തിരുവനന്തപുരം
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പോരാട്ടത്തിനൊപ്പം വിശ്വാസികളെയും ചേർത്തുനിർത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സമൂഹത്തിൽ വർധിക്കുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ‘ബി സയന്റിഫിക്, ബി ഹ്യൂമൻ– ലെറ്റ്‌സ് ടോക്’ എന്ന പേരിൽ ഡിവൈഎഫ്ഐ സംസ്ഥാനത്ത് 2000 കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്രസംവാദത്തിന്റെ സംസ്ഥാന ഉദ്ഘാടനം അയ്യൻകാളി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസവും വർഗീയതയും രണ്ടാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ വിശ്വാസികളെ സംഘടിപ്പിച്ചാൽ അത് വർഗീയതയല്ല. എന്നാൽ, ഇങ്ങനെ സംഘടിപ്പിച്ച് രാഷ്ട്രീയത്തിലും ഭരണത്തിലും ഇടപെടുമ്പോഴാണ് വർഗീയത ഉണ്ടാകുന്നത്. ഈ വർഗീയതയ്‌ക്കും അന്ധവിശ്വാസത്തിനും എതിരെ വിശ്വാസികളെക്കൂടി ചേർത്ത് പ്രതിരോധിച്ചേ വിജയിപ്പിക്കാനാകൂ.
ബിജെപി ഭരിക്കുന്ന രാജ്യത്ത് അന്ധവിശ്വാസത്തിന് നിയമപരമായ പരിരക്ഷയാണ് ലഭിക്കുന്നത്. സ്വതന്ത്രചിന്തയുടെ പ്രാധാന്യം വർധിച്ചുവരികയാണ്. ശാസ്‌ത്രബോധം സമൂഹത്തിൽ അനിവാര്യഘടകമാണ്. വർഗീയതയെയും വിശ്വാസത്തെയും അന്ധവിശ്വാസത്തെയും തിരിച്ചറിയണം. മതനിരപേക്ഷതയുടെ കേന്ദ്ര ഭൂമിയാണ് കേരളം. ഇവിടെപ്പോലും അന്ധവിശ്വാസ ജഡിലമായ അനാചരങ്ങൾ നീക്കാനായിട്ടില്ലെന്നാണ് സമീപകാല സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്. അപ്പോൾ മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതി ആലോചിക്കണം. പ്ലാസ്റ്റിക് സർജറി ഗണപതിയുടെ കാലത്തേ ഉണ്ടെന്ന് പ്രചരിപ്പിച്ച് അന്ധവിശ്വാസം ആളിക്കത്തിക്കുകയാണ് കേന്ദ്ര സർക്കാരെന്നും ഇത് ഇത്തരം അനാചാരക്കാർക്ക് പിന്തുണയാകുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് അധ്യക്ഷനായി. ഡോ. ബി ഇഖ്ബാൽ, ജോൺ ബ്രിട്ടാസ് എംപി, പി കെ രാജശേഖരൻ, പ്രൊഫ. എ ജി ഒലീന, ആർ ഉണ്ണി, സന്ദീപാനന്ദഗിരി, വൈശാഖൻ തമ്പി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ജോയിന്റ് സെക്രട്ടറി ഡോ. ഷിജുഖാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി അനൂപ്, വി എസ് ശ്യാമ, എ എം അൻസാരി, പ്രതിൻ സാജ് കൃഷ്ണ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..