മലപ്പുറം > കരുവാരക്കുണ്ട് പഞ്ചായത്തിൽ മതം പറഞ്ഞ് മുസ്ലിംലീഗിന്റെ വോട്ടു പിടുത്തം. 13–-ാം വാർഡ് കക്കറയിൽ സിപിഐ എം സ്ഥാനാർഥി ടി പി അറമുഖന് ഹിന്ദുവായതിനാൽ വോട്ട് ചെയ്യരുതെന്നാണ് ലീഗ് പ്രചാരണം. വീടുകളിൽ കയറി വർഗീയ പ്രചാരണം നടത്തിയ പ്രാദേശിക ലീഗുകാരനെ എൽഡിഎഫ് പ്രവർത്തകർ കൈയ്യോടെ പിടികൂടിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയാണ്. വാർഡിലെ ജുമാ മസ്ജിദിന് സ്ഥലം നൽകിയതിന് അറമുഖനാണെന്ന വാർത്തയും പുറത്തുവന്നതോടെ ലീഗ് പ്രതിരോധത്തിലായി.
കോൺഗ്രസും ലീഗും വെവ്വേറെ മത്സരിക്കുന്ന പഞ്ചായത്താണ് കരുവാരക്കുണ്ട്. എന്നാൽ, 13–-ാം വാർഡിൽ ലീഗ് സ്വതന്ത്രനാണ് മത്സരിക്കുന്നത്. കോൺഗ്രസിന്റെ പിന്തുണയുമുണ്ട്. 2000ൽ അറമുഖൻ ഈ വാർഡിൽ നിന്നും മുന്നൂറിലേറെ വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥിക്ക് 372 വോട്ടിന്റെ ഭൂരിപക്ഷം. രണ്ടാം അങ്കത്തിനിറങ്ങുന്ന അറമുഖനെ വീഴ്ത്താനാണ് ലീഗ് വർഗീയ കാർഡിറക്കിയത്.
അറമുഖനാണ് പത്ത് വർഷം മുമ്പ് കക്കറ ജുമാമസ്ജിദിന് സ്ഥലം നൽകിയത്. 1954ൽ അറമുഖൻ സ്ഥലം വാങ്ങുമ്പോൾ സമീപം നിസ്കാരപ്പള്ളിയുണ്ടായിരുന്നു. ഇത് പൊളിച്ചു പണിയാനാണ് പള്ളിക്കമ്മറ്റി ഭാരവാഹികൾ സ്ഥലം ആവശ്യപ്പെട്ടത്. 14,000 രൂപയ്ക്ക് സ്ഥലം വിട്ടു നൽകി. ഇപ്പോൾ ഇവിടെ മനോഹരമായ ജുമാമസ്ജിദ് ഉണ്ട്. മതസൗഹാർദം നിലനിൽക്കുന്ന മണ്ണിൽ മതവിദ്വഷം കലർത്താനുള്ള ലീഗ് നീക്കത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..