22 June Tuesday

ലോക്ക്ഡൗൺ: ഇന്നുമുതൽ 16 വരെ; ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ

സ്വന്തം ലേഖകൻUpdated: Saturday May 8, 2021

തിരുവനന്തപുരം > സംസ്ഥാനത്ത്‌ സമ്പൂർണ അടച്ചിടൽ ഇന്ന് രാവിലെ ആറുമുതൽ. 16ന്‌ രാത്രി 12 വരെ അടച്ചിൽ തുടരും.  കേരളത്തിലെ ഉയർന്ന ജനസാന്ദ്രത കണക്കിലെടുക്കുമ്പോൾ ജനങ്ങൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കാൻ ലോക്ക്ഡൗൺപോലെ ഫലപ്രദമായ മറ്റൊരു നടപടിയില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ  വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചരക്കു ഗതാഗതത്തിന് തടസ്സമുണ്ടാകില്ല. എന്നാൽ, ജനങ്ങളുടെ യാത്ര നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കും. വളരെ ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ജീവൻരക്ഷാ ഔഷധങ്ങൾ ഫയർഫോഴ്‌സുമായി സഹകരിച്ച്‌ ഹൈവേ പൊലീസ്‌ എത്തിക്കും. ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറക്കാൻ നിർദേശിച്ചിട്ടുണ്ട്‌. 

അതിഥിത്തൊഴിലാളികളുടെ ജോലിയും വരുമാനവും നഷ്ടപ്പെടരുതെന്നതിനാലാണ് നിർമാണ പ്രവർത്തനങ്ങൾക്ക്‌ അനുമതി.  തൊഴിലാളികൾ കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി അവർക്ക് നിർമാണ സ്ഥലത്തുതന്നെ താമസസൗകര്യവും ഭക്ഷണവും നൽകേണ്ട ബാധ്യത കരാറുകാർക്കുണ്ട്‌.  അല്ലെങ്കിൽ യാത്രാ സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങൾ

●     പുറത്തുപോകാൻ പൊലീസ് പാസ് വേണം.
●     സ്വയം എഴുതിയ സർട്ടിഫിക്കറ്റ്‌ കരുതണം.
●     മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർ കോവിഡ്‌ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ സ്വന്തം  ചെലവിൽ 14 ദിവസം ക്വാറന്റൈനിൽ  കഴിയണം.
●     തട്ടുകടകൾ തുറക്കില്ല.
●    വാഹന റിപ്പയർ വർക്ക്ഷോപ്പ് ആഴ്‌ചയിലെ അവസാന രണ്ടു ദിവസം തുറക്കാം.
●    ഹാർബർ ലേലം ഒഴിവാക്കും.
●     അന്തർജില്ലാ യാത്രകൾ അനുവദിക്കില്ല
●    റെസ്‌റ്റോറന്റും ഹോട്ടലും രാവിലെ ഏഴുമുതൽ രാത്രി ഏഴരവരെ,  പാഴ്‌സലും ഹോം ഡെലിവറിയുംമാത്രം.

ഇളവുകൾ

●     വിവാഹം, മരണാനന്തരച്ചടങ്ങ്‌, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദർശിക്കൽ, രോഗിയെ ഒരു സ്ഥലത്തുനിന്ന്     മറ്റൊരിടത്തേക്ക്‌ കൊണ്ടുപോകൽ എന്നിവയ്‌ക്ക്‌ യാത്ര  ചെയ്യുന്നവർ  പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും     ഉൾപ്പെടുത്തി തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം.
●     മരണാനന്തരച്ചടങ്ങുകൾ, വിവാഹം എന്നിവയ്ക്ക് കാർമികത്വം  വഹിക്കേണ്ട പുരോഹിതർക്ക് ജില്ല വിട്ട് യാത്ര അനുവദിക്കും.     സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്,  ക്ഷണക്കത്ത് എന്നിവ കരുതണം.
●     രോഗികളുടെ കൂട്ടിരുപ്പുകാർക്ക്‌ ആശുപത്രികളിലേക്കും വീടുകളിലേക്കും ആശുപത്രി രേഖകൾ കാണിച്ച്‌ യാത്ര ചെയ്യാം.
●    നേരിട്ടുള്ള സിറ്റിങ്ങുണ്ടെങ്കിൽ അഭിഭാഷകർക്കും  ക്ലർക്കുമാർക്കും യാത്ര ചെയ്യാം.
●    അവശ്യ ഭക്ഷ്യവസ്‌തുക്കൾ, മെഡിക്കൽ ഉൽപ്പന്നങ്ങൾ, കയറ്റുമതി ഉൽപ്പന്നങ്ങൾ എന്നിവയുടെ പാക്കിങ്ങുമായി  ബന്ധപ്പെട്ട യൂണിറ്റുകൾക്ക്‌ പ്രവർത്തിക്കാം.
●     പെട്രോനെറ്റ്‌, എൽഎൻജി, വിസ കോൺസുലർ  സേവനങ്ങൾ,  ഏജൻസികൾ, റീജണൽ പാസ്‌പോർട്ട്‌  ഓഫീസുകൾ, കസ്റ്റംസ്‌     സർവീസ്‌, ഇഎസ്‌ഐ സേവനം  എന്നിവ ഉണ്ടാകും.
●     മോട്ടോർ ഗതാഗത വകുപ്പ്‌, വനിതാ ശിശു വികസന വകുപ്പ്‌,  ഡെയ്റി  വികസന വകുപ്പ്‌, നോർക്ക എന്നിവയ്‌‌ക്ക്‌ പ്രവർത്തിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top