04 August Wednesday

കെഎസ്‌യു ഉണ്ടായ കാലം മുതൽ അക്രമിസംഘം; സുധാകരൻ രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ നിലവാരം ഇടിച്ചുതാഴ്‌ത്തുന്നു: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തനത്തിൻറെ നിലവാരം ഇടിച്ചു താഴ്ത്താൻ ശ്രമിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. സഖാവ് പിണറായി വിജയനെക്കുറിച്ച് സുധാകരൻ പറഞ്ഞ കാര്യങ്ങൾ അദ്ദേഹം പതിവായി നടത്താറുള്ള വിടുവായത്തം പറച്ചിൽ ആണെന്നത് വ്യക്തമാണ്. സുധാകരൻ വിദ്യാർത്ഥി ആയിരുന്ന കാലത്ത് സഖാവ് പിണറായി വിജയനെ ചവുട്ടി വീഴ്ത്തി എന്നൊക്കെയുള്ള വീമ്പു പറച്ചിൽ വെറും കള്ളമാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട് - അദ്ദേഹം ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണി ചരിത്രം സൃഷ്ടിച്ചു കൊണ്ട് തുടർ ഭരണത്തിലേക്ക് വന്നത് കോൺഗ്രസിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്. സുധാകരനെ ഇറക്കി അക്രമം നടത്തി ഈ വിജയത്തെ മറികടക്കാം എന്ന് കോൺഗ്രസ് കരുതുന്നുണ്ടെങ്കിൽ അത് തെറ്റിദ്ധാരണ ആണ്. ആർ എസ് എസുമായി രഹസ്യധാരണയുണ്ടാക്കി അടുത്ത അഞ്ചു കൊല്ലം കഴിഞ്ഞു വരുന്ന തെരഞ്ഞെടുപ്പിൽ ജയിക്കാം എന്ന് കോൺഗ്രസ് കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിൽ ആണെന്ന് പറയാതിരിക്കാനാവില്ല. ഇത്തരം രാഷ്ട്രീയകാപട്യത്തെ തിരിച്ചറിയാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിവുണ്ട്.

കെഎസ്‌യു ഉണ്ടായ കാലം മുതൽ , ഫലത്തിൽ ഇല്ലാതായ ഇന്നുവരെ , മുഖ്യമായും ഒരു അക്രമിസംഘം ആയിരുന്നു. ഏഷ്യയിലെഏറ്റവും വലിയ വിദ്യാർത്ഥി സംഘടനതുടങ്ങിയ ഉപരിപ്ലവമായ അവകാശവാദങ്ങളും ,പ്രചാരമല്ലാതെ , തീരെമാധ്യമ മൂല്യങ്ങളില്ലാത്ത ചിലപത്രത്താളുകളുടെ വാൽസല്യാതിരേകവുമാണ് അവർക്ക് കുറേ സാമൂഹിക ശ്രദ്ധ നേടിക്കൊടുത്തത്.

കെ എസ് യുവിന്ററെയും കോൺഗ്രസിന്റെയും അക്രമപാരമ്പര്യത്തെയാണ് സുധാകരൻ ഒരിക്കൽ കൂടി ജനങ്ങളുടെ മുന്നിലേക്ക് കൊണ്ടു വന്നത്. ഒരർത്ഥത്തിൽ നന്നായി. ജനങ്ങളുടെ ഓർമയിൽ നിന്ന് ഇവരുടെ അക്രമങ്ങൾ മാഞ്ഞു പോകാൻ തുടങ്ങിയിരുന്നു. സിപിഐ എമ്മിനെ പണ്ടേപ്പോലെ അക്രമം കൊണ്ട് നേരിടാം എന്നാണ് സുധാകരൻ ഇപ്പോഴും സ്വപ്നം കാണുന്നതെങ്കിൽ കാലം മാറി എന്നത് സുധാകരനെ ഓർമിപ്പിക്കുന്നു.

ഒരു വിധത്തിലും ഉള്ള അക്രമം കേരളം പൊറുപ്പിക്കില്ല. ഇത്തരം ഒരാളെ തങ്ങളുടെ പ്രസിഡണ്ടായി കൊണ്ടുനടക്കേണ്ടിവന്നാൽ എന്താവും സ്വന്തം പാർട്ടിയുടെ ഗതി എന്ന് കോൺഗ്രസ്സുകാർ ആലോചിക്കേണ്ടതാണ്. അത് ഞങ്ങളുടെകാര്യം നിങ്ങൾ ഇടപെടേണ്ടതില്ല എന്നാണെങ്കിൽപ്പിന്നെ മറ്റൊന്നും പറയാനില്ല. ഇടതുപക്ഷപുരോഗമനപ്രസ്ഥാനങ്ങളേയും മതേതരശക്തികളേയും വ്യത്യസ്താഭിപ്രായങ്ങളേയും ആയുധമുപയോഗിച്ച് നിഷ്ക്കാസനം ചെയ്യാനാണ് ആർ എസ്സ് എസ്സും അത്തരം തീവ്രവാദസംഘടനകളും ശ്രമിക്കുന്നത് എന്നത്  പ്രസിദ്ധം. അവരുടെ സൌഹാർദ്ദവും സഹകരണവും തന്റെ വിനാശകരമായ അക്രമരാഷ്ട്രിയ പദ്ധതികൾക്ക് ഉറപ്പാക്കാൻവേണ്ടിക്കൂടിയാണ് വളരെ ആലോചിച്ച് രണ്ടുകാര്യങ്ങൾ കെ സുധാകരൻ പറഞ്ഞത്. തങ്ങളുടെമുഖ്യശത്രു സി പി ഐ (എം) ആണ്.

താൻ പിണറായിവിജയനെതിരേ നേരിട്ട് കായികാക്രമണം നടത്തിയിട്ടുണ്ട്. ഒന്നാമത്തേത് സത്യംതന്നെ. എന്നാൽ കോൺഗ്രസ്സ് അഖിലേന്ത്യാനേതൃത്വം പരസ്യമായി അത്തരമൊരുനിലപാട് പ്രഖ്യാപിക്കുമോയെന്ന് വ്യക്തമാവേണ്ടതുണ്ട്. രണ്ടാമത്തേത് പൊങ്ങച്ചമാണെങ്കിലും അദ്ദേഹം നേരിട്ട് ഒട്ടനവധി ആക്രമണങ്ങൾ നടത്തുകയോ സംഘടിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഓഫ് ദി റിക്കോർഡ് പറഞ്ഞതാണ് വാരിക അച്ചടിച്ചത് എന്നാണ് മാധ്യമങ്ങളുടെ തുടർ ചോദ്യങ്ങളെത്തുടർന്ന് ഇന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചത്. അതെന്തായാലും ഇടതുപക്ഷമതേതരശക്തികൾക്കെതിരേ രാഷ്ട്രീയമായും കായികമായും നമുക്കുസഹകരിക്കാമെന്ന് എല്ലതരം തീവ്രവർഗ്ഗീയശക്തികളോടുംഉള്ള ബോധപൂർവ്വമായ പരസ്യ ആഹ്വാനമല്ലാതെ മറ്റൊന്നുമല്ല കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ നടത്തിയിരിക്കുന്നത്. കോൺഗ്രസ്സ് ഹൈക്കമാൻഡിനും എ കെ ആന്റണിയെപ്പോലുള്ളവർക്കും ഈ സാഹചര്യത്തെപ്പറ്റി എന്തുപറയാനുണ്ട് എന്നത് കൌതുകകരമാണ്. എന്തായാലും നമ്മുടെ നാട് കരുതിയിരിക്കേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top