫോട്ടോ എക്‌സിബിഷനിൽ നിന്ന്‌കോളേജിന്റെ അവകാശികൾ വിദ്യാർഥികളാണെന്നു പ്രഖ്യാപിച്ചുകൊണ്ടാണ്‌ എസ്‌എഫ്‌ഐ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്‌. പല കാലത്തായി മഹാരാജാസിൽ നിന്ന്‌ ഷാഹിദ്‌ പകർത്തിയ എൺപതോളം ചിത്രങ്ങളുടെ പ്രദർശനമാണ്‌ നടന്നത്‌. ഫോട്ടോഗ്രാഫർ തന്നെയാണ്‌ പ്രദർശനം ഉദ്ഘാടനം ചെയ്‌തത്‌. ക്യാമ്പസിലെ സൗഹൃദവും പ്രണയവും സംഘടനാ പ്രവർത്തനവുമെല്ലാം നിറഞ്ഞുനിൽക്കുന്നവയായിരുന്നു ചിത്രങ്ങൾ ഓരോന്നും. ഷാഹിദിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സാമൂഹ്യമാധ്യമങ്ങളിലും വിദ്യാർഥികളും പൂർവവിദ്യാർഥികളുമടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു.

മഹാരാജാസിൽ 2005-2008 ബാച്ചിലെ ബി എ അറബിക്‌ വിദ്യാർഥിയായിരുന്നു ഷാഹിദ്‌. 2017ൽ പുറത്തിറക്കിയ ‘മഹാരാജകീയം’ സുവനീറിൽ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. കൊച്ചിൻ മുസിരിസ്‌ ബിനാലെയുടെ ഭാഗമായി ഷാഹിദിന്റെ ഒരു ഫോട്ടോ പ്രദർശനം കോളേജിനകത്ത്‌ സംഘടിപ്പിച്ചിട്ടുണ്ട്‌. കോളേജ്‌ വെബ്‌സൈറ്റിലും ഓരോ വർഷവും പുറത്തിറക്കുന്ന മാഗസിനുകളിലും ഷാഹിദിന്റെ ചിത്രങ്ങൾ നിറഞ്ഞുനിൽക്കുന്നു. മഹാരാജാസിന്‌ സുപരിചിതനായ ഈ ഫോട്ടോഗ്രാഫറെയാണ്‌ കോളേജിന്റെ മൺസൂൺ ചിത്രങ്ങളെടുക്കാനെത്തിയപ്പോൾ സൂപ്രണ്ട്‌ തടഞ്ഞത്‌.

എസ്‌എഫ്‌ഐ പ്രതിഷേധത്തിന്‌ അഭിവാദ്യമർപ്പിച്ച്‌ ജെഎൻയു വിദ്യാർഥി യൂണിയൻ വൈസ്‌ പ്രസിഡന്റായിരുന്ന അമൽ പുല്ലാർക്കാട്ട്‌ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്‌:


മഹാരാജാസ് കോളേജിൽ ഫോട്ടോ എടുക്കുന്നത് സൂപ്രണ്ട് തടഞ്ഞത്രേ. കണ്ണിൽ കാണുന്നതു മുഴുവൻ വിൽപ്പനച്ചരക്കാണെന്നും എല്ലാം തങ്ങൾ നിർവചിക്കുന്ന അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ മാത്രമേ നടക്കുവാൻ പാടുള്ളൂ എന്നും ശഠിക്കുന്ന ദന്തഗോപുര നിവാസികൾക്ക് കീഴ്പ്പെട്ട ചരിത്രമല്ല മഹാരാജാസിനുള്ളത്. അത് പഴയ യൂണിയൻ ജാക്ക് കൊടിമരത്തിൽ നിന്ന് വലിച്ചു കീറി ഇന്ത്യൻ പതാക നാട്ടിയ വിപ്ലവ വിദ്യാർത്ഥി നേതൃത്വം തുടങ്ങി അടിയന്തരാവസ്ഥയെ തരിമ്പും വകവയ്ക്കാതെ സമരം ചെയ്ത് തോൽപ്പിച്ച പോരാട്ട വീര്യം മുതൽ ദാ ഇങ്ങ് സ്വയംഭരണത്തെ അടിച്ചൊതുക്കിയ കാലം വരെ എത്തി നിൽക്കുന്നു.

ഇന്ന് സൂപ്രണ്ട് ഫോട്ടോ എടുക്കുന്നത് വിലക്കാൻ ശ്രമിക്കുമ്പോൾ ഒരു സംസ്ക്കാരത്തെ തന്നെയാണ് അദ്ദേഹം വിലക്കാൻ തുനിയുന്നത്. ഈ മഹാനുഭാവനെ പോലുള്ളവരെ ഒരു കാര്യം കൃത്യമായ് ഓർമപ്പെടുത്തട്ടെ. കലാലയത്തിൽ വിദ്യാർത്ഥികൾ തന്നെയാണ് പ്രാഥമിക അവകാശികൾ. അവർക്കു ശേഷം അധ്യാപകർ അതിനും പിറകിലേ ഭരണകൂടത്തിന് സ്ഥാനമുള്ളൂ. ഇവിടെ ഞങ്ങൾ തീരുമാനിക്കുന്നതേ നടക്കൂ എന്ന് വിളിച്ചു പറഞ്ഞ ഭരണകൂടങ്ങൾ തോറ്റ ചരിത്രമേ മഹാരാജാസിൽ ഉള്ളൂ എന്നത് വീണ്ടും തെളിയിക്കപെട്ടിരിക്കുന്നു.

അമൽ പുല്ലാർക്കാട്ട്‌ ഫേസ്‌ബുക്കിൽ പങ്കുവച്ച ഷാഹിദ്‌ മനക്കാപ്പടി പകർത്തിയ തന്റെ ചിത്രം

അമൽ പുല്ലാർക്കാട്ട്‌ ഫേസ്‌ബുക്കിൽ പങ്കുവച്ച ഷാഹിദ്‌ മനക്കാപ്പടി പകർത്തിയ തന്റെ ചിത്രംമഹാരാജാസിൽ വന്ന കാലം മുതൽക്ക് ഏകദേശം പത്ത് വർഷത്തിനു മുകളിലായ് അറിയാം ഷാഹിദ്‌ മനക്കാപ്പടിയെ. അദ്ദേഹം എന്റെ സീനിയർ ബാച്ചിൽ അറബി വിഭാഗം വിദ്യാർത്ഥിയായിരുന്നു. പഠനകാലം മുതൽക്കേ ക്യാമറയുമായ് ക്യാമ്പസിൽ എത്തിയിരുന്ന ഷാഹിദ് അന്നുതൊട്ടേ മഹാരാജാസിന്റെ മികച്ച ഫ്രെയ്മുകൾക്ക് ഉടമയായിരുന്നു. അതിനാൽ തന്നെ ഇത്തരം വിദ്യാർത്ഥികൾ പ്രണയിക്കുന്നതു പോലെ മഹാരാജാസിനെ ഇഷ്ട്ടപെടാനോ പരിപാലിക്കുവാനോ ഒരു കോളേജ് അഡ്മിനിസ്ട്രേഷനും കഴിഞ്ഞിട്ടുമില്ല, മേലാൽ കഴിയുകയുമില്ല. അതു കൊണ്ട് ഉറച്ച ശബ്ദത്തിൽ വ്യക്തമായ് തന്നെ പറയട്ടെ ഞങ്ങൾ വിദ്യാർത്ഥികൾ തന്നെയാണ് മഹാരാജാസിന്റെ യഥാർഥ ഉടമസ്ഥർ!!

ഷാഹിദിനു മാത്രമല്ല മഹാരാജാസിലെ ഓരോ വിദ്യാർത്ഥീ-വിദ്യാർത്ഥിനികൾക്കും ഒരുമിച്ച് ഇരിക്കുവാനും ചർച്ചകൾ നടത്തുവാനും ചിത്രങ്ങൾ എടുക്കുവാനും ഇവിടെ ഇടമുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിച്ച് മഹാരാജാസിന്റെ ചിത്ര പ്രദർശനം നടത്തുകയും ഷാഹിദിനെ കൊണ്ട് ഫോട്ടോ എടുപ്പിച്ചു കൊണ്ടു തന്നെ സന്ദർഭം അവിസ്മരണീയമാക്കുകയും ചെയ്ത മഹാരാജാസിലെ എസ്‌എഫ്‌ഐയുടെ സമരസഖാക്കൾക്ക് വിപ്ലവാഭിവാദ്യങ്ങൾ!!

ജനാധിപത്യത്തിന് എല്ലാ ഇടങ്ങളും നിക്ഷേധിക്കുകയും അത് തിരിച്ചെടുക്കാൻ ഉജ്വലമായ സമരങ്ങൾ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന മറ്റൊരു കലാലയമായ ജെഎൻയുവിൽ നിന്ന് ഞാനും ഷാഹിദ് മഹാരാജാസിൽ 2010 കാലത്ത് പകർത്തിയ എന്റെ മനോഹരമായ ഒരു ചിത്രം പങ്കുവച്ചു കൊണ്ട് മഹാരാജാസുകാരോടൊപ്പം ഈ സമരത്തിൽ അണിചേരുകയാണ്!!

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top