26 May Sunday

ലൈഫ് മിഷന്‍:രണ്ടാംഘട്ടത്തിലും എറണാകുളം മുന്നില്‍; പൂർത്തിയാക്കിയത‌് ആയിരത്തിലധികം വീടുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

കൊച്ചി> കേരള സര്‍ക്കാരിന്റെ നവകേരള മിഷന്റെ കീഴിലുള്ള ഭവനരഹിതര്‍ക്കുള്ള പാര്‍പ്പിട നിര്‍മാണ  പദ്ധതിയായ ലൈഫ് മിഷനിലൂടെ 2018-19ല്‍ എറണാകുളം ജില്ലയില്‍ പൂര്‍ത്തിയാക്കിയത് ആയിരത്തിലധികം വീടുകള്‍. ഇതോടെ പദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍  എറണാകുളം ജില്ല രണ്ടാംഘട്ടത്തിലും മുന്നിലെത്തി. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്കാണ് ധനസഹായം നല്കുന്നത്.

പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍,  വിവിധ കേന്ദ്രാവിഷ്‌കൃത- സംസ്ഥാന പദ്ധതികള്‍ക്കു കീഴില്‍ ആരംഭിച്ച് പൂര്‍ത്തിയാക്കാത്ത വീടുകളുടെ പണി പൂര്‍ത്തിയാക്കുന്നതിനായിരുന്നു മുന്‍ഗണന. ഈ ഘട്ടത്തിലും ജില്ല തന്നെയായിരുന്നു മുന്നില്‍. രണ്ടാംഘട്ടത്തില്‍ ജില്ലയിലെ ആയിരത്തിഒന്നാമത് വീടിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി 17ന് വൈകീട്ട് 4.30-ന് ചേന്ദമംഗലം പാലിയം ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും.

2018-19 വര്‍ഷത്തെ രണ്ടാം ഘട്ടത്തില്‍ 5696 പേരെയാണ് അന്തിമഘട്ടത്തില്‍ അര്‍ഹതപ്പെട്ടവരായി കണ്ടെത്തിയത്. ഇതില്‍ 5454 ഗുണഭോക്താക്കള്‍ക്ക് മുന്‍കൂര്‍ തുക നല്‍കി. 1002 ഗുണഭോക്താക്കള്‍ പാര്‍പ്പിട നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോള്‍ 1300 പേര്‍ മേല്‍ക്കൂര നിര്‍മാണ ഘട്ടം വരെയെത്തി. 106.6 കോടി രൂപയാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്.

നാലു ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പൂര്‍ത്തിയാകാത്ത 1068 വീടുകളില്‍ 1055 എണ്ണമാണ് ഒന്നാം ഘട്ടത്തില്‍ ലൈഫ് മിഷനിലൂടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒന്നാംഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ 92.12% വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോള്‍ എറണാകുളം ജില്ലയില്‍ മാത്രമായി 98.87% ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. 24.5 കോടിരൂപയാണ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്. കോര്‍പറേറ്റുകളുടെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ട് വഴിയും പൊതുജന സംഭാവന വഴിയും ഒരുകോടിയിലധികം രൂപയാണ് ഗുണഭോക്താക്കള്‍ക്ക്  കൈമാറിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top