30 November Wednesday

പോപ്പുലർ ഫ്രണ്ട്‌ മുസ്ലിം താല്പര്യം സംരക്ഷിക്കുന്നു എന്ന് പറയുന്നത് ഐഎസ് മുസ്ലിങ്ങൾക്കായി നിലകൊള്ളുന്നു എന്ന് പറയുന്ന പോലെ: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

തിരുവനന്തപുരം> പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ എന്ന അക്രമസംഘടന ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും ജനാധിപത്യവാദികളുടെയും താല്പര്യങ്ങൾക്ക് പൂർണ്ണമായും എതിരാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.  "ഇവർ മുസ്ലിം താല്പര്യം സംരക്ഷിക്കുന്നു എന്ന് പറയുന്നത് ഐഎസ് മുസ്ലിങ്ങൾക്കായി നിലകൊള്ളുന്നു എന്ന് പറയുന്ന പോലെയാണ്. താലിബാനും ഐഎസും ഒക്കെ, ഓരോരോ ഘട്ടങ്ങളിൽ മുസ്ലിങ്ങൾക്കെതിരെ അമേരിക്കൻ ഏജൻസികൾ തന്നെ പണം മുടക്കി കൌശലപൂർവ്വം ഉണ്ടാക്കിയവയാണെന്നത് ഇന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുപോലെ പിഎഫ്ഐ സംഘടിപ്പിക്കുന്ന അക്രമങ്ങൾകൊണ്ട് ഇന്ത്യയിൽ ആകെ ഉപയോഗമുള്ളത് ആർ എസ്എസിനാണ്."-അദ്ദേഹം ഫേസ്‌‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണ്ണരൂപം താഴെ:

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തീവ്രവർഗ്ഗീയരാഷ്ട്രീയത്തെ അടിമുടി എതിർക്കുന്ന ഒരാളാണ് ഞാൻ. ആർഎസ്എസ് എന്ന അർദ്ധ ഫാഷിസ്റ്റ് സംഘടനയ്ക്ക് ,അതേ രീതിയിൽ ഒരു മുസ്ലിം അക്രമി സംഘം ഉണ്ടാക്കി മറുപടി കൊടുക്കാൻ കഴിയും എന്നു കരുതുന്ന മതതീവ്രവാദികൾ . അവർക്ക് എന്നെയും രാഷ്ട്രീയമായും വ്യക്തിപരമായും ഇഷ്ടമല്ല. 2006 - 2011 ലെ എൽ ഡി എഫ്  സർക്കാരിന്റെ കാലഘട്ടത്തിൽ ആണ് തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റി അവരുടെ തനിനിറം കാണിച്ചത്. കേരളത്തെ മരവിപ്പിച്ച ആസൂത്രിത തീവ്രവാദ പ്രവർത്തനം ആയിരുന്നു അത്. അദ്ദേഹത്തിന്റെ കൈ വെട്ടി മാറ്റി കേരളസമൂഹത്തെ പിഎഫ്ഐ വെല്ലുവിളിച്ചു. മതം മാറാൻ ആഗ്രഹിച്ച ഹാദിയ എന്ന പെൺകുട്ടിയുടെ പ്രശ്നത്തെയും ഏറ്റെടുത്ത് രാഷ്ട്രീയവിവാദമാക്കി വളർത്തി വലുതാക്കി കേരളത്തിൽ മതസ്പർധ വളർത്താൻ ശ്രമിച്ച സംഘടനയാണിത്. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കണം എന്ന് വിശ്വസിക്കുന്ന ഈ സംഘടന ഏറ്റവും കൂടുതൽ ആക്രമിച്ചിട്ടുള്ളത് സിപിഐ എം പ്രവർത്തകരെ ആണ്. പിഎഫ്ഐ യുടെ കൊലക്കത്തിക്ക് ഏറ്റവും ഇരയായിട്ടുള്ളതും സിപിഐ എം പ്രവർത്തകരാണ്, കൌമാര സഖാവായ മഹാരാജാസിലെ അഭിമന്യു വരെ.

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ പൗരത്വാവകാശം പ്രശ്നത്തിലാക്കാൻ ആർഎസ്എസ് നിയന്ത്രണത്തിലുള്ള നരേന്ദ്രമോഡി സർക്കാർ ശ്രമിച്ചപ്പോൾ അതിനെതിരായ പ്രതിഷേധത്തിൽ പിഎഫ്ഐയെ പങ്കെടുപ്പിക്കരുത് എന്ന് നിർബന്ധിച്ചത് സിപിഐ എം ആണ്. മുസ്ലിം ലീഗ് അടക്കമുള്ള കേരളത്തിലെ മുസ്ലിം സംഘടനകൾ അവരോട് രഹസ്യമായും പരസ്യമായും ചങ്ങാത്തം കൂടി. ദില്ലിയിൽ സമാധാനപരമായി നടന്ന സിഎഎ വിരുദ്ധ സമരത്തിൻറെ മറവിൽ ആർഎസ്എസും പിഎഫ്ഐയും ചേർന്നാണ് ഒളിഞ്ഞും തെളിഞ്ഞും ദില്ലി കലാപം ഉണ്ടാക്കിയത്. അവിടെയും മതന്യൂനപക്ഷങ്ങളുടെ ആശ്വാസത്തിന് എത്തിയത് സിപിഐ എം ആണ്.

പിഎഫ് ഐ എന്ന ഈ അക്രമസംഘടന ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും ജനാധിപത്യവാദികളുടെയും താല്പര്യങ്ങൾക്ക് പൂർണ്ണമായും എതിരാണ്. ഇവർ മുസ്ലിം താല്പര്യം സംരക്ഷിക്കുന്നു എന്ന് പറയുന്നത് ഐഎസ് മുസ്ലിങ്ങൾക്കായി നിലകൊള്ളുന്നു എന്ന് പറയുന്ന പോലെയാണ്. താലിബാനും ഐഎസും ഒക്കെ, ഓരോരോ ഘട്ടങ്ങളിൽ മുസ്ലിങ്ങൾക്കെതിരെ അമേരിക്കൻ ഏജൻസികൾ തന്നെ പണം മുടക്കി കൌശലപൂർവ്വം ഉണ്ടാക്കിയവയാണെന്നത് ഇന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുപോലെ പിഎഫ്ഐ സംഘടിപ്പിക്കുന്ന അക്രമങ്ങൾകൊണ്ട് ഇന്ത്യയിൽ ആകെ ഉപയോഗമുള്ളത് ആർ എസ്എസിനാണ്.

പിഎഫ്ഐ ഇന്ത്യയിലും കേരളത്തിലും നടത്തുന്ന  അക്രമത്തെ എല്ലാ ജനാധിപത്യ വാദികളും അപലപിക്കണം ; തള്ളിക്കളയണം. മതസൌഹാർദ്ദവും മതസ്വാതന്ത്ര്യവും മതേതരത്വവും ഭരണഘടനാമൂല്യങ്ങളും പുലരണമെങ്കിൽ ആർഎസ്സ്എസ്സിനെ പ്പോലെ നാം വർജിക്കേണ്ടതാണ് പിഎഫ്ഐയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top