15 September Sunday

മധുപാലിനെതിരെയുള്ള സംഘപരിവാർ സൈബർ ആക്രമണം പ്രതിഷേധാർഹം: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

തിരുവനന്തപുരം> രാജ്യത്തിന്റെ നിലനിൽപിനായി വർഗീയതയ്‌ക്കെതിരെയുള്ള ജനവിധിയായിരിക്കണം തെരഞ്ഞെടുപ്പിൽ ഉണ്ടാവേണ്ടത് എന്ന നിലപാട് പ്രഖ്യാപിച്ച ചലച്ചിത്രകാരനും സാംസ്‌കാരിക പ്രവർത്തകനുമായ മധുപാലിന് നേരെ സംഘപരിവാർ നടത്തുന്ന സൈബർ ആക്രമണം വികലമായ ആൾക്കൂട്ട വിചാരണയുടേതാണെന്ന‌് ഡിവൈഎഫ്ഐ. മധുപാൽ രാജ്യത്തെതന്നെ സാമൂഹിക പ്രതിബദ്ധത വിളങ്ങിയ നിരവധി കലാസൃഷ്ടികളെ സംഭാവന ചെയ്ത കലാപ്രവർത്തകനാണ്. നാം ജീവിക്കണോ, മരിക്കണോ എന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത് എന്ന പ്രസ്താവനയ്ക്ക് നേരെയാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ ചൂണ്ടിക്കാട്ടി ‘റീത്ത് വെച്ച് വീടിനുമുന്നിൽ അനുശോചന സമ്മേളനം നടത്തും’ എന്ന രൂപത്തിലുള്ള കൊലവിളികളും അസഭ്യവർഷങ്ങളുമായി സംഘപരിവാർ ഹാന്റിലുകൾ അക്രമണം നടത്തുന്നത്.

രാജ്യം ആർഎസ്എസ് ഭരിച്ചാൽ നാടുവിടുമെന്ന രാഷ്ട്രീയാഭിപ്രായം പറഞ്ഞതിന്റെ പേരിലായിരുന്നു എഴുത്തുകാരനും സർവ്വകലാശാല വൈസ് ചാൻസിലറുമായിരുന്ന യു.ആർ.അനന്ദമൂർത്തിയുടെ മരണാനന്തരം ആർ.എസ്.എസ് മധുരപലഹാര വിതരണം നടത്തിയത്. വർഗീയതയ്‌ക്കെതിരെ നിരന്തരം കലഹിച്ച ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോഴും സമാനമായ ആഹ്ലാദപ്രകടനം സാമൂഹിക മാധ്യമങ്ങളിൽ സംഘപരിവാർ പ്രവർത്തകർ നടത്തിയിരുന്നു. തങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ അക്രമിച്ച് ഇല്ലാതാക്കുവാനും അവരുടെ അസാന്നിധ്യത്തെ ആഘോഷിക്കാനുമുള്ള വികലമായ മാനസികാവസ്ഥയാണ് സംഘപരിവാർ പ്രവർത്തകരെ നയിക്കുന്നത്. എന്നാൽ ഇത്തരം ഭീഷണികൾക്കും ആൾക്കൂട്ടാക്രമണ സ്വഭാവമടങ്ങിയ പ്രഖ്യാപനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരിക പരിച്ഛേദത്തിനുമേൽ ഒരു പോറൽപോലും ഏൽപ്പിക്കാൻ ഡിവൈഎഫ്ഐ അനുവദിക്കുകയില്ല. മുമ്പെന്നപോലെ കൂടുതൽ കരുത്തോടെ കേരളത്തിന്റെ സാംസ്‌കാരിക മേഖലയുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കുമായി പരിചയും കാവലാളുമായി ഡിവൈഎഫ്ഐ ഉണ്ടാകുകതന്നെ ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top