25 May Monday

ജോലിതട്ടിപ്പ്: എന്‍ പീതാംബരക്കുറുപ്പും എം പി വിന്‍സെന്റും പ്രതിക്കൂട്ടിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

തൃശൂര്‍ > റെയിൽവേയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കായികതാരത്തിൽനിന്ന്  22.25  ലക്ഷം രൂപ കൈപ്പറ്റിയ കേസിൽ കോടതി സമൻസ് അയച്ചതോടെ  കോൺഗ്രസ് നേതാക്കളായ മുൻ എംപി  എൻ പീതാംബരക്കുറുപ്പും മുൻ എംഎൽഎ എം പി വിൻസെന്റും ഉൾപ്പെടെയുള്ളവർ പ്രതിക്കൂട്ടിലേക്ക്. പീതാംബരക്കുറുപ്പും വിൻസെന്റും യഥാക്രമം എംപിയുംഎംഎൽഎയും ആയിരുന്നപ്പോഴാണ‌് തട്ടിപ്പ‌് നടത്തിയത‌്.  കായികതാരത്തിൽനിന്ന്   കോൺഗ്രസ് നേതാക്കളും സംഘവും പണം കൈപ്പറ്റിയെന്നാണ് കേസ്. 

മകന് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത്, കോൺഗ്രസ‌് നേതാക്കൾ വഞ്ചിച്ചെന്ന‌്  നെല്ലിക്കുന്ന് മണ്ടകൻ വീട്ടിൽ ഷാജനാണ്  തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ സ്വകാര്യഅന്യായം നൽകിയത്.  പൊലീസിൽ പരാതി നൽകിയിട്ടും ഫലപ്രദമായി  അന്വേഷണം നടത്താത്തതിനാലാണ് കോടതിയെ സമീപിച്ചത്. കോടതി  കേസ് ഫയലിൽ സ്വീകരിച്ചു. തുടർന്നാണ് പ്രതിപ്പട്ടികയിലുള്ളവരോട് തിങ്കളാഴ്ച കോടതിയിൽ ഹാജരാവാൻ  സമൻസ് അയച്ചത്. 

കെപിസിസി മുൻ വൈസ‌് പ്രസിഡന്റ‌് എൻ പീതാംബരക്കുറുപ്പ്,  കെപിസിസി അംഗം എം പി വിൻസെന്റ്, കോൺഗ്രസ് പ്രവർത്തകൻ ഷിബു ടി ബാലൻ, ഭാര്യ ദീപ ഷിബു, മകൾ സായ്കൃഷ്ണ, ജയ‌്മൽകുമാർ   എന്നിവരെ പ്രതികളാക്കിയാണ് കേസ്. ഷിബു ടി ബാലനാണ് ഒന്നാംപ്രതി. ഇയാൾ കലിക്കറ്റ് യൂണിവേഴ്സിറ്റി ബോഡി ബിൽഡിങ് ചാമ്പ്യൻ സനീഷിന് സ്പോർട്സ് ക്വോട്ടയിൽ ജോലി വാഗ്ദാനം ചെയ്ത്  22.25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. ഈ പണം പീതാംബരക്കുറുപ്പിനും വിൻസെന്റിനും ഉൾപ്പെടെ വീതംവച്ചെന്നാണ‌് ഷിബു ടി ബാലൻ പൊലീസിന് നൽകിയ മൊഴി.

2013ൽ കൊല്ലം എംപിയും റെയിൽവേ ബോർഡ് മെമ്പറുമായിരുന്ന പീതാംബരക്കുറുപ്പുവഴി ജോലി ശരിയാക്കാമെന്ന് പറഞ്ഞ്  പണം വാങ്ങിയെന്നാണ് ആരോപണം. എംഎൽഎ ക്വാർട്ടേഴ്സിൽ താമസിച്ച് എംപി വിൻസെന്റിനെ ഫോൺവഴിയും പീതാംബരക്കുറിപ്പിനെ നേരിൽക്കണ്ടും ഇക്കാര്യം ഉറപ്പിച്ചു.   നാലു ഗഡുക്കളായി 25 ലക്ഷം നൽകണമെന്നും ജോലി ലഭിച്ചാൽ റെയിൽവേയിൽനിന്ന് വായ്പ ശരിയാക്കാമെന്നും പീതാംബരക്കുറുപ്പ് നിർദേശിച്ചതായി ഹർജിയിൽ പറയുന്നു. മെട്രോ റെയിൽവേയിലെ ഐഎഎസ് ഉദ്യോഗസ്ഥനെന്ന‌ മട്ടിൽ രാധാകൃഷ്ണൻ എന്നയാളെ പരിചയപ്പെടുത്തി.  പീതാംബരക്കുറുപ്പ് ആവശ്യപ്പെട്ടതാണെന്ന് പറഞ്ഞപ്രകാരം ഇയാൾക്ക് 2013 നവംബർ 22ന് ആലപ്പുഴ കെടിഡിസിയിൽവച്ച് ആദ്യഗഡു ആറു ലക്ഷം കൈമാറി. പിന്നീട് നവംബർ 28, ഡിസംബർ 15 തീയതികളിലായി  തൃശൂരിൽ ഷിബു ടി ബാലന് അഞ്ചുലക്ഷം വീതം നൽകി. 2014 ഫെബ്രുവരി നാലിന്  5 ലക്ഷം ഷിബുവിന്റെ ഭാര്യ ദീപയുടെ പേരിൽ യുസിഒ ബാങ്ക് തൃശൂർ അശ്വിനി ശാഖ വഴി കൈമാറി.  സായ്കൃഷ്ണയുടെ സൗത്ത‌് ഇന്ത്യൻ ബാങ്ക‌് തൃശൂർ ശാഖയിലെ   അക്കൗണ്ടിൽ 1.25 ലക്ഷവും നിക്ഷേപിച്ചു.  2014ൽ ജോലി ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് ഷിബു ടി ബാലനുമായി ബന്ധപ്പെട്ടപ്പോൾ  ഒഴിഞ്ഞുമാറി. 

തുടർന്ന് പൊലീസിൽ കേസ് കൊടുത്തു. വാങ്ങിയ പണത്തിൽനിന്ന് പീതാംബരക്കുറുപ്പ് ആറുലക്ഷവും എം പി വിൻസെന്റ് ഏഴുലക്ഷവും ജയ‌്മൻകുമാർ മൂന്നു ലക്ഷവും എംഎൽഎയുടെ പി എ അരുൺകുമാർ 15,000 രൂപയും ബാക്കി 6.25 ലക്ഷം ഷിബുവിന്റെ സുഹൃത്ത് ഷിജുവും കൈപ്പറ്റിയതായി ഷിബു ടി ബാലൻ പൊലീസിന് എഴുതിക്കൊടുത്ത മൊഴിയിലുണ്ട്. പരാതിയായതോടെ ഷിബു ടി ബാലൻ 15 ലക്ഷം തിരിച്ചുനൽകാമെന്ന് പറഞ്ഞ് ചെക്ക് നൽകി. ഈ ചെക്ക് ബാങ്കിൽ പണമില്ലാത്തതിനാൽ തള്ളി.


പ്രധാന വാർത്തകൾ
 Top