19 April Friday

പ്രായം തോന്നുകയേ ഇല്ല; ഏത‌് ക്ലാസിലാ...

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018


‘‘ആമിന ചന്തയിൽനിന്ന‌് 50 രൂപയ‌്ക്ക‌് മത്തിയും 100 രൂപയ‌്ക്ക‌് അയലയും വാങ്ങി. ആകെ എത്ര രൂപയായി’’ ഞങ്ങളോടോ ടീച്ചറേ ഈ നിസ്സാര ചോദ്യം എന്ന ഭാവമായിരുന്നു തൊണ്ണൂറ്റെട്ടുകാരൻ ദാസയ്യന്റെയും എൺപത്തെട്ടുകാരി പ്രസീലിന്റെയും മുഖത്ത‌്. അടുത്ത ചോദ്യം പോരട്ടെയെന്ന‌് ക്ലാസിലെ 80 വയസ്സ‌് പിന്നിട്ട മറ്റു ‘കുസൃതിക്കുടുക്ക’കൾ.  ഒാരോ ചോദ്യത്തിനും ശരിയുത്തരം പറഞ്ഞ‌് അഭിനന്ദനം ഏറ്റുവാങ്ങുമ്പോൾ പരീക്ഷ നന്നായി എഴുതാമെന്ന ആത്മവിശ്വാസമായി പ്രായത്തെ തോൽപ്പിച്ച‌് ക്ലാസ‌്മുറിയിൽ എത്തിയ 76 പേർക്കും.

മനസ്സുകൊണ്ട‌് ‘ന്യൂജെനാ’ണ‌് പൂവാറിലെ സാക്ഷരത മിഷൻ പഠിതാക്കൾ. സംസ്ഥാനത്ത‌് ഏറ്റവും കൂടുതൽ മുതിർന്ന പഠിതാക്കളുള്ള ക്ലാസ‌് ഇവിടെയാണ‌്. 60 മുതൽ 98 വയസ്സുവരെയുള്ളവരാണ‌് പഠിതാക്കൾ. വൻ ഉത്സാഹത്തിലാണ‌് ‘കുട്ടികൾ’ ക്ലാസിലെത്തുന്നത‌്. ഇടവേളകളിൽ നാടൻപാട്ടും കളികളുമായി ഉത്സവമാക്കും. ശാരീരിക ബുദ്ധിമുട്ടുകൾക്ക‌് ‘അവധി’ നൽകി ബുധനാഴ‌്ചകളിൽ എല്ലാവരും  എരിക്കൽവിള സെന്റ‌് ആന്റണീസ‌് കമ്യൂണിറ്റി ഹാളിൽ ഹാജരാകും. വിദ്യാഭ്യാസം ലഭിക്കാത്തവർ മുതൽ പാതിവഴിയിൽ പഠനം മുടങ്ങിയവർവരെ കൂട്ടത്തിലുണ്ട‌്. ജീവിതപ്രയാസങ്ങളും സാഹചര്യങ്ങളുമാണ‌് മത്സ്യത്തൊഴിലാളികളടക്കമുള്ള ഇവർക്ക‌് അറിവിന്റെ ലോകം അന്യമാക്കിയത‌്.

പഠിക്കണമെന്ന ആഗ്രഹം മുന്നോട്ടുവച്ചതും ഇവരാണ‌്. സാക്ഷരത മിഷൻ സഹായവുമായെത്തി. അക്ഷരസാന്ത്വനം പദ്ധതിയുടെ ഭാഗമായി  ക്ലാസ‌് ആരംഭിച്ചു. മിഷന്റെ കണക്കുകൂട്ടൽ തെറ്റിക്കുന്നതായി പങ്കാളിത്തവും  മികവും. ഒപ്പിടാനോ വായിക്കാനോ എഴുതാനോ അറിയാതിരുന്ന പല പഠിതാക്കളും ക്ലാസ‌് മുന്നേറിയതോടെ മിടുക്കരായി.
‘‘തുടർന്നു പഠിക്കണം, പറ്റിയാൽ പ്ലസ‌്ടുവരെ’’‌ സംസ്ഥാനത്തെതന്നെ ഏറ്റവും മുതിർന്ന പഠിതാവായ ദാസയ്യൻ. ‘‘ഞങ്ങളും പഠിക്കും’’ എന്നു കൂട്ടുകാരും ഒപ്പം പറയുമ്പോൾ അറിവിന്റെ ലോകത്ത‌് ഇനിയും മുന്നേറാനുള്ള ആവേശം. സുനിതയാണ‌് ഇൻസ‌്ട്രക്ടർ. ബ്ലോക്ക‌് കോ‐ ഓർഡിനേറ്റർ സുജയും ജില്ലാ മിഷൻ കോ‐ ഓർഡിനേറ്റർ പ്രശാന്തും സഹായവുമായുണ്ട‌്.അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായി ആഗസ‌്ത‌് അഞ്ചിന‌് നടക്കുന്ന പരീക്ഷയ‌്ക്കുള്ള തയ്യാറെടുപ്പിലാണ‌്  പഠിതാക്കളുടെ സംഘം. സംസ്ഥാനത്ത് മൊത്തം 40,363 പേർ പരീക്ഷ എഴുതും. തിരുവനന്തപുരത്താണ‌് ഏറ്റവും കൂടുതൽപേർ‐ 9074. കുറവ് കോട്ടയം ജില്ലയിൽ‐ 711. വായന, എഴുത്ത്, കണക്ക് എന്നിങ്ങനെ മൂന്ന് വിഭാഗം ആസ്പദമാക്കി 100 മാർക്കിനാണ് പരീക്ഷ. വിജയിക്കാൻ 30 മാർക്ക‌് വേണം. 2010 തുടർവിദ്യാകേന്ദ്രങ്ങളിലായാണ് പരീക്ഷ.

പ്രധാന വാർത്തകൾ
 Top