17 January Sunday
ഒരുവര്‍ഷം പിന്നിട്ട് അലക്കുകുഴി നിവാസികളുടെ പുനരധിവാസം

'അതൊക്കെ മറന്നേക്കൂ; ഞങ്ങള്‍ക്കിപ്പോ അടിപൊളി ലൈഫ്'

എം അനില്‍Updated: Wednesday Nov 25, 2020

കൊല്ലം > ഉച്ചഭക്ഷണം കഴിഞ്ഞ് വെയിലിന്റെ ചൂടില്‍ നിന്നൊഴിവാകാന്‍ കുട്ടികളും മുതിര്‍ന്നവരും പാപ്പമ്മാളിന്റെ വീടിന്റെ ഉമ്മറപ്പടിയില്‍ ഇരിക്കുന്നു. മൂന്നുനാല് കുട്ടികള്‍ മുറ്റത്തും വഴിയിലുമായി സൈക്കിളില്‍ ഓടിപ്പായുന്നുണ്ട്. പാപ്പമ്മാള്‍, അമ്പിളി, രമണ, പ്രീതി, കുട്ടികളായ ആദിത്യന്‍, അഭിഷേക് എന്നിവരെല്ലാം കളിയും ചിരിയുമായി പുതിയ ജീവിതം ആസ്വദിക്കുകയാണ്.

ഒരുവര്‍ഷം മുമ്പുവരെ ഇതായിരുന്നില്ല ഇവരുടെ ജീവിതം. മഴ പെയ്താല്‍ മുട്ടോളം വെള്ളം കയറും. കൂട്ടിമുട്ടുന്ന ഓലയും ഷീറ്റും മേഞ്ഞ വീടുകള്‍. അഴുക്കും ചെളിയും മൂത്രവുമെല്ലാം കൂടിക്കലര്‍ന്ന ദുര്‍ഗന്ധം. ഇതിനു നടുവില്‍ ജീവിതവും വീര്‍പ്പുമുട്ടിക്കിടന്നു. ഇവരിപ്പോള്‍ ആ കാലം ഓര്‍ക്കാനേ ഇഷ്ടപ്പെടുന്നില്ല.

കൊല്ലം റെയില്‍വെ സ്റ്റേഷന് സമീപത്തെ അലക്കുകുഴി (ഫയല്‍ചിത്രം)

കൊല്ലം റെയില്‍വെ സ്റ്റേഷന് സമീപത്തെ അലക്കുകുഴി (ഫയല്‍ചിത്രം)കൊല്ലം റെയില്‍വേ അലക്കുകുഴി നിവാസികളായ 20 കുടുംബങ്ങളെയാണ് കോര്‍പറേഷന്‍ ഭൂമിയും വീടും നല്‍കി മുണ്ടയ്ക്കലിലെ കാക്കത്തോപ്പ് കനകക്കുന്ന് ഭാഗത്ത് പുനരധിവസിപ്പിച്ചത്. ഇന്ന് എല്ലാവരുടെയും മുഖത്ത് സന്തോഷം അലതല്ലുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷമാണ് ഇവരുടെ മുഖത്ത്  കളിയും ചിരിയും വിടരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും കോര്‍പറേഷന്റെയും ഇച്ഛാശക്തിയുടെ ഫലമായാണ് അലക്കുകുഴിക്കാര്‍ക്ക് സുരക്ഷിത ജീവിതം ഒരുക്കാനായത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23നാണ് ഇവര്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ മന്ത്രി എ സി മൊയ്തീന്‍ കൈമാറിയത്.

കനകക്കുന്നിലെ പാപ്പമ്മാളുടെ വീട്ടില്‍ ഒത്തുകൂടിയവര്‍. ഫോട്ടോ: ആര്‍ സഞ്ജീവ്‌

കനകക്കുന്നിലെ പാപ്പമ്മാളുടെ വീട്ടില്‍ ഒത്തുകൂടിയവര്‍. ഫോട്ടോ: ആര്‍ സഞ്ജീവ്‌'ഞാന്‍ ചെന്നൈയില്‍നിന്ന് കൊല്ലത്തുവന്നിട്ട് 36 വര്‍ഷമായി. ആദ്യമായാണ് മൂന്നാല് മൂട് കപ്പ വീടിനോടുചേര്‍ന്ന് വച്ചുപിടിപ്പിക്കുന്നത്. ഉള്ളസ്ഥലത്ത്  കൃഷിയും ചെടിയുമൊക്കെയുണ്ട്'-- രമണയുടെ വാക്കുകളില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. 'ഞങ്ങള്‍ക്ക് നല്ല സൗകര്യമാണ് കിട്ടിയത്. ഒരു വീട് കിട്ടുന്നത് ചെറിയകാര്യമല്ലല്ലോ'--അമ്പിളിയുടെ വാക്കുകള്‍. കളിക്കാനും ഓടിച്ചാടാനും സൗകര്യം കിട്ടിയതിന്റെ സന്തോഷം കുട്ടികളും മറച്ചുവച്ചില്ല.
പുതുജീവിതം കൊണ്ടുതന്ന ഈ സര്‍ക്കാരിനെയും കോര്‍പറേഷനെയും ഞങ്ങള്‍ മറക്കില്ലെന്നും അവര്‍ പറഞ്ഞു. ഇവിടെ കുടിവെള്ളത്തിന് ക്ഷാമമില്ല. തുണി അലക്കാന്‍ വെള്ളം വേണ്ടത്ര കിട്ടുന്നില്ല. അതിന് കുഴല്‍ക്കിണര്‍ സ്ഥാപിക്കാന്‍ നടപടിയായിട്ടുണ്ട്. തെരുവു വിളക്കുകള്‍ക്കായി  തൂണ് സ്ഥാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top